കൊവിഡ് ഭീതിയില്‍ മൃഗശാലയില്‍ ആളൊഴിഞ്ഞു; പത്തുവര്‍ഷത്തിനിടെ ആദ്യമായി സ്വകാര്യ നിമഷങ്ങളുമായി ഈ ഭീമന്‍ പാണ്ടകള്‍

By Web TeamFirst Published Apr 9, 2020, 11:09 PM IST
Highlights

2007മുതല്‍ ഓഷ്യന്‍ പാര്‍ക്കിലെ അന്തേവാസികളാണ് ഇവര്‍. നേരത്തെ പല തവണ ഇവരെ അടുപ്പത്തിലാക്കാനും ഇണ ചേര്‍ക്കാനും മൃഗശാല അധികൃതര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശകരുടെ ബാഹുല്യത്തില്‍ പാണ്ടകള്‍ വൈമനസ്യം കാണിക്കുകയായിരുന്നു. 

ഹോങ്കോങ്: കൊവിഡ് 19 മൂലം തിരക്കൊഴിഞ്ഞതോടെ പത്തുവര്‍ഷത്തിനിടയില്‍ ആദ്യമായി സ്വകാര്യ നിമിഷങ്ങള്‍ ആസ്വദിച്ച് മൃഗശാലയിലെ രണ്ട് ഭീമന്‍ പാണ്ടകള്‍. ഹോങ്കോങ്ങിലെ ഓഷ്യന്‍ പാര്‍ക്കിലെ യിങ് യിങ്, ലെലെ എന്നീ ഭീമന്‍ പാണ്ടകളാണ് പത്തുവര്‍ഷത്തിനിടയില്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

2007മുതല്‍ ഓഷ്യന്‍ പാര്‍ക്കിലെ അന്തേവാസികളാണ് ഇവര്‍. നേരത്തെ പല തവണ ഇവരെ അടുപ്പത്തിലാക്കാനും ഇണ ചേര്‍ക്കാനും മൃഗശാല അധികൃതര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശകരുടെ ബാഹുല്യത്തില്‍ പാണ്ടകള്‍ വൈമനസ്യം കാണിക്കുകയായിരുന്നു. എന്നാല്‍ കൊവിഡ് 19 വ്യാപനം മൂലം മൃഗശാല അടച്ചതോടെയാണ് പാണ്ടകള്‍ സ്വകാര്യ നിമിഷങ്ങളിലേക്ക് കടന്നത്. 

സാധാരണ രീതിയിലെ പ്രജനനം സാധിക്കാതെ വന്നപ്പോള്‍ കൃത്രിമ രീതിയില്‍ പ്രത്യുല്‍പാദനത്തിന് മൃഗശാല അധികൃതര്‍ ശ്രമിച്ചത് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ മൃഗശാലയിലേക്ക് കുഞ്ഞന്‍ പാണ്ടകളെത്തുമെന്ന കണക്കുകൂട്ടലിലാണ് മൃഗശാല അധികൃതരുള്ളത്. ജനുവരി 26 മുതലാണ് മൃഗശാല അടച്ചത്. പതിനാലുവയസാണ് യിങ് യിങിനും ലെലെക്കുമുള്ളത്. രണ്ട് മാസത്തോളം മറ്റ് ശല്യങ്ങളൊന്നുമില്ലാതെ വന്നതോടെയാണ് ഇരുവരം അടുത്തതെന്ന് മൃഗശാല സൂക്ഷിപ്പികാര്‍ പറയുന്നത്. ഗര്‍ഭധാരണത്തിന് കൃത്രിമ മാര്‍ഗങ്ങളേക്കാള്‍ സാധ്യതയാണ് സാധാരണ പ്രജനനം കൊണ്ടുള്ളതെന്നാണ് മൃഗശാലയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ബോസ് പ്രതികരിക്കുന്നത്. ലെലെ ഗര്‍ഭിണിയാണോയെന്ന് ജൂണ്‍ അവസാന വാരത്തോടെ അറിയാമെന്ന നിഗമനത്തിലാണ് അധികൃതര്‍.  കൊവിഡ്19 ഭീഷണിയൊഴിയുമ്പോഴേക്കും ഹോങ്കോങ്ങുകാര്‍ക്കുള്ള സന്തോഷവാര്‍ത്തയാവും ലെലെ നല്‍കുകയെന്നാണ് മൈക്കല്‍ ബോസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. 

എണ്ണത്തില്‍ വളരെക്കുറവുള്ള ഭീമന്‍ പാണ്ടകളുടെ വംശവര്‍ധനവ് അവയുടെ സംരക്ഷണത്തില്‍ നിര്‍ണായകമെന്നാണ് ഗവേഷകര്‍ പറയുന്നത്. കൂട്ടിലടക്കപ്പെട്ട നിലയില്‍ ഇണചേരാന്‍ വൈമനസ്യം കാണിക്കുന്ന ജീവികളാണ് പാണ്ടകളെന്ന് നിരവധി ജന്തുശാസ്ത്രജ്ഞര്‍ പ്രതികരിച്ചിട്ടുണ്ട്. ഏതായാലും ഭീമന്‍ പാണ്ടകളുടെ ഇണചേരല്‍ മൃഗശാലയിലേക്ക് പുതിയ അതിഥികളെ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് മൃഗശാല അധികൃതരുള്ളത്. 

click me!