
ദില്ലി: ചെങ്കോട്ട കാർ സ്ഫോടനം പാകിസ്ഥാനിലെ പ്രമുഖ ദിനപ്പത്രങ്ങളും ടെലിവിഷൻ ചാനലുകളും വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിൽ ഒമ്പത് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഭീകരവിരുദ്ധ നിയമപ്രകാരമാണ് സ്ഫോടനം അന്വേഷിക്കുന്നതെന്ന് പാകിസ്ഥാനിലെ പ്രമുഖ ദിനപത്രങ്ങളായ ഡോൺ, ജിയോ ന്യൂസ്, ദി എക്സ്പ്രസ് ട്രിബ്യൂൺ, ദി ന്യൂസ് ഇൻ്റർനാഷണൽ, പാകിസ്ഥാൻ ടുഡേ എന്നിവ റിപ്പോർട്ട് ചെയ്തു.
ദി ഡോൺ
'ഭീകരവിരുദ്ധ നിയമപ്രകാരം കാർ സ്ഫോടനം അന്വേഷിക്കുന്നുവെന്ന് ഡൽഹി പൊലീസ്' എന്ന തലക്കെട്ടിലാണ് ഡോൺ വാർത്ത നൽകിയത്. ഒരു ദശാബ്ദത്തിന് ശേഷം നഗരത്തിലുണ്ടായ ആദ്യ സ്ഫോടനമാണിതെന്നും, ഫോറൻസിക് വിദഗ്ധർ തെളിവുകൾ പരിശോധിക്കുന്നതായും പത്രം റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുമായി സ്ഥിതിഗതികൾ വിലയിരുത്തിയെന്നും ഡോൺ റിപ്പോർട്ടിൽ പറയുന്നു.
ജിയോ ന്യൂസ്
'ഡൽഹി കാർ സ്ഫോടനം ഭീകരവിരുദ്ധ നിയമപ്രകാരം അന്വേഷിക്കുന്നു' എന്ന സമാന തലക്കെട്ടാണ് ജിയോ ന്യൂസും നൽകിയത്.
ദി എക്സ്പ്രസ് ട്രിബ്യൂൺ
അതേസമയം, 'ദുരൂഹമായ കാർ സ്ഫോടനം' എന്നായിരുന്നു ദി എക്സ്പ്രസ് ട്രിബ്യൂൺ വിശേഷിപ്പിച്ചത് മുംബൈ, ഉത്തർപ്രദേശ് തുടങ്ങിയ പ്രധാന നഗരങ്ങളിലും ഗതാഗത കേന്ദ്രങ്ങളിലും ഇന്ത്യ അതീവ ജാഗ്രത പ്രഖ്യാപിച്ചതായും റിപ്പോർട്ട് ചെയ്തു.
ദി ന്യൂസ് ഇൻ്റർനാഷണൽ
'ഡൽഹി കാർ സ്ഫോടനം ഭീകരവിരുദ്ധ നിയമപ്രകാരം അന്വേഷണം' എന്ന തലക്കെട്ടോടെ ദി ന്യൂസ് ഇൻ്റർനാഷണൽ പത്രം
റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ ഇത്തരം സ്ഫോടനങ്ങൾ അപൂർവ്വമാണെന്നും രാജ്യത്ത് ജാഗ്രത വർദ്ധിപ്പിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
പാകിസ്ഥാൻ ടുഡേ
'ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം: എട്ട് മരണം, 20 പേർക്ക് പരിക്ക്' എന്ന തലക്കെട്ടോടെയാണ് പാകിസ്ഥാൻ ടുഡേ വാർത്ത പ്രസിദ്ധീകരിച്ചത്. സ്ഫോടനത്തെ തുടർന്ന് സമീപത്തെ നിരവധി വാഹനങ്ങൾക്ക് തീപിടിച്ചതായി ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൽച്ചയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. കാറിൻ്റെ മുൻ ഉടമയായ സൽമാൻ അറസ്റ്റിലായ വിവരവും പത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം 6:52-നാണ് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം ഹ്യുണ്ടായ് i20 കാർ പൊട്ടിത്തെറിച്ചത്. പ്രാഥമിക ഫോറൻസിക്, ഇൻ്റലിജൻസ് കണ്ടെത്തലുകൾ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി (JeM) ബന്ധം സംശയിക്കുന്നതിനെ തുടർന്ന്, അന്വേഷണ ഉദ്യോഗസ്ഥർ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ (UAPA) വകുപ്പുകൾ ചുമത്തി. സ്ഫോടനം നടക്കുമ്പോൾ കാർ ഓടിച്ചിരുന്നത് ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ ഡോക്ടർ ഉമർ മുഹമ്മദ് ആണെന്നാണ് വിവരം. ടെലഗ്രാമിൽ സജീവമായ ഡോക്ടർമാരുടെ ഗ്രൂപ്പിലെ അംഗമായ ഉമറിന് ജെ.ഇ.എം. ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. കാര്‍ കൈവശം വെച്ച താരിഖ് എന്നയാളെയും അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടി. ഇയാളും പുൽവാമ സ്വദേശിയാണ്. ചെങ്കോട്ട സ്ഫോടനത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, ഡൽഹി പോലീസ് ഹരിയാനയിലെ ഫരീദാബാദിലുള്ള മുസമ്മിൽ ഷക്കീൽ എന്ന മറ്റൊരു കശ്മീരി ഡോക്ടറുടെ വാടക മുറികളിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തിരുന്നു.