വിമാനത്തിന്റെ ചക്രത്തില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി; മരണം സ്ഥിരീകരിച്ച് യുഎസ്

By Web TeamFirst Published Aug 18, 2021, 9:56 AM IST
Highlights

നൂറുകണക്കിന് ആളുകള്‍ വിമാനത്തിലേക്ക് തിക്കിതിരക്കി കയറിയതോടെ വിമാനം ചരക്കിറക്കാതെ ടേക്ക് ഓഫ് ചെയ്തു. വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങി  രക്ഷപ്പെടാന്‍ ശ്രമിക്കുന്ന രണ്ട് പേര്‍ വീണ് മരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
 

വാഷിങ്ടണ്‍: കാബൂളില്‍ നിന്ന് പുറപ്പെട്ട സൈനിക വിമാനത്തിന്റെ ചക്രത്തില്‍ മനുഷ്യന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതായി യുഎസ്. സംഭവം അന്വേഷിക്കുമെന്ന് യുഎസ് എയര്‍ഫോഴ്‌സ് വ്യക്തമാക്കി. യുഎസ് വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനമാണ് ചരക്കുമായി കാബൂളില്‍ എത്തിയത്. എന്നാല്‍, താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതോടെ രക്ഷപ്പെടാനായി ആയിരങ്ങള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടി. നൂറുകണക്കിന് ആളുകള്‍ വിമാനത്തിലേക്ക് തിക്കിതിരക്കി കയറിയതോടെ വിമാനം ചരക്കിറക്കാതെ ടേക്ക് ഓഫ് ചെയ്തു.

വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങി  രക്ഷപ്പെടാന്‍ ശ്രമിക്കുന്ന രണ്ട് പേര്‍ വീണ് മരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിമാനത്താവളത്തിലെ തിരക്കില്‍ ഏഴ് പേര്‍ മരിച്ചെന്നാണ് വിവരം. ആകാശത്തേക്ക് വെടിവെച്ചാണ് യുഎസ് സേന ആള്‍ക്കൂട്ടത്തെ പിരിച്ചത്.  കാബൂളില്‍ നിന്ന് പുറപ്പെട്ട വിമാനം ഖത്തറിലെ അല്‍ ഉദൈദ് വിമാനത്താവളത്തിലാണ് ഇറങ്ങിയത്. അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് അവശിഷ്ടം കണ്ടെത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!