
കാബൂൾ: വർഷങ്ങളായി കാബൂളിൽ ഒളിച്ചു കഴിയുകയായിരുന്ന ആഗോള ഭീകരൻ അയ്മൻ അൽ സവാഹിരിയെ അമേരിക്ക വധിച്ചത് മാസങ്ങൾ നീണ്ട ആസൂത്രണത്തിലൂടെ. സവാഹിരിക്ക് ഒപ്പമുണ്ടായിരുന്നവരുടെ മരണം ഒഴിവാക്കി ഭീകരന്റെ മാത്രം തലയറുത്തു മാറ്റാൻ ഉപയോഗിച്ചത് ഹെൽഫയർ ആർ 9 എക്സ് എന്ന ബ്ലേഡ് മിസൈൽ ആണ്.
അയ്മൻ അൽ സവാഹിരി എവിടെയെന്ന് ലോകത്തിന് അറിയില്ലായിരുന്നു. പക്ഷെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ അത് കഴിഞ്ഞ വർഷം തന്നെ അറിഞ്ഞിരുന്നു. ഒരാളും കാണുന്നില്ലെന്ന് സവാഹിരി ഉറച്ചു വിശ്വസിച്ച കാബൂളിലെ രഹസ്യ താവളത്തിനു മേൽ മാസങ്ങളായി സിഐഎയുടെ നിരീക്ഷണം ഉണ്ടായിരുന്നു. ജൂലൈ ഒന്നിന് വൈറ്റ്ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും സിഐഎ മേധാവി വില്യം ബെൻസും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം സവാഹിരിയെ വധിക്കാനുള്ള അന്തിമ പദ്ധതി തയാറാക്കി. ഹെൽഫയർ ആർ 9 എക്സ് എന്ന മിസൈൽ ഉപയോഗിക്കാൻ തീരുമാനമായി. കെട്ടിടം തകർക്കാതെ, കൂട്ടമരണം ഇല്ലാതെ സവാഹിരിയുടെ മാത്രം ജീവനെടുക്കാൻ ഈ മിസൈൽ ആകും ഉചിതമെന്ന വിദഗ്ധ അഭിപ്രായം സ്വീകരിക്കപ്പെട്ടു.
ആളുകളെ തെരഞ്ഞുപിടിച്ചു കൊല്ലാൻ, മുൻപ് പത്തു തവണയെങ്കിലും അമേരിക്ക ഈ മിസൈൽ ഉപയോഗിച്ചിട്ടുണ്ട്. 2017 ൽ അൽ ഖായിദയുടെ ഉന്നത നേതാവായ അഹമ്മദ് ഹസൻ അബു ഖയ്ർ അൽ മസ്രിയെ ആർ9എക്സ് ഉപയോഗിച്ച് വധിച്ച അനുഭവം സി ഐ എയ്ക്ക് ഉണ്ടായിരുന്നുതാനും. അഞ്ച് അടി നീളവും 47 കിലോ ഭാരവുമുള്ള മിസൈൽ സവാഹിരിക്ക് നേരെ പാഞ്ഞത് ജൂലൈ 31 പുലർച്ചെ. രഹസ്യ താവളത്തിന്റെ ബാൽക്കണിയിൽ നിന്ന് സവാഹിരിക്ക് എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻപോലും സമയം കിട്ടിയിരിക്കില്ല.
Read more: അൽ ഖ്വയ്ദ തലവൻ അയ്‍മൻ അൽ സവാഹിരിയുടെ വധം; സ്വാഗതം ചെയ്‍ത് സൗദി അറേബ്യ
സെക്കന്റിന്റെ ഇടവേളയിൽ രണ്ടു മിസൈലുകൾ സവാഹിരിയെന്ന കൊടും ഭീകരന്റെ ശിരസ് അരിഞ്ഞു വീഴ്ത്തി. പ്രെഡിറ്റർ ഡ്രോണിൽ നിന്ന് തൊടുത്ത മിസൈൽ പൊട്ടിത്തെറിയോ മറ്റു നാശനഷ്ടങ്ങളോ ഇല്ലാതെ അതിന്റെ മൂർച്ചയുള്ള ബ്ലേഡുകൾകൊണ്ടാണ് സവാഹിരിയെ അരിഞ്ഞു വീഴ്ത്തിയത്. അത് എങ്ങനെയെന്ന് ഇനിയും മനസ്സിലായില്ലെങ്കിൽ ഈ ചിത്രങ്ങൾ കാണുക.
Read more:അല്‍ സവാഹിരി; ആറ് മാസത്തെ ആസൂത്രണം, ബാല്‍ക്കണിയില്‍ വിശ്രമിക്കവേ ഡ്രോണ്‍ ആക്രമണം
വർഷങ്ങൾക്കുമുൻപ് സിറിയയിൽ രണ്ടു പേരെ കൊല്ലാൻ അമേരിക്ക തൊടുത്ത ഹെൽഫയർ ആർ 9 എക്സ് മിസൈലിന്റെ ബ്ലേഡുകൾ എങ്ങനെയാണു പ്രവർത്തിച്ചത് എന്ന് നോക്കുക. കാറിന്റെ മുകൾഭാഗം മുറിച്ചു കടന്ന മിസൈൽ ബ്ലേഡുകൾ ഉള്ളിൽ ഉണ്ടായിരുന്ന രണ്ടു പേരെയും വകവരുത്തി. ഈ കൃത്യത കൊണ്ടുതന്നെ ഹെൽഫയർ ആർ 9 എക്സ് മിസൈലിന്റെ മറ്റൊരു വിളിപ്പേരു കൂടിയുണ്ട്, ഗിൻസു. എത്ര വെട്ടിയാലും മൂർച്ച പോകാത്ത ജാപ്പനീസ് കത്തിയുടെ പേര്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam