മാഡ്രിഡിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 42 പേർ കൊല്ലപ്പെട്ട് ദിവസങ്ങൾ പിന്നിടും മുൻപാണ് നിലവിലെ അപകടം

ബാർസിലോണ: സ്പെയിനിൽ വീണ്ടും ട്രെയിൻ അപകടം. ബാർസിലോണയ്ക്ക് സമീപം ട്രെയിൻ മതിലിൽ ഇടിച്ച് കയറി ലോക്കോ പൈലറ്റിന് ദാരുണാന്ത്യം. 40 ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണ്. വടക്ക് കിഴക്കൻ സ്പെയിനിലെ കാറ്റലോണിയ മേഖലയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. മാഡ്രിഡിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 42 പേർ കൊല്ലപ്പെട്ട് ദിവസങ്ങൾ പിന്നിടും മുൻപാണ് നിലവിലെ അപകടം. റെയിൽ പാളത്തിലേക്ക് മതിൽ ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. ഇതേ സമയം ഇതിലൂടെ പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. 38 അഗ്നിശമനാ വാഹനങ്ങളും 20ലേറെ ആംബുലൻസുകളും മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതായാണ് അധികൃതർ വിശദമാക്കുന്നത്. നിലവിൽ മതിലിന് അടിയിൽ ആരും കുടുങ്ങി കിടക്കുന്നില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. ആരെങ്കിലും പാളത്തിനും പൊട്ടിവീണ മതിലിനും ഇടയിൽ ഉണ്ടോയെന്ന് കണ്ടെത്താനുള്ള തിരച്ചിലും ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ വിശദമാക്കുന്നത്. കാറ്റലോണിയ മേഖലയിൽ ഉണ്ടായ കനത്ത മഴയിൽ മതിൽ തകർന്നുവെന്നാണ് സ്പെയിനിലെ റയിൽ ഓപ്പറേറ്റർ വിശദമാക്കുന്നത്. 

റയിൽ ഗതാഗത മേഖലയിലേക്ക് ആവശ്യത്തിന് ഫണ്ടുകൾ അനുവദിക്കാത്തതിലേക്ക് വിരൽ ചൂണ്ടുന്നതാണ് അടുത്തടുത്ത ദിവസങ്ങളിലുണ്ടാവുന്ന ട്രെയിൻ അപകടങ്ങൾ. അതിവേഗ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവർക്കായി ദേശീയ ദുഖാചരണം നടക്കുന്നതിനിടയിലാണ് ബാർസിലോണയിലെ അപകടം.അതിവേഗ ട്രെയിനുകൾ കൃത്യസമയം പാലിക്കുന്ന സ്പെയിനിൽ സാധാരണ ട്രെയിനുകൾ വൈകിയെത്തുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ യാത്രക്കാർക്ക് പരിക്കേൽക്കുന്നതും മരണപ്പെടുന്നതുമായ അപകടങ്ങൾ സപെയിനിൽ വളരെ കുറവാണ്. ഗെലിഡ നഗരത്തിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഇതേ പാളത്തിലൂടെയുള്ള ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം