ചുമരിൽ പഴത്തിന് പകരം ടിയർ ​ഗ്യാസ് ഷെൽ; ഇത്തവണ വിൽക്കാനല്ല, സമാധാനത്തിന്

By Web TeamFirst Published Dec 13, 2019, 1:40 PM IST
Highlights

വാഴപ്പഴം ചുമരിൽ‌ ഒട്ടിച്ചതു പോലെ ടിയർ ​ഗ്യാസ് ഷെല്ലും ചുമരിൽ ഒട്ടിച്ച ചിത്രം ട്വിറ്ററിലൂടെയാണ് ഹോങ്കോങ്ക് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. 

ബാങ്കോങ്ക്: മിയാമി ബീച്ചിലെ ആര്‍ട്ട് ബേസിൽ നടന്ന പ്രദർശനത്തിൽ ചുമരിൽ ഒട്ടിച്ച വാഴപ്പഴം 1,20,000 ഡോളറിന് രൂപയ്ക്ക് വിറ്റുപോയത് വലിയ വാർത്തയായിരുന്നു. ഏകദേശം 85 ലക്ഷത്തിലധികം രൂപയ്ക്ക് മൂന്ന് പേർ ചേർന്ന് വാങ്ങിയ പഴം ന്യൂയോർക്കിലെ പ്രശസ്തനായ പ്രാങ്ക് അവതാരകൻ ഡേവിഡ് ഡാറ്റുന അനുവാദമില്ലാതെ ചുമരിൽനിന്ന് എടുത്ത് കഴിച്ചതും ലോകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ. ചുമരിൽ ടേപ്പ് ഉപയോ​ഗിച്ച് ഒട്ടിച്ച പഴത്തെ ഓർമ്മപ്പെടുത്തുംവിധം മറ്റൊരു കലാസൃഷ്ടി കൂടി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇത്തവണ പഴത്തിന് പകരം ടിയർ ​ഗ്യാസ് ഷെൽ ആണ് ടേപ്പ് ഉപയോ​ഗിച്ച് ചുമരിൽ ഒട്ടിച്ചിരിക്കുന്നത്.

ഹോങ്കോങ്ക് പൊലീസാണ് ഈ മനോഹരമായ കലാസൃഷ്ടിക്ക് പിന്നിൽ. വാഴപ്പഴം ചുമരിൽ‌ ഒട്ടിച്ചതു പോലെ ടിയർ ​ഗ്യാസ് ഷെല്ലും ചുമരിൽ ഒട്ടിച്ച ചിത്രം ട്വിറ്ററിലൂടെയാണ് ഹോങ്കോങ്ക് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. സമാധാനം നിലനിർത്തണമെന്ന സന്ദേശമാണ് ഇതിലൂടെ പൊലീസ് പങ്കുവയ്ക്കുന്നത്. ഹോങ്കോങ്കിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളിൽ കണ്ണീർവാതകം ഉപയോ​ഗിക്കേണ്ടിവരുന്ന സന്ദർഭത്തെക്കുറിച്ചും പൊലീസ്  വിശദീകരിക്കുന്നു.

Read More:ചുമരില്‍ ഒട്ടിച്ചുവച്ച വാഴപ്പഴത്തിന് 85 ലക്ഷം രൂപ, വിറ്റത് മണിക്കൂറിനുള്ളിൽ

“ഒരു പൊലീസ് ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം, കണ്ണീർ വാതകം ഉൾപ്പെടെയുള്ള ബലപ്രയോഗം എല്ലായ്‌പ്പോഴും അവസാന ആശ്രയമാണ്. പ്രതിഷേധക്കാർ അക്രമവുമായി എത്തുന്നില്ലെങ്കിൽ, ഹോങ്കോംഗ് സുരക്ഷിതമായിരിക്കും. ബലപ്രയോഗം നടത്തേണ്ട ആവശ്യവുമില്ല. അക്രമം വേണ്ട. കണ്ണീർ വാതക ഷെൽ എന്നെന്നേക്കുമായി ചുമരിൽ തന്നെ സൂക്ഷിക്കാവുന്നതുമാണ്”, ഹോങ്കോങ്ക് പൊലീസ് ട്വിറ്ററിൽ കുറിച്ചു.

For a Police officer, using force, including tear gas, is always the last resort. If rioters don’t use violence, Hong Kong will be safe and there’s no reason for us to use force.

Say NO to violence. Let’s leave the tear gas cartridge on the wall forever. pic.twitter.com/yCV6sSuYfV

— Hong Kong Police Force (@hkpoliceforce)

ഹോങ്കോങ്കിൽ കഴിഞ്ഞ ആറുമാസമായി നടന്നുവരുന്ന പ്രതിഷേധങ്ങളിൽ‌ ഇതുവരെ 16,000 കണ്ണീർവാതക ബുള്ളറ്റുകളാണ് ജനങ്ങൾക്ക് നേരെ പൊലീസ് പ്രയോ​ഗിച്ചത്. ജനകീയ സമരങ്ങളിൽ പങ്കെടുത്ത ആറായിരത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിനും സർക്കാർ കെട്ടിടത്തിനും നേരെ നടത്തിയ ആക്രമങ്ങളെ തുടർന്നായിരുന്നു പ്രതിഷേധക്കാർക്കെതിരെ കണ്ണിർ വാതകം പ്രയോ​ഗിച്ചതും അവരെ അറസ്റ്റ് ചെയ്ത് നീക്കിയതെന്നുമാണ് പൊലീസിന്റെ ഭാഷ്യം.

Read More: 85 ലക്ഷം രൂപയ്ക്ക് വിറ്റ വാഴപ്പഴം ഒറ്റയടിക്ക് അകത്താക്കി പ്രാങ്ക് അവതാരകൻ

പൊലീസ് നടപടിയിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും ഹോങ്കോങ്കിൽ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ, ജനങ്ങളുടെ ആവശ്യങ്ങൾ അം​ഗീകരിക്കാൻ ഹോങ്കോംഗ് നേതാവ് കാരി ലാം വിസമ്മതിച്ചിരുന്നു. പൊലീസ് നടപടിയിൽ അന്വേഷണം നടത്താം, പക്ഷെ അറസ്റ്റ് ചെയ്തവർക്കെതിരായുള്ള ക്രിമിനൽ കേസുകൾ ഉപേക്ഷിക്കാനാകില്ലെന്നും കാരി ലാം പറഞ്ഞു.

click me!