
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ താത്കാലികാശ്വാസമായി 5 ദിവസം 'നിയന്ത്രിത' വെടിനിർത്തൽ പ്രഖ്യാപിച്ച് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താത്കാലിക വെടിനിർത്തൽ ട്രംപ് പ്രഖ്യാപിച്ചത്. 5 ദിവസത്തേക്ക് ഇറാനിലെ ഊർജ്ജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് ട്രംപ് ഉറപ്പ് നൽകി. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇറാനുമായി തുടരുന്ന ആഴത്തിലുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ, ഇറാന്റെ പവർ പ്ലാന്റുകൾക്കും ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്കും എതിരായ എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവെച്ചതായി സേനകൾക്ക് നിർദ്ദേശം നൽകിയെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. നിലവിലെ ചർച്ചകളുടെ വിജയത്തെ ആശ്രയിച്ചിരിക്കും തുടർന്നുള്ള നീക്കങ്ങളെന്നും ട്രംപ് കുറിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിന് പൂർണ്ണവും സമഗ്രവുമായ പരിഹാരം കാണുകയാണ് ചർച്ചകളുടെ ലക്ഷ്യമെന്നും ട്രംപ് വിവരിച്ചു. വരാനിരിക്കുന്ന ദിവസങ്ങളിലും ചർച്ചകൾ തുടരുമെന്നും, സമാധാനപരമായ നീക്കങ്ങൾക്ക് അവസരം നൽകാനാണ് ഈ താൽക്കാലിക വെടിനിർത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകം മുഴുവൻ ഉറ്റുനോക്കുന്ന പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ വലിയ ആശ്വാസം നൽകുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam