
കിങ്സ്റ്റൺ: മണിക്കൂറിൽ 275 കിലോമീറ്റർ വേഗം. ചൊവ്വാഴ്ച പുലർച്ചയോടെ കര തൊടും. വൻ നാശം വിതയ്ക്കുമെന്ന് വിലയിരുത്തുന്ന മെലിസ കൊടുങ്കാറ്റ് കരീബിയൻ ദ്വീപ് രാജ്യമായ ജമൈക്കയിലേക്ക് എത്തുന്നു. ദ്വീപിൽ പേമാരിയും അതിശക്തമായ കാറ്റും ഉണ്ടാവുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകുന്നത്. തിങ്കളാഴ്ച മെലിസ ചുഴലിക്കാറ്റി പരമാവധി ശക്തിയുള്ള കൊടുങ്കാറ്റിന്റെ വിഭാഗമായ കാറ്റഗറി അഞ്ചിൽ ഉൾപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ കൊടുങ്കാറ്റ് കരയിൽ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നത്. ഹെയ്തിയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും ഇതിനോടകം 4 പേരുടെ മരണത്തിന് കാരണമായ മെലിസ ജമൈക്കയിൽ ഇതുവരെ നേരിട്ടതിൽ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് ആയി മാറിയേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തീരത്തോട് അടുക്കുമ്പോൾ മെലിസയുടെ വേഗത കുറയുന്നത് കരയിൽ പേമാരി ശക്തമാകാൻ കാരണമാകും. ഇത് മാരകമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത കൂട്ടുമെന്നതാണ് ജമൈക്കയെ വലയ്ക്കുന്നത്.
മന്ദഗതിയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് ജമൈക്കയ്ക്ക് ഒരു ദുരന്തം സൃഷ്ടിക്കാൻ പോവുകയാണെന്നാണ് അമേരിക്ക ആസ്ഥാനമായുള്ള നാഷണൽ ഹരിക്കേൻ സെന്ററിന്റെ ഡയറക്ടർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ജമൈക്കയുടെ തലസ്ഥാനമായ കിംഗ്സ്റ്റണിന്റെ ചില ഭാഗങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ സർക്കാർ ഇതിനോടകം ഉത്തരവിട്ടിട്ടുണ്ട്. ദ്വീപിനെ പല വിഭാഗങ്ങളായി തിരിച്ചാണ് മെലിസയെ നേരിടാനുള്ള തയ്യാറെടുപ്പ് നടക്കുന്നത്. കിംഗ്സ്റ്റണിൽ നിന്ന് ഏകദേശം 233 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് നിലവിൽ മെലിസ എത്തിയിട്ടുള്ളത്. അടുത്ത 12 മുതൽ 24 മണിക്കൂറിനുള്ളിൽ മെലിസ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam