
പാരീസ്: സംഗീത പരിപാടിക്കിടെ ഞെട്ടിപ്പിക്കുന്ന സംഭവം. കാണികൾക്ക് നേരെ സിറിഞ്ച് കൊണ്ട് ആക്രമണം. 145 പേർക്കാണ് സിറിഞ്ച് കൊണ്ട് കുത്തേറ്റത്. ഫ്രാൻസിലെ വൻ ജനപ്രീതിയുള്ള ഫെറ്റെ ഡി ലാ സംഗീത പരിപാടിക്കിടെയാണ് സംഭവം. 12 പേരെ അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
സിറിഞ്ചുകളിൽ എന്തായിരുന്നു എന്നത് ഇപ്പോൾ വ്യക്തമല്ല. കുത്തേറ്റവരിൽ പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർക്ക് പല തരത്തിലുള്ള പരിശോധനകൾ നടത്തുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ മൂന്ന് പേർക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. സിറിഞ്ച് ആക്രമണം നേരിട്ട 145 പേരിൽ കൗമാരക്കാരായ പെൺകുട്ടികളും ഉൾപ്പെടുന്നു.
വടക്കു കിഴക്കൻ ഫ്രാൻസിലെ മെറ്റ്സിൽ കഴിഞ്ഞ ദിവസം രാത്രി 9.15 നാണ് ആക്രമണം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് മേയർ ഫ്രാങ്കോയിസ് ഗ്രോസ്ഡിഡി പറഞ്ഞു. ഉടൻ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഒരാളെ പിടികൂടിയെന്നും മേയർ പറഞ്ഞു. അയാളുടെ മൊബൈൽ ഫോൺ പരിശോധിക്കുന്നതിലൂടെ മറ്റ് പ്രതികളെ തിരിച്ചറിയാൻ കഴിയും എന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. പിന്നാലെ കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ 11 പേരെ കൂടി അറസ്റ്റ് ചെയ്തു.
എന്തായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നോ സിറിഞ്ചിൽ എന്തായിരുന്നുവെന്നോ വ്യക്തമല്ല. ആളുകളെ ഭയപ്പെടുത്തുക മാത്രമായിരുന്നോ ഇവരുടെ ലക്ഷ്യമെന്നും അറിയില്ല. സംഭവം പ്രദേശത്താകെ അസ്വസ്ഥയ്ക്കും ഭീതിക്കും ഇടയാക്കി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.