
ലാഹോർ: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്ഥാനിൽ ഹൈ ഒക്ടേൻ ഇന്ധനത്തിന്റെ വില കുത്തനെ കൂട്ടി. ഒരു ലിറ്ററിന് 100 പാകിസ്ഥാനി രൂപയുണ്ടായിരുന്ന ഇന്ധനത്തിന്റെ വില ഒറ്റയടിക്ക് 200 രൂപ വർദ്ധിച്ച് 300 പാകിസ്ഥാനി രൂപയായി. 200 ശതമാനത്തിന്റെ വർദ്ധനവാണ് ഇന്ധനവിലയിലുണ്ടായത്. ആഡംബര കാറുകളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വില കുത്തനെ കൂട്ടാനുള്ള തീരുമാനത്തിന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അംഗീകാരം നൽകി. ഷെഹ്ബാസ് ഷെരീഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. അതേസമയം ഈ വിലവർധന പൊതുഗതാഗത ടിക്കറ്റ് നിരക്കുകളെയോ വിമാനയാത്രാ ചെലവുകളെയോ ബാധിക്കില്ലെന്നാണ് പാകിസ്ഥാൻ സർക്കാർ വിശദമാക്കുന്നത്.
നിയമമന്ത്രി അസം നസീർ തരാർ, ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, ഇൻഫർമേഷൻ മന്ത്രി അത്താവുല്ല തരാർ, പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.നേരത്തെ മാർച്ച് 6നും സർക്കാർ പെട്രോൾ, ഡീസൽ വില ലിറ്ററിന് 55 രൂപ വീതം വർധിപ്പിച്ചിരുന്നു. അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് ആഗോള എണ്ണവില ഉയർന്നതാണ് ഇതിന് കാരണമായി സർക്കാർ പറഞ്ഞത്. ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ, ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് എന്നിവർക്കൊപ്പമാണ് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് അന്ന് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ വില അനുസരിച്ച് പെട്രോളിന് ലിറ്ററിന് 321.17 രൂപയാകും. പഴയ വില 266.17 രൂപയായിരുന്നു. ഡീസൽ വില 280.86 രൂപയിൽ നിന്ന് 335.86 രൂപയായും ഉയരും.
നേരത്തെ മാർച്ച് 10ന് വിമാന ഇന്ധന വില വർധിച്ചതിനെ തുടർന്ന് പാകിസ്താനി എയർലൈനുകൾ ടിക്കറ്റ് നിരക്കുകൾ കൂട്ടിയിരുന്നു. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് ആഭ്യന്തര വിമാന ടിക്കറ്റുകളിൽ 2800 രൂപ മുതൽ 5000 രൂപ വരെയാണ് വർധനയുണ്ടായത്. കറാച്ചിയിൽ നിന്ന് ലാഹോർ, ഇസ്ലാമാബാദ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾക്ക് ഈ വർധന ബാധകമാണ്. അന്താരാഷ്ട്ര ടിക്കറ്റുകളിൽ ഇതിലും വലിയ വർധനവാണുണ്ടായത്. 10000 രൂപ മുതൽ 28000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് കൂടിയത്. ഗൾഫ്, മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റുകൾക്ക് പ്രത്യേകമായി 15000 രൂപയുടെ വർധനവുണ്ടായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam