സൗദി അറേബ്യക്ക് നേരെയുണ്ടായ വൻ മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം പ്രതിരോധ സേന പരാജയപ്പെടുത്തി. റിയാദ്, അൽ ഖർജ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യമിട്ടെത്തിയ ശത്രുനീക്കങ്ങളെ ആകാശത്തുവെച്ച് തന്നെ തകർത്തു.

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളെ ലക്ഷ്യമാക്കി ബുധനാഴ്ച പുലർച്ചെയുണ്ടായ വൻ മിസൈൽ-ഡ്രോൺ ആക്രമണ നീക്കങ്ങളെ പ്രതിരോധ സേന പരാജയപ്പെടുത്തി. തലസ്ഥാനമായ റിയാദ്, അൽ ഖർജ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യം വെച്ചെത്തിയ ശത്രുനീക്കങ്ങളെയാണ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ നിലംപരിശാക്കിയത്.

റിയാദിൽ തകർക്കപ്പെട്ടത് നിർണായക നീക്കങ്ങൾ

ഏറ്റവും നിർണായകമായ ആക്രമണ ശ്രമം നടന്നത് തലസ്ഥാന നഗരമായ റിയാദിലാണ്. അതീവ സുരക്ഷാ മേഖലയായ എംബസി ഡിസ്ട്രിക്റ്റ് ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ പ്രതിരോധ സേന വെടിവെച്ചിട്ടു. തുടർന്ന് റിയാദിന് മുകളിൽ വെച്ച് തന്നെ മറ്റൊരു ഡ്രോൺ കൂടി തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി സ്ഥിരീകരിച്ചു.

അൽ ഖർജിൽ മിസൈൽ പ്രതിരോധം

അൽ ഖർജ് മേഖലയിലെ അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലിനെ വ്യോമസേന വിജയകരമായി തടഞ്ഞു. മിസൈൽ ആകാശത്ത് വെച്ച് തകർത്തതിനെത്തുടർന്ന് ഇതിന്റെ അവശിഷ്ടങ്ങൾ എയർബേസ് പരിസരത്ത് പതിച്ചെങ്കിലും ആർക്കും പരിക്കോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണ സാധ്യത കണക്കിലെടുത്ത് ഖർജിൽ സിവിൽ ഡിഫൻസ് നേരത്തെ തന്നെ അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. നിലവിൽ ഈ മേഖലയിലെ അപകടസാഹചര്യം ഒഴിഞ്ഞതായും അധികൃതർ അറിയിച്ചു.

കിഴക്കൻ പ്രവിശ്യയിലും ശക്തമായ തിരിച്ചടി

രാജ്യത്തിന്റെ ഊർജ്ജ-സൈനിക കേന്ദ്രങ്ങളെ ഉന്നമിട്ട് കിഴക്കൻ പ്രവിശ്യയിലേക്ക് എത്തിയ ആറ് ഡ്രോണുകളെയും പുലർച്ചെ തന്നെ വ്യോമസേന തകർത്തു. ഇറാൻ അനുകൂല ശക്തികളുടെ നിരന്തരമായ പ്രകോപനങ്ങളുടെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങൾ അരങ്ങേറുന്നതെന്ന് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി.

പ്രതിരോധ സേനയുടെ കരുത്ത്

റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി ഇതുവരെ 405 ഡ്രോണുകളും 30 ബാലിസ്റ്റിക് മിസൈലുകളും ഏഴ് ക്രൂയിസ് മിസൈലുകളുമാണ് പ്രതിരോധ സേന വിജയകരമായി തകർത്തിട്ടുള്ളത്. മുൻപ് ഷൈബ എണ്ണപ്പാടത്തിന് നേരെ 70-ലധികം ഡ്രോണുകൾ ഉപയോഗിച്ച് നടന്ന വൻ ആക്രമണ ശ്രമത്തെ റുബുഅ് അൽ ഖാലി മേഖലയ്ക്ക് മുകളിൽ വെച്ച് തകർത്ത കാര്യവും മന്ത്രാലയം ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും തന്ത്രപ്രധാന ആസ്തികൾക്കും ഭീഷണിയാകുന്ന ഏത് നീക്കത്തെയും നേരിടാൻ സൈന്യം പൂർണ്ണ സജ്ജമാണെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി.