
ന്യൂയോർക്ക്: കാട്ടുതീ പടരുന്നതിന് അനുയോജ്യമായ ദിവസങ്ങൾ ലോകത്ത് മൂന്നിരട്ടിയായെന്ന് പഠനം. കാട്ടുതീ പടരാൻ അനുയോജ്യമായ ചൂടുള്ളതും, വരണ്ടതും, കാറ്റുള്ളതുമായ കാലാവസ്ഥാ സാഹചര്യങ്ങൾ കഴിഞ്ഞ 45 വർഷത്തിനിടെ ഏറ്റവും കൂടിയെന്നാണ് പഠനം വിശദമാക്കുന്നത്. ആഗോള താപനത്തോടൊപ്പം മനുഷ്യന്റെ പ്രകൃതിയിലെ ഇടപെടലുമാണ് കാലാവസ്ഥാ സാഹചര്യം ഇത്ര മോശമായതെന്നാണ് സയൻസ് അഡ്വാൻസസ് മാസികയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വിശദമാക്കുന്നത്.
1979 മുതൽ ലോകമെമ്പാടും കാട്ടുതീ പടരാൻ സാധ്യതയുള്ള ദിവസങ്ങളുടെ എണ്ണം വലിയ തോതിൽ കൂടി. പ്രത്യേകിച്ച് അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ പ്രവണത വളരെ കൂടുതലാണ്. 2023, 2024 വർഷങ്ങളിൽ വർഷത്തിലെ 60 ദിവസങ്ങൾ കാട്ടുതീയ്ക്ക് അനുയോജ്യമായ സാഹചര്യമാണെന്നും പഠനം വിശദമാക്കുന്നു. ഈ വർധനവിന്റെ പകുതിയിലധികവും ഏകദേശം 50 ശതമാനത്തിന് മുകളിൽ മാനുഷിക ഇടപെടൽ കാരണമായുള്ള കാലാവസ്ഥാ വ്യതിയാനം മൂലമാണെന്ന് സയൻസ് അഡ്വാൻസസ് മാസികയിൽ പ്രസിദ്ധീകരിച്ച പഠനം വിശദമാക്കുന്നു.
ഇത്തരത്തിലുണ്ടാവുന്ന മാറ്റമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം കാട്ടുതീക്ക് അനുകൂലമായ കാലാവസ്ഥ ഉണ്ടാവുന്നതിന് കാരണമെന്നാണ് പഠനം വിശദമാക്കുന്നത്. ഇതിനെ സിൻക്രണസ് ഫയർ വെതർ എന്നാണ് വിശേഷിപ്പിക്കുന്നത്. 1979കളിൽ വർഷത്തിൽ ശരാശരി 22 ദിവസമായിരുന്നു ഇത്തരത്തിൽ ഉണ്ടായിരുന്നതെങ്കിൽ, 2023-24 കാലഘട്ടത്തിൽ ഇത് വർഷത്തിൽ 60 ദിവസത്തിലധികമായി വർധിച്ചു.
പലയിടത്തും ഒരേസമയം തീപിടുത്തം ഉണ്ടാകുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കും. അയൽരാജ്യങ്ങൾ സ്വന്തം നാട്ടിലെ തീ അണയ്ക്കുന്ന തിരക്കിലായതിനാൽ പരസ്പരം സഹായിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ഇത് വിഭവങ്ങളുടെ ദൗർലഭ്യത്തിന് കാരണമാകുമെന്നുമുള്ള മുന്നറിയിപ്പാണ് പഠനം നൽകുന്നത്. തീപിടുത്തത്തിന് ആവശ്യമായ ചൂട്, കാറ്റ്, വായുവിലെയും മണ്ണിലെയും വരൾച്ച എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയത്. ലോകം ചൂടുപിടിക്കുന്തോറും കാട്ടുതീ പടരാനുള്ള സാധ്യതകളും അതിന്റെ തീവ്രതയും വർധിച്ചുകൊണ്ടിരിക്കുകയാണ്. അന്തരീക്ഷത്തിലേക്ക് വലിയ രീതിയിൽ എത്തുന്ന ഹരിതഗൃഹ വാതകങ്ങളാണ് ഈ അപകടകരമായ മാറ്റത്തിന് പിന്നിലെ പ്രധാന ശക്തിയെന്നും ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam