നാല് അമേരിക്കന്‍ മിസൈലുകള്‍; കാസിം സൊലേമാനിയുടെ കൊലപാതകം ഒറ്റിക്കൊടുക്കലോ?

By Web TeamFirst Published Jan 3, 2020, 7:17 PM IST
Highlights

എന്നാല്‍ കാറുകള്‍ കാര്‍ഗോ എരിയയില്‍ പ്രവേശിച്ചയുടന്‍ കാറിനെ ആകാശ നീരിക്ഷണം നടത്തിയിരുന്ന അമേരിക്കയുടെ  എം.ക്യൂ 9 റീപ്പര്‍ ഡ്രോണുകള്‍ മിസൈലുകള്‍ തൊടുത്തു. 

ബാഗ്ദാദ്: 2019 ഡിസംബര്‍ 31രാത്രി പുതുവത്സരാഘോഷത്തിനിടെ ഇറാഖിനെ അമേരിക്കന്‍ എംബസി ആക്രമിക്കപ്പെട്ടത്. അക്രമണമുണ്ടാകുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നേരത്തെ തന്നെ അമേരിക്ക ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു. കലാപകാരികള്‍ രാത്രി എംബസി അക്രമിക്കുകയും ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ഇതിന് അമേരിക്ക മറുപടി നല്‍കിയത് ഇറാന്‍ സൈനീകാധികാര കേന്ദ്രത്തിലെ ഏറ്റവും വിശ്വസ്തനും ശക്തനുമായ ജനറൽ കാസ്സിം  സൊലേമാനി എന്ന ഇറാനിയൻ ഖുദ്‌സ് ഫോഴ്‌സ് തലവനെ തന്നെ വധിച്ചു കൊണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ‍് ട്രംപിന്‍റെ നേരിട്ടുള്ള ഉത്തരവിലാണ് കാസ്സിം  സൊലേമാനിയെ കൊലപ്പെടുത്തിയത് എന്നാണ് പെന്‍റഗണ്‍ വ്യക്തമാക്കുന്നത് എന്ന് അമേരിക്കന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത.

ബാഗ്ദാദില്‍ ഈ ഓപ്പറേഷന്‍ എങ്ങനെ അമേരിക്ക നടത്തിയെന്നതിന്‍റെ വിശദാംശങ്ങളാണ് ഇപ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇറാഖിലെ പ്രദേശിക മാധ്യമങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് ഇപ്പോള്‍ ഇവര്‍ പങ്കുവയ്ക്കുന്നത്. സംഭവം നടന്നത് വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ന് ആയിരുന്നു. ബാഗ്ദാദ് വിമാനതാവളത്തിന്‍റെ കാര്‍ഗോ ഏരിയയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ പറക്കുവനാണ് കാസ്സിം  സൊലേമാനിയും സംഘവും എത്തിയത്. രണ്ട് കാറിലായിരുന്നു ഈ സംഘം. ഇറാഖിലെ ഇറാന്‍ അനുകൂല സൈനിക വിഭാഗം പിഎംഎഫ് നേതൃനിരയിലുള്ള അബു മഹ്ദി അല്‍ മുഹന്ദിസുമായുള്ള കൂടികാഴ്ചയായിരുന്നു ഇറാനിയൻ ഖുദ്‌സ് ഫോഴ്‌സ് തലവന്‍റെ ഇറാഖിലെ പ്രധാന അജണ്ട. ഇത് പൂര്‍ത്തിയാക്കിയാണ് പിഎംഎഫ് പിആര്‍ മേധാവി മുഹമ്മദ് റിദ്ധയ്ക്കൊപ്പം കാസ്സിം  സൊലേമാനി വിമാനതാവളത്തില്‍ എത്തിയത്.

എന്നാല്‍ കാറുകള്‍ കാര്‍ഗോ എരിയയില്‍ പ്രവേശിച്ചയുടന്‍ കാറിനെ ആകാശ നീരിക്ഷണം നടത്തിയിരുന്ന അമേരിക്കയുടെ  എം.ക്യൂ 9 റീപ്പര്‍ ഡ്രോണുകള്‍ മിസൈലുകള്‍ തൊടുത്തു. നാല് മിസൈലുകളുടെ പ്രഹരശേഷിയില്‍ ഇറാനിയന്‍ സൈനിക വിഭാഗത്തിന്‍റെ തലന്‍ അടക്കം സഞ്ചരിച്ച കാറുകള്‍ കത്തി അമര്‍ന്നു. കാസ്സിം  സൊലേമാനിയും, മുഹന്ദിസും, ജബ്രിയും അടക്കം സംഘത്തിലെ ഒരാള്‍ പോലും ബാക്കിയായില്ല.

ആദ്യഘട്ടത്തില്‍ ഈ ആക്രമണം ഇറാഖ് അധികൃതരെയും അത്ഭുതപ്പെടുത്തി. ബാഗ്ദാദിലെ ഒരു പ്രധാനപ്പെട്ട കേന്ദ്രത്തിലെ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം അവരെ ഉലച്ചെങ്കിലും ലക്ഷ്യവച്ചത് ആരെയാണ് എന്ന് തിരിച്ചറിയാന്‍ കുറച്ച് ബുദ്ധിമുട്ടി. കത്തികരിഞ്ഞും, ചിന്നിചിതറിയുമായിരുന്നു മൃതദേഹങ്ങള്‍ എല്ലാം. കാസ്സിം  സൊലേമാനിയാണ് കാറില്‍ എന്ന് സ്ഥിരീകരിച്ചെങ്കിലും മൃതദേഹം അദ്ദേഹത്തിന്‍റെയാണോ എന്ന് അറിയാന്‍ മണിക്കൂറുകള്‍ വൈകി. ഒടുവില്‍ കൈയിൽ ധരിച്ചിരുന്ന മോതിരമാണ് സുലൈമാനിയെ തിരിച്ചറിയാൻ ബാഗ്ദാദ് പൊലീസിനെ സഹായിച്ചത്. ഫോട്ടോകളിൽ സൊലേമാനി വലിയൊരു മോതിരം ധരിച്ചിരുന്നു. ആക്രമണം നടന്ന സ്ഥലത്തുനിന്ന് ഒരു കൈപ്പത്തിയിൽ മോതിരം കണ്ടെത്തി. പിന്നീട് പിഎംഎഫ് തങ്ങളുടെ ഉപമേധാവി അബു മഹ്ദി അല്‍ മുഹന്ദിസ് മരണപ്പെട്ടതായി സ്ഥിരീകരിച്ചു, പക്ഷെ മൃതദേഹം തിരിച്ചറിയാന്‍ പറ്റിയില്ലെന്ന് വ്യക്തമാക്കി.

സൊലേമാനിയും, അബു മഹ്ദി അല്‍ മുഹന്ദിസും മുന്നിലെ കാറിലാണ് ഉണ്ടായിരുന്നത്. രണ്ട് മിസൈലുകളാണ് ഇവരുടെ കാറിന് മുകളില്‍ പതിച്ചത്. രണ്ടാമത്തെ വാഹനത്തില്‍ അംഗരക്ഷകരും ജബ്രിയും ആയിരുന്നു. അതേ സമയം മേഖലയില്‍ രഹസ്യ സന്ദര്‍ശനങ്ങളും കൂടികാഴ്ചകളും എന്നും നടത്താറുള്ള ഇറാന്‍ സൈന്യത്തിലെ തലമുതിര്‍ന്നയാളാണ് സൊലേമാനി. ഇദ്ദേഹത്തിന്‍റെ അതീവ രഹസ്യമായ നീക്കം കൃത്യമായി അമേരിക്ക എങ്ങനെ ചോര്‍ത്തിയെന്നത് ചൂടുള്ള ചര്‍ച്ചയാകുകയാണ്.

നേരത്തെ തന്നെ അമേരിക്ക, സൗദി, ഇസ്രയേല്‍ രാജ്യങ്ങള്‍ തങ്ങളുടെ ലക്ഷ്യമായി കരുതുന്ന വ്യക്തിയാണ് കാസ്സിം  സൊലേമാനി. മാസങ്ങള്‍ നീണ്ട ഓപ്പറേഷന് ശേഷമാണ് അമേരിക്കന്‍ നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. കാസ്സിം  സൊലേമാനിയുടെ നീക്കങ്ങള്‍ കൂട്ടത്തില്‍ നിന്നു തന്നെ ചോര്‍ത്തപ്പെട്ടതാണോ, അല്ല അമേരിക്കയുടെ ഇറാഖിലെ വിപുലമായ ചാര ശൃംഖല വഴി ചോര്‍ത്തിയെടുത്തതാണോ എന്ന ചര്‍ച്ചകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ സജീവമാണ്. 

click me!