
ലാഹോര്‍: ലോകമാകെ കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നു പിടിക്കുമ്പോള്‍ പാകിസ്ഥാനിലെ സ്ഥിതി അതിരൂക്ഷമാകുന്നു. ഇറാനില്‍ നിന്ന് തിരിച്ചെത്തിയ തീര്‍ത്ഥാടകരില്‍ നിരവധി പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് രാജ്യത്തെ സ്ഥിതി വളരെ മോശമായത്. ബുധനാഴ്ച പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 204 പേര്‍ക്കാണ് പാകിസ്ഥാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ട് ദിവസം മുമ്പ് 94 കൊവിഡ് കേസുകള്‍ മാത്രമാണ് പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഒറ്റ ദിവസം കൊണ്ടുള്ള ഈ വര്‍ധന രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ഇറാനിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തിയവരാണ് രോഗം സ്ഥിരീകരിച്ച 60 ശതമാനത്തോളും പേരും. തീര്‍ത്ഥാടനത്തിനായി ഇറാനിലേക്ക് പോയവരാണ് ഇവര്‍.
ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമാണ് പാകിസ്ഥാന്‍. ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളിലെല്ലാമായി 166 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 90 ശതമാനവും ഇന്ത്യയിലാണ്.
പാകിസ്ഥാനില്‍ ഏറ്റവും അധികം കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സിന്ധ് പ്രവശ്യയില്‍ കടുത്ത നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കാത്തതിനാല്‍ ഒരു വിവാഹം പോലും കറാച്ചിയില്‍ നിര്‍ത്തിക്കേണ്ടി വന്നു. അതേസമയം, താമസ വിസക്കാര്‍ക്ക് യുഎഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി.ഇപ്പോള്‍ അവധിക്ക് നാട്ടില്‍ ഉള്ള പ്രവാസികള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് റെസിഡന്‍സ് വിസകാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പെടുത്തിയിരിക്കുന്നത് .
എന്നാല്‍ കൊവിഡ് വൈറസ് പടരുന്ന തീവ്രത അനുസരിച്ചു വിലക്ക് കാലാവധി നീട്ടുമെന്നാണ് സൂചന. വിസിറ്റിങ് വിസ, ബിസിനസ് വിസ ഉള്‍പ്പെടെയുള്ള ഗണത്തില്‍പ്പെടുന്നവര്‍ക്ക് യുഎഇ കഴിഞ്ഞ ദിവസം മുതല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ രാജ്യതെത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam