
ബെയ്റൂട്ട്: തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഞായറാഴ്ച ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിൽ നടന്ന വ്യോമാക്രമണത്തിൽ ആണ് ഹിസ്ബുള്ളയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥനെ വധിച്ചതെന്നാണ് ഇസ്രയേൽ വിശദമാക്കുന്നത്. ഒരു വർഷം മുൻപാണ് ലെബനോനും ഇസ്രയേലും യുഎസ് മധ്യസ്ഥത്തിൽ വെടിനിർത്തൽ ധാരണയിലെത്തിയിട്ടും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ലെബനീസ് തലസ്ഥാനത്ത് മാസങ്ങൾക്ക് ഉള്ളിൽ നടക്കുന്ന ആദ്യത്തെ ആക്രമണമാണ് ഇത്. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ളയുടെ ഉയർന്ന സൈനിക ഉദ്യോഗസ്ഥനായ ഹത്യാം അലി തബ്തായി ആണ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ വിശദമാക്കുന്നത്. ഹത്യാം അലി തബ്തായിയുടെ മരണം ഹിസ്ബുള്ള സ്ഥിരീകരിച്ചു.
അവസാന ശ്വാസം വരെ ഇസ്രയേലിനെ എതിർത്ത നേതാവെന്നും ഉന്നതനായ ജിഹാദിസ്റ്റ് നേതാവ് എന്നുമാണ് ഹത്യാം അലി തബ്തായിയെ ഹിസ്ബുള്ള വിശേഷിപ്പിച്ചത്. ഇസ്രയേൽ സകല അതിർത്തികളും ലംഘിച്ചതായാണ് ഹിസ്ബുള്ള വക്താവ് വിശദമാക്കിയത്. ഇസ്രയേൽ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും 28 പേർ പരിക്കേറ്റതായുമാണ് ലെബനോൻ ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്. ബഹുനില കെട്ടിടത്തിലാണ് ആക്രമണം ഉണ്ടായത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ റോഡിലേക്കും പാർക്ക് ചെയ്ത കാറിലേക്കും വീണാണ് നിരവധി പേർക്ക് പരിക്കേറ്റത്. 2016ൽ അമേരിക്ക ഹത്യാം അലി തബ്തായിക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. സുപ്രധാന ഹിസ്ബുള്ള നേതാവായി അമേരിക്ക സ്ഥിരീകരിക്കുകയും ഹത്യാം അലി തബ്തായിയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 5 മില്യൺ ഡോളർ വരെ പാരിതോഷികം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. 1968ൽ ലെബനോനിലാണ് ഹത്യാം അലി തബ്തായി ജനിച്ചത്. ഇറാൻ സ്വദേശിയാണ് ഹത്യാം അലി തബ്തായിയുടെ പിതാവ്. മാതാവ് ലെബനോൻ സ്വദേശിയാണ്.
ഹിസ്ബുള്ളയുടെ രണ്ടാം തലമുറ നേതാക്കന്മാരിൽ പ്രമുഖനായിരുന്നു ഹത്യാം അലി തബ്തായി. 1980കളിലാണ് ഹത്യാം അലി തബ്തായി ഹിസ്ബുള്ളയുടെ ഭാഗമായത്. റാഡ്വാൻ സേനയുടെ ഉയർന്ന പദവി അടക്കം ഹത്യാം അലി തബ്തായി വഹിച്ചിട്ടുണ്ട്. സിറിയ, യെമൻ എന്നിവിടങ്ങളിൽ യുദ്ധങ്ങളിലും ഹത്യാം അലി തബ്തായി ഭാഗമായിരുന്നു. പോരാട്ടമേഖലയിലെ പ്രാവീണ്യമാണ് ഹത്യാം അലി തബ്തായിയെ ഹിസ്ബുള്ളയുടെ സുപ്രധാന പദവിയിലേക്ക് എത്തിച്ചത്. മുൻപ് നിരവധി തവണ ഇസ്രയേൽ ഹത്യാം അലി തബ്തായിയെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഹത്യാം അലി തബ്തായി രക്ഷപ്പെടുകയായിരുന്നു. ഹിസ്ബുള്ളയുടെ മുൻ സൈനിക മേധാവിയെ ഇസ്രയേൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഹത്യാം അലി തബ്തായി ലെബനോനിലേക്ക് തിരിച്ചെത്തിയത്.
ഇസ്രയേൽ കടന്ന് കയറ്റം അവസാനിപ്പിക്കാൻ അന്താരാഷ്ട്രാ സമൂഹം ഇടപെടണമെന്നാണ് ലെബനീസ് പ്രസിഡന്റ് ജോസഫ് ഓൻ ആവശ്യപ്പെട്ടിരിക്കുന്നത്. ലിയോ 14ാമൻ മാർപ്പാപ്പ ലെബനോൻ സന്ദർശനത്തിന് എത്താൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് ഹത്യാം അലി തബ്തായി കൊല്ലപ്പെടുന്നത്. ഹിസ്ബുള്ള മേധാവി അടക്കം നിരവധി ഉന്നത നേതാക്കളെ ഇസ്രയേൽ ഇതിനോടകം കൊലപ്പെടുത്തിയിരുന്നു.