
വാഷിംഗ്ടൺ: റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായി നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച താൻ മാറ്റിവെച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് . കൂടിക്കാഴ്ചയ്ക്ക് സമയം പാഴാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ ശ്രമങ്ങളിലെ ഏറ്റവും പുതിയ പ്രതികരണമാണിത്. ഹംഗറിയിലെ ബുഡാപെസ്റ്റിൽ വെച്ച് നടത്താൻ കഴിഞ്ഞ ആഴ്ച ട്രംപ് പ്രഖ്യാപിച്ച കൂടിക്കാഴ്ചയാണ് ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നത്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. സമയം പാഴാക്കുന്ന ഒരു മീറ്റിംഗിന് ഞാൻ ആഗ്രഹിക്കുന്നില്ല, അതിനാൽ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നായിരുന്നു ട്രംപ് പറഞ്ഞത്.
നയതന്ത്ര ചർച്ചകൾക്ക് സമയം നീട്ടിക്കൊടുത്ത് യുദ്ധക്കളത്തിൽ നേട്ടമുണ്ടാക്കാൻ പുടിൻ ശ്രമിക്കുകയാണെന്ന് ആരോപിക്കുന്ന യൂറോപ്യൻ നേതാക്കൾക്ക് ട്രംപിൻ്റെ മനംമാറ്റം ആശ്വാസമാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡൻ്റ്, ജാൻമൻ ചാൻസലർ എന്നിവരടക്കമുള്ള യൂറോപ്യൻ നേതാക്കൾ, സമാധാനത്തിനായി റഷ്യ പിടിച്ചെടുത്ത ഉക്രെയ്ൻ ഭൂമി വിട്ടുകൊടുക്കാനുള്ള ട്രംപിൻ്റെ നിർദ്ദേശത്തെ എതിർത്തിരുന്നു. യുക്രെയ്ൻ്റെ യുദ്ധസഹായത്തിനായി മരവിപ്പിച്ച റഷ്യൻ ആസ്തികളിൽ നിന്ന് കോടിക്കണക്കിന് ഡോളർ ഉപയോഗിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകാനും യൂറോപ്യൻ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.
അമേരിക്കയിൽ നിന്ന് ദീർഘദൂര ടോമാഹോക്ക് മിസൈലുകൾ തേടിക്കൊണ്ട് ഉക്രെയ്ൻ പ്രസിഡൻ്റ് വ്ലാഡിമിർ സെലെൻസ്കി തൻ്റെ രാജ്യത്തിൻ്റെ നിലപാട് ശക്തമാക്കുകയുമാണ്. 'നമുക്ക് ഈ യുദ്ധം അവസാനിപ്പിക്കണം, അതിന് സമ്മർദ്ദം മാത്രമേ വഴിയൊരുക്കൂ,' എന്ന് സെലെൻസ്കി ടെലിഗ്രാം പോസ്റ്റിൽ പറഞ്ഞു. ടോമാഹോക്ക് മിസൈലുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് വന്നപ്പോഴാണ് പുടിൻ നയതന്ത്രത്തിലേക്ക് തിരിഞ്ഞതെന്നും, സമ്മർദ്ദം ലഘൂകരിച്ചപ്പോൾ റഷ്യ സംഭാഷണങ്ങൾ മാറ്റിവെക്കാൻ ശ്രമിച്ചുവെന്നും സെലെൻസ്കി ആരോപിച്ചിരുന്നു. ബുധനാഴ്ച നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടുമായി ട്രംപ് ചർച്ച നടത്തും. ഉക്രെയ്നിനുള്ള ആയുധ വിതരണങ്ങൾ ഏകോപിപ്പിക്കുന്നത് നാറ്റോയാണ്.
ട്രംപിൻ്റെ കൂടിക്കാഴ്ചയ്ക്ക് തിടുക്കമില്ലെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവും വ്യക്തമാക്കി. ഒരു കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഗൗരവമായ തയ്യാറെടുപ്പ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ഉക്രെയ്ൻ തങ്ങളുടെ രാജ്യം റഷ്യക്ക് വിട്ടുകൊടുക്കുന്നത് അസ്വീകാര്യമാണെന്ന് കിയവ് വ്യക്തമാക്കി. രാജ്യത്തിൻ്റെ അഞ്ചിലൊന്ന് ഭാഗം റഷ്യയുടെ കൈവശമാണ്. നിലവിലെ അതിർത്തിയിൽ സംഘർഷം മരവിപ്പിക്കുന്നത് ഭാവിയിൽ പുതിയ ആക്രമണങ്ങൾക്ക് റഷ്യക്ക് അടിത്തറ നൽകുമെന്നും ഉക്രെയ്ൻ, യൂറോപ്യൻ നേതാക്കൾ ആശങ്കപ്പെടുന്നു. റഷ്യൻ സമ്പദ്‌വ്യവസ്ഥയിലും പ്രതിരോധ വ്യവസായത്തിലും സമ്മർദ്ദം വർദ്ധിപ്പിക്കണമെന്ന് യൂറോപ്യൻ നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam