അല്‍ സവാഹിരി; ആറ് മാസത്തെ ആസൂത്രണം, ബാല്‍ക്കണിയില്‍ വിശ്രമിക്കവേ ഡ്രോണ്‍ ആക്രമണം
അമേരിക്കന്‍ പേടി സ്വപ്നമായ 9/11 അക്രമണം നടന്ന് 20 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതിനിടെ 9/11 ആസൂത്രണത്തിന്‍റെ പ്രധാനിയും അല്‍ ഖ്വയ്ദാ തീവ്രവാദി സംഘത്തിന്‍റെ തലവനുമായിരുന്ന ഓസാമ ബിന്‍ ലാദനെ പാകിസ്ഥാനിലെ രഹസ്യ താവളത്തില്‍ വച്ച് അമേരിക്കന്‍ സംഘം കൊലപ്പെടുത്തി. അഫ്ഗാനിസ്ഥാനെ താലിബാന്‍ ഭരണത്തില്‍ നിന്നും മോചിപ്പിച്ചെങ്കിലും അഫ്ഗാനിസ്ഥാനില്‍ സുസ്ഥിര ഭരണം കൊണ്ടുവരുന്നതില്‍ അമേരിക്ക പരാജയപ്പെട്ടു. ഒടുവില്‍ താലിബാനുമായി ഉണ്ടാക്കിയ പ്രത്യേക ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും 2021 ഓക്ടോബര്‍ മാസം പൂര്‍ണ്ണമായും പിന്‍വാങ്ങി. പിന്നാലെ അഫ്ഗാന്‍റെ ഭരണം താലിബാന്‍ വീണ്ടും കൈയാളി. എന്നാല്‍, ഈ നീണ്ട 20 വര്‍ഷത്തിനിടെ നിരവധി തവണ അല്‍ ഖ്വയ്ദാ തലവനായ അയ്മാൻ അല്‍ സവാഹിരി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നു. ഓരോ കൊലപാതക വാര്‍ത്തയ്ക്ക് പിന്നാലെയും അല്‍ സവാഹിരി വീഡിയോകളില്‍ പ്രത്യേക്ഷപ്പെട്ട് അമേരിക്കയ്ക്കെതിരെ സംസാരിച്ചു കൊണ്ടേയിരുന്നു. ചില സമയങ്ങളില്‍ അയാള്‍ തീര്‍ത്തും അപ്രത്യക്ഷനുമായി. ചുരക്കം പറഞ്ഞാല്‍ കഴിഞ്ഞ 20 വര്‍ഷമായി സവാഹിരി എവിടെയാണെന്നതിന് കൃത്യമായ വിവരങ്ങള്‍ ഇല്ലായിരുന്നുവെന്ന് തന്നെ പറയാം. അതിനിടെയാണ് കഴിഞ്ഞ ഞായറാഴ്ച അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ അപ്പാര്‍ട്ട്മെന്‍റില്‍ നടത്തിയ ഡ്രോണ്‍ അക്രമണത്തില്‍ അല്‍ സവാഹിരി കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ തന്നെ സമ്മതിക്കുന്നത്. ആറ് മാസം അതിനായി അമേരിക്കന്‍ സൈന്യം തയ്യാറെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസാമ ബിന്‍ ലാദന്‍റെ കാലത്ത് തന്നെ അല്‍ ഖ്വയ്ദയുടെ രണ്ടാം തലവനായി അറിയപ്പെട്ടിരുന്ന വ്യക്തിയാണ് അയ്മാന്‍ അല്‍ സവാഹിരി. ഒസാമ ബിൻ ലാദന്‍റെ നമ്പർ-ടു എന്ന് യുഎസ് ഉദ്യോഗസ്ഥർ ലേബൽ ചെയ്ത, 71-കാരനായ അൽ-സവാഹിരി, സെപ്തംബർ 11-ലെ ഭീകരാക്രമണത്തിന്‍റെ പ്രധാന ആസൂത്രകനായി കരുതുന്നു. 2011-ൽ ബിൻ ലാദന്‍റെ മരണത്തെത്തുടർന്ന് കുപ്രസിദ്ധമായ തീവ്രവാദ ഗ്രൂപ്പിന്‍റെ തലവനായി അയാള്‍ ചുമതലയേറ്റു.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രാവിലെ 6:18 ന് നടത്തിയ ആളില്ലാ ഡ്രോണ്‍ അക്രമണത്തില്‍ ആ കുപ്രസിദ്ധ തീവ്രവാദി തലവന്‍ അൽ-സവാഹിരി കൊല്ലപ്പെട്ടു. പുലർച്ചെ നടന്ന ആക്രമണത്തിൽ, കാബൂളിലെ തന്‍റെ സുരക്ഷിതമായ വീടിന്‍റെ ബാൽക്കണിയിൽ നിൽക്കുമ്പോൾ, സിഐഎ അയച്ച ഡ്രോണുകളിൽ നിന്ന് തൊടുത്ത രണ്ട് ഹെൽഫയർ മിസൈലുകളാൽ അൽ-സവാഹിരി കൊല്ലപ്പെട്ടുവെന്ന് യുഎസ് സൈനിക വൃത്തങ്ങളാണ് ആദ്യം അറിയിച്ചത്.
ഈജിപ്ഷ്യൻ വംശജനായ ജിഹാദിയാണ് അയ്മാൻ അല്‍ സവാഹിരി. ആറ് മാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് അയ്മാന്‍ അല്‍ സവാഹിരിയെ കണ്ടെത്തി വധിക്കാന്‍ കഴിഞ്ഞതെന്ന് യുഎസ് സേനാവൃത്തങ്ങള്‍ പറഞ്ഞു. 2011 മെയ് 2 ന് യു.എസ് നേവി സീൽസ് പാകിസ്ഥാനിൽ വെച്ച് ബിൻ ലാദൻ കൊല്ലപ്പെട്ടുത്തിയിട്ട് 11 വർഷത്തിലേറെയായി. എന്നാല്‍ 9/11 ന്‍റെ പ്രധാന സൂത്രധാരനെ വേട്ടയാടുന്നതിന് ഒരു ദശാബ്ദത്തോളം വേണ്ടിവന്നു.
ആയിരക്കണക്കിന് അമേരിക്കക്കാരുടെ മരണത്തിനിടയാക്കിയ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലോകമെങ്ങും നടന്ന നിരവധി ആക്രമണങ്ങൾക്ക് പിന്നിലെ സൂത്രധാരനായിരുന്ന ബിൻ ലാദന്‍റെ ഡെപ്യൂട്ടിയായി അറിയപ്പെട്ടിരുന്ന അൽ-സവാഹിരിയെ സിഐഎ ഡ്രോൺ ആക്രമണം കൊന്നതായി പ്രസിഡന്‍റ് ജോ ബൈഡൻ തിങ്കളാഴ്ച വൈകുന്നേരമാണ് സ്ഥിരീകരിച്ചത്. തീവ്രവാദ നേതാക്കൾ എവിടെ ഒളിച്ചാലും എത്രകാലം ഒളിച്ചാലും അവരെ പിന്തുടരാനുള്ള യുഎസിന്‍റെ ദൃഢനിശ്ചയത്തെയാണ് ഈ സംഭവം പ്രകടമാക്കുന്നതെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ഭീകരാക്രമണ ലക്ഷ്യത്തെ കൊന്നൊടുക്കിയെന്നാണ് ജോ ബൈഡന്‍ വാര്‍ത്ത സ്ഥിരീകരിക്കവേ പറഞ്ഞത്. 'ഇപ്പോൾ, നീതി ലഭിച്ചിരിക്കുന്നു, ഈ തീവ്രവാദി നേതാവ് ഇന്നില്ല,' അദ്ദേഹം പറഞ്ഞു. 'ഇന്ന് രാത്രി ഞങ്ങൾ വീണ്ടും വ്യക്തമാക്കി, എത്ര സമയമെടുത്താലും, നിങ്ങൾ എവിടെ ഒളിച്ചാലും, നിങ്ങൾ ഞങ്ങളുടെ ആളുകൾക്ക് ഭീഷണിയാണെങ്കിൽ, അമേരിക്ക നിങ്ങളെ കണ്ടെത്തി പുറത്താക്കും.' അദ്ദേഹം പറഞ്ഞു.
71 കാരനായ അൽ-സവാഹിരി, ഈ വാരാന്ത്യത്തിൽ കാബൂൾ ഡൗണ്ടൗണിലെ ഷെര്‍പൂരിലെ സമ്പന്നമായ ഒരു സമ്പന്ന പ്രദേശത്ത് തന്‍റെ സുരക്ഷിതമായ താമസസ്ഥലത്തെ ബാൽക്കണിയിൽ നിൽക്കുമ്പോഴാണ് സിഐഎയുടെ നിയന്ത്രണത്തിലുള്ള ഡ്രോണുകളിൽ നിന്ന് വിക്ഷേപിച്ച രണ്ട് ഹെൽഫയർ 'നിഞ്ച' മിസൈലുകൾ അല്‍ സവാഹരിയെ ലക്ഷ്യമാക്കി നീങ്ങിയത്. അദ്ദേഹത്തിന്‍റെ ഭാര്യയും മകളും പേരക്കുട്ടികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നെങ്കിലും അവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് അമേരിക്കൻ അധികൃതർ പറഞ്ഞു.
താലിബാന്‍റെ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ ഉന്നത സഹായിയുടെ ഉടമസ്ഥതയിലുള്ളതാണ് അല്‍ സവാഹിരി താമസിച്ചിരുന്ന വീട്. 9/11 ആക്രമണത്തിന് പുറമേ, 1998-ൽ കെനിയയിലെയും ടാൻസാനിയയിലെയും യുഎസ് എംബസികൾക്കെതിരായ ആക്രമണത്തിനും 2000-ൽ യു.എസ്.എസ് കോളിലെ ബോംബാക്രമണത്തിനും പിന്നിൽ പ്രവര്‍ത്തിച്ചിരുന്നത് അല്‍ സവാഹിരിയുടെ ബുദ്ധയായിരുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
'അമേരിക്കൻ പൗരന്മാർ, അമേരിക്കൻ സേവന അംഗങ്ങൾ, അമേരിക്കൻ നയതന്ത്രജ്ഞർ, അമേരിക്കൻ താൽപ്പര്യങ്ങൾ എന്നിങ്ങനെ അമേരിക്ക സംബന്ധിച്ചതെല്ലാം തന്‍റെ ശത്രു പക്ഷത്താണെന്ന് പ്രഖ്യാപിച്ചയാളാണ് അല്‍ സവാഹിരിയെന്ന് ബൈഡൻ ആരോപിച്ചു. 'അമേരിക്കയെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ലോകമെമ്പാടുമുള്ളവർക്ക്, ഇപ്പോൾ ഞാൻ പറയുന്നത് കേൾക്കൂ. ഞങ്ങൾ എപ്പോഴും ജാഗരൂകരായി തുടരും, ഞങ്ങൾ പ്രവർത്തിക്കും, വീട്ടിലും ലോകമെമ്പാടുമുള്ള അമേരിക്കക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായത് ഞങ്ങൾ എപ്പോഴും ചെയ്യും.' ബൈഡന്‍ ആവര്‍ത്തിച്ചു.
2011-ൽ ഒസാമ ബിൻ ലാദനെ വധിച്ചതിന് ശേഷം അൽ ഖ്വയ്ദയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ആക്രമണമായിരുന്നു ഇത്. ബിൻ ലാദന്‍റെ മരണത്തോടെയാണ് അയ്മാന്‍ അൽ-സവാഹിരി തീവ്രവാദ ഗ്രൂപ്പിന്‍റെ തലവനായി സ്വയം പ്രഖ്യാപിക്കുന്നത്. എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് തീവ്രവാദികളുടെ പട്ടികയിൽ അൽ-സവാഹിരിയുടെ പേര് എന്നും ഉണ്ടായിരുന്നു, അദ്ദേഹത്തെ നേരിട്ട് വിവരങ്ങൾ നൽകുന്നവർക്ക് 25 മില്യൺ ഡോളർ പാരിതോഷികമാണ് അമേരിക്ക പ്രഖ്യാപിച്ചിരുന്നത്.
1951-ൽ കെയ്‌റോയിലെ ഒരു മദ്ധ്യവര്‍ഗ്ഗ കുടുംബത്തിൽ ജനിച്ച ഒരു ഈജിപ്ഷ്യൻ പൗരനായിരുന്നു അയ്മാന്‍ അൽ-സവാഹിരി. 1988-ൽ ബിൻ ലാദൻ അല്‍ ഖ്വയ്ദ എന്ന ഭീകരസംഘം രൂപീകരിച്ചതിന് തൊട്ടുപിന്നാലെ 90-കളിൽ അല്‍ സവാഹിരി അമേരിക്കയുടെ നോട്ടപുള്ളിയായി മാറി. 1980 കളുടെ അവസാനത്തിൽ അഫ്ഗാനില്‍ ശക്തമായിരുന്ന സോവിയറ്റ് ബോംബാക്രമണങ്ങളിൽ നിന്ന് അൽ-സവാഹിരി, സൗദി കോടീശ്വരനായ ഓസാമ ബിന്‍ ലാദനെ സംരക്ഷിച്ചിരുന്നു. 1998-ൽ അദ്ദേഹത്തെ ബിൻ ലാദന്‍റെ ഡെപ്യൂട്ടി ആയി ഉയര്‍ത്തി.
Joe Baiden
ബിന്‍ ലാദനും അല്‍ സവാഹിരിയുടെ ഒന്നിച്ചതോടെ അല്‍ ഖ്വയ്ദ ശക്തി പ്രാപിക്കാന്‍ തുടങ്ങി. തന്‍റെ പ്രംഗത്തിലൂടെ നിരവധി മുസ്ലിം യുവാക്കളെ അല്‍ സവാഹിരി തങ്ങളുടെ തീവ്രവാദി സംഘത്തിലേക്ക് ചേര്‍ത്തു. 1998 ഓഗസ്റ്റ് 7-ന് ടാൻസാനിയയിലെയും കെനിയയിലെയും യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസികൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ അന്ന് 47 വയസ്സുള്ള അൽ-സവാഹിരിയുടെ പേരും ഉയര്‍ന്നു കേട്ടു. ഓഗസ്റ്റ് 7-ലെ ആക്രമണത്തിൽ ഡാർ എസ് സലാമിലെയും നെയ്‌റോബിയിലെയും എംബസികൾക്ക് മുന്നിൽ ഒരേസമയം ബോംബുകൾ പൊട്ടിത്തെറിക്കുകയും 12 അമേരിക്കക്കാർ ഉൾപ്പെടെ 224 പേർ കൊല്ലപ്പെടുകയും 4,500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
1981-ൽ പ്രസിഡന്‍റ് അൻവർ സാദത്തിനെ ഇസ്‌ലാമിക മതമൗലികവാദികൾ വധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഈജിപ്ഷ്യൻ ജയിലിൽ നിരവധി ചെറുപ്പക്കാര്‍ നിരന്തര പീഢനത്തിന് ഇരകളാക്കപ്പെട്ടു. ഇതിലൊരാളായിരുന്നു അല്‍ സവാഹിരി. ഈ പീഡനകാലമാണ് അല്‍ സവാഹിരിയെ ലോകം കണ്ട ഏറ്റവും വലിയ തീവ്രവാദികളില്‍ ഒരാളാക്കിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ അല്‍ സവാഹിരി തന്‍റെ സ്വന്തം ഗ്രൂപ്പിനെ ഈജിപ്ഷ്യൻ ഇസ്‌ലാമിക് ജിഹാദുമായി ലയിപ്പിച്ച് ശക്തിപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ അഫ്ഗാനിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. അതിനിടെ സ്വന്തമായി ചാവേര്‍ ഗ്രൂപ്പുകളെ സംഘടിപ്പിക്കുകയും ഫണ്ടും പദ്ധതികളും ആവിഷ്ക്കരിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ഒസാമ ബിന്‍ ലാദനുമായി സംഖ്യത്തിലാകുന്നതും 9/11 ആക്രമണത്തിന് പദ്ധതി തയ്യാറാക്കുകയും വിജയം നേടുകയും ചെയ്യുന്നത്. ഇതോടെ അല്‍ സവാഹിരി അമേരിക്കയുടെ മോസ്റ്റ് വാന്‍ഡേഡ് ലിസ്റ്റില്‍ ഒന്നാമതെത്തി. എന്നാല്‍ അല്‍ സവാഹിരിയെ കണ്ടെത്തുന്നതില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ടു. പലപ്പോഴും സിറിയയിലും അഫ്ഗാനിസ്ഥാനിലും നടത്തിയ അക്രമണങ്ങളില്‍ ഇയാള്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നു. എന്നാല്‍ ഓരോ കൊലപാതക വാര്‍ത്തയ്ക്ക് പിന്നാലെയും അല്‍ സവാഹിരിയുടെ വീഡിയോകള്‍ പ്രത്യേക്ഷപ്പെട്ടുകൊണ്ടിരുന്നത് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരുന്നു.
ഒടുവില്‍ പാകിസ്ഥാനിലെ അബോട്ടാബാദിലെ ഒരു വീടുവളപ്പില്‍ വച്ചാണ് യുഎസ് സേന ബിന്‍ ലാദനെ കൊലപ്പെടുത്തിയത്. തൊട്ട് പിന്നാലെ തീവ്രവാദ സംഘത്തിന്‍റെ തലവനായി അല്‍ സവാഹിരി സ്വയം പ്രഖ്യാപിച്ചു. 2020-ൽ സവാഹിരി അസുഖം മൂലം മരിച്ചുവെന്നായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാല്‍, 2021 ല്‍ സെപ്റ്റംബർ 11 ആക്രമണത്തിന്‍റെ 20-ാം വാർഷികത്തിൽ, അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യം പിൻവാങ്ങിയതിന്‍റെ ആഘോഷ വേളയിലെ ഒരു വീഡിയോയിൽ അൽ-സവാഹിരി പ്രത്യക്ഷപ്പെട്ടു. പല തവണ സവാഹിരി കൊല്ലപ്പെട്ടതായി കിംവദന്തികള്‍ പ്രചരിപ്പിക്കപ്പെട്ടു.
ഒടുവില്‍ കഴിഞ്ഞ ഏപ്രിലില്‍ അല്‍ സവാഹിരിയുടെ ഭാര്യയും മകളും കുട്ടികളും കാബൂളിലേക്ക് ഒരു അൽ-ഖ്വയ്ദ സേഫ് ഹൗസിൽ താമസം മാറിയെന്ന് അമേരിക്കന്‍ ഇന്‍റലിജന്‍സിന് വ്യക്തമായ സൂചന ലഭിച്ചു. തുടര്‍ന്ന് ഈ വീട് കേന്ദ്രീകരിച്ച് ഏറെ നാള്‍ നടത്തിയ അന്വേഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ ഡ്രോണ്‍ ആക്രമണം. അൽ-സവാഹിരിയും അതേ വീട്ടിലുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ സേന സ്ഥിരീകരിച്ചു. തുടര്‍ന്ന് ആ ബഹുനില മന്ദിരത്തിന്‍റെ മാതൃക ഉണ്ടാക്കി. സവാഹിരിയുടെ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു.
അങ്ങനെയാണ് അല്‍ സവാഹിരിയുടെ ബാല്‍ക്കണിയിലെ ഇരിപ്പിനെ കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൃത്യമായ ധാരണ ലഭിക്കുന്നതും. തുടര്‍ന്ന് തീവ്രവാദി നേതാവിന്‍റെ 'ജീവിതത്തിന്‍റെ ഒരു മാതൃക' തന്നെ യുഎസ് സംഘം സൃഷ്ടിച്ചു. കാബൂള്‍ പോലെ തിരക്കുള്ള നഗരത്തില്‍ മറ്റൊരു ജീവന് പോലും പോറലേല്‍ക്കാതെ അയ്മന്‍ അല്‍ സവാഹിരി എന്ന് താലിബാന്‍ നേതാവിനെ മാത്രമായി വധിക്കാന്‍ യുഎസ് സേന പദ്ധതി തയ്യാറാക്കുകയും അത് വിജയകരമായി നടപ്പാക്കുകയും ചെയ്തു.
വീട്ടിനുള്ളിലെ എല്ലാവരുടെയും ഐഡന്‍റിറ്റി കൃത്യമായി പരിശോധിക്കാന്‍ 20 വര്‍ഷത്തെ അഫ്ഗാന്‍ അധിനിവേശം യുഎസ് സേനയെ ഏറെ സഹായിച്ചു. ഒടുവില്‍ ഓപ്പറേഷന്‍ നടക്കുന്നതിന് തൊട്ട് മുമ്പും തങ്ങളടെ ഇരയെ ഉറപ്പിക്കാനും റോക്ക് സോളിഡ്' ഉറപ്പ് വരുത്തിയെന്നും യുഎസ് സേനാവൃത്തങ്ങള്‍ പറയുന്നു. ഒടുവില്‍ ലക്ഷ്യ സ്ഥാനത്തേക്ക് യുഎസ് ഡ്രോണ്‍ പറന്നുയരുമ്പോള്‍, അമേരിക്കന്‍ സേന തയ്യാറാക്കിയ പദ്ധതി പോലെ അല്‍ സവാഹിരി ബാല്‍ക്കണിയില്‍ വിശ്രമിക്കുകയായിരുന്നെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡ്രോൺ ആക്രമണത്തിൽ അൽ-സവാഹിരിയെ കൊലപ്പെടുത്തിയതിന് അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ യുഎസിനെ അപലപിച്ചു, 'ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു, ഇത് അന്താരാഷ്ട്ര തത്വങ്ങളുടെയും ദോഹ കരാറിന്‍റെയും വ്യക്തമായ ലംഘനമാണ്. താലിബാന്‍ വക്താവ് അറിയിച്ചു. യുഎസ് സേനയുടെ നടപടി താലിബാനുമായുള്ള 2020 ലെ യുഎസ് ഉടമ്പടി പിന്‍വലിക്കലിലേക്ക് നയിക്കുമെന്നും താലിബാന്‍ വക്താവ് അറിയിച്ചു. എന്നാല്‍, അല്‍ ഖ്വയ്ദയ്ക്ക് രാജ്യത്ത് ഇടം നല്‍കില്ലെന്ന് താലിബാന്‍റെ വാഗ്ദാനം താലിബാനും ലംഘിച്ചതായി യുഎസ് നേരത്തെ ആരോപിച്ചിരുന്നു.
അൽ ഖ്വയ്ദയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നത് തടയാൻ താലിബാൻ 'തങ്ങളുടെ പ്രതിബദ്ധത പാലിക്കുന്നതിൽ' പരാജയപ്പെട്ടുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തിരിച്ചടിച്ചു. 'താലിബാന്‍റെ പ്രതിബദ്ധതകൾ പാലിക്കാൻ തയ്യാറല്ലാത്തതോ അതോ അവരുടെ കഴിവില്ലായ്മയുടെയോ പശ്ചാത്തലത്തിൽ, ശക്തമായ മാനുഷിക സഹായത്തിലൂടെ അഫ്ഗാൻ ജനതയെ ഞങ്ങൾ തുടർന്നും പിന്തുണയ്ക്കുകയും അവരുടെ മനുഷ്യാവകാശങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും സംരക്ഷണത്തിനായി വാദിക്കുകയും ചെയ്യും,' എന്നും ബ്ലിങ്കൻ തിങ്കളാഴ്ച നടത്തിയ പ്രസ്ഥാവനയില്‍ പറഞ്ഞു.
Osama bin Laden and Ayman al Zawahiri
അൽ-സവാഹിരിയുടെ കൊലപാതകത്തെയും 'ഭീകര ഭീഷണികൾക്കെതിരെ പ്രവർത്തിക്കാനുള്ള യുഎസ് സൈന്യത്തിന്‍റെ പ്രതിജ്ഞാബദ്ധത'യെയും അദ്ദേഹം അഭിനന്ദിച്ചു. 'അഫ്ഗാനിസ്ഥാനിൽ നിന്ന് ഉയരുന്ന തീവ്രവാദ ഭീഷണികൾക്കെതിരെ പ്രവർത്തിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഞങ്ങൾ നിറവേറ്റിയിട്ടുണ്ട്. അൽ ഖ്വയ്ദ നേതാവ് അയ്മാൻ അൽ-സവാഹിരിയുടെ മരണത്തെത്തുടർന്ന് ലോകം സുരക്ഷിതമാണ്,' അദ്ദേഹം പറഞ്ഞു. 'നമ്മുടെ രാജ്യത്തെയും നമ്മുടെ ജനങ്ങളെയും അല്ലെങ്കിൽ നമ്മുടെ സഖ്യകക്ഷികളെയും ഭീഷണിപ്പെടുത്തുന്നവർക്കെതിരെ യുഎസ് തുടർന്നും പ്രവർത്തിക്കുമെന്നും ബ്ലിങ്കന്‍ ആവര്‍ത്തിച്ചു.