വാഷിങ്ടൺ: ചിത്രപ്രദർശനത്തിനിടെ ചുമരിൽ ഒട്ടിച്ചുവച്ച വാഴപ്പഴം 1,20,000 ഡോളറിന് വിറ്റുപോയെന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. മിയാമി ബീച്ചിലെ ആര്‍ട്ട് ബേസിൽ ശനിയാഴ്ച നടന്ന പ്രദർശനത്തിലാണ് ടേപ്പ് കൊണ്ട് ചുമരിൽ ഒട്ടിച്ചിരിക്കുന്ന വാഴപ്പഴം ഇൻസ്റ്റലേഷൻ ഏകദേശം 85 ലക്ഷത്തിലധികം രൂപയ്ക്ക് വിറ്റുപോയത്. മൂന്ന് പേർ ചേർന്നാണ് വാഴപ്പഴം ഇൻസ്റ്റലേഷൻ വാങ്ങിച്ചത്. പ്രദർശനത്തിന് വേണ്ടി മാത്രം എന്ന നിബന്ധനയോടുകൂടിയായിരുന്നു പഴം ആസ്വാദകർക്ക് വിറ്റത്. എന്നാൽ, ആ നിബന്ധന തെറ്റിച്ച് ചുമരിൽ നിന്ന് പഴം എടുത്ത് കഴിച്ചിരിക്കുകയാണ് ന്യൂയോർക്കിലെ പ്രശസ്തനായ പ്രാങ്ക് അവതാരകൻ ഡേവിഡ് ഡാറ്റുന.

ചിത്ര പ്രദർശനത്തിന്റെ രണ്ടാമത്തെ ദിവസമാണ് സംഭവം. മിലൻ, ഇറ്റാലിയൻ ആർട്ടിസ്റ്റായ മൗരീസിയോ കാറ്റെലന്‍ ആണ് വാഴപ്പഴത്തിന്റെ ഇന്‍സ്റ്റലേഷൻ തയ്യാറാക്കിയിരിക്കുന്നത്. 'കൊമേഡിയൻ' എന്ന പേരിൽ മൂന്ന് എ‍ഡിഷനുകളിലായാണ് മൗരീസിയോ കാറ്റെലന്‍ തന്റെ ആർട്ട് വർക്കുകൾ പ്രദർശിപ്പിച്ചത്. യഥാർത്ഥ വാഴപ്പഴം ഉപയോ​ഗിച്ചാണ് ആർട്ട് വർക്ക് തയ്യാറാക്കിയിരിക്കുന്നത്. പെറോട്ടിന്‍ ഗ്യാലറിയിൽ പ്രദർശിപ്പിച്ച കൊമേഡിയന്‍റെ ഇന്‍സ്റ്റലേഷന്റെ മൂന്ന് എഡിഷനുകളിൽ രണ്ടെണ്ണമാണ് ഇതുവരെ വിറ്റുപോയത്.

Read More:ചുമരില്‍ ഒട്ടിച്ചുവച്ച വാഴപ്പഴത്തിന് 85 ലക്ഷം രൂപ, വിറ്റത് മണിക്കൂറിനുള്ളിൽ

വാഴപ്പഴത്തിന്റെ ഇൻസ്റ്റലേഷൻ വാങ്ങിയ ആളുകൾ രാവിലെ തന്നെ ​ഗ്യാലറിയിൽ എത്തുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഉച്ചയോടുകൂടിയാണ് ഡേവിഡ് ഡാറ്റുന പെറോട്ടിന്‍ ഗ്യാലറിയിൽ എത്തിയത്. തുടർന്ന് വാഴപ്പഴം ഇൻസ്റ്റലേഷൻ പ്രദർശിപ്പിച്ച ഹാളിലേക്ക് പോകുകയും ചുമരിൽനിന്ന് ടേപ്പ് മാറ്റി വാഴപ്പഴമെടുത്ത് കഴിക്കുകയുമായിരുന്നു.

വാഴപ്പഴം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ഡാറ്റുന തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. 'വിശക്കുന്ന കലാകാരൻ, ഇതെന്റെ കലാ പ്രകടനം. മൗരീസിയോ കാറ്റെലന്‍റെ ആർട്ട് വർക്കുകൾ എനിക്ക് വളരെ ഇഷ്ടമാണ്. ഈ ഇൻ്‍സ്റ്റലേഷനും എനിക്ക് വളരെയധികം ഇഷ്ടമായി. ഇത് വളരെ രുചിയുള്ളതാണ്', ഡേവിഡ് ഡാറ്റുന ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ കുറിച്ചു. ‌ഗ്യാലറിയിൽ നിന്ന് പുറത്തേക്കിറങ്ങുന്ന ഡാറ്റുനയ്ക്ക് എസ്കോർട്ട് പോകുന്നവരുടെ വീഡിയോയും ആരാധകർ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ഡാറ്റുനയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കില്ലെന്ന് പെറോട്ടിന്‍ ഗ്യാലറി വക്താവ് അറിയിച്ചു. ഇതെല്ലാം നല്ല മനോഭാമാണെന്നും അതിനാൽ പെറോട്ടിൻ നിയമപരമായി മുന്നോട്ട് പോകില്ലെന്നും ഗ്യാലറി വക്താവ് വ്യക്തമാക്കി. അതേസമയം, ഇൻസ്റ്റലേഷനിലെ വാഴപ്പഴത്തിന്റെ സ്ഥാനത്ത് ​ഗ്യാലറി അധികൃതർ മറ്റൊരു പഴം സ്ഥാപിച്ചിട്ടുണ്ട്. ആർട്ട് വർ‌ക്കിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും പഴം എന്നതൊരു ആശയം മാത്രമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഡാറ്റുനയുടെ പ്രവൃത്തിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്. ഒരു ആർട്ട് വർക്കിനെയും ഇത്തരത്തിൽ നശിപ്പിക്കരുതെന്നാണ് ഡാറ്റുനയ്ക്കെതിരെ ഉയരുന്ന പ്രധാന വിമർശനം. സംഭവത്തിൽ ഡാറ്റുനയോ കാറ്റെലനോ പ്രതികരിച്ചിട്ടില്ല.