
ദില്ലി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ ടെക്നിക്കൽ മിഷനെ എംബസിയായി ഉയർത്തിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. താലിബാൻ ഭരണകൂടവുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് നീക്കം. അടുത്തിടെ ഇന്ത്യ സന്ദർശിച്ച താലിബാൻ വിദേശകാര്യമന്ത്രി അമീർഖാൻ മുതാഖിയുമായി എസ് ജയശങ്കർ നടത്തിയ ചർച്ചയിൽ ഇക്കാര്യം തീരുമാനിച്ചിരുന്നു. താലിബാൻ മന്ത്രിക്ക് അന്ന് നൽകിയ ഉറപ്പാണ് ഇന്ന് പാലിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചപ്പോൾ അടച്ച എംബസിയാണ് ഇന്ന് തുറന്നത്. അഫ്ഗാനിസ്ഥാന്‍റെ സമഗ്രവികസനത്തിന് ഇന്ത്യൻ എംബസി വലിയ സംഭാവന ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഒക്ടോബർ 9 നാണ് താലിബൻ മന്ത്രി ഇന്ത്യ സന്ദർശിച്ചത്. കാബൂളിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ മിഷനെ, ഇന്ത്യൻ എംബസി പദവിയിലേക്ക് ഉയർത്താൻ ഈ സന്ദർശനത്തിൽ ധാരണയായിരുന്നു. താലിബാൻ അധികാരത്തിലുള്ള അഫ്‌ഗാനിസ്ഥാനുമായുള്ള ബന്ധം സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നതിൻ്റെ ഭാഗമായാണ് എംബസി പദവി പുനഃസ്ഥാപിക്കുന്നത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അഫ്ഗാനിലെ താലിബാൻ നേതാവായ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ സന്ദർശനം നിർണായകമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ അഭിപ്രായപ്പെട്ടിരുന്നു.
2021 ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തത്. ഇതിന് ശേഷം ആദ്യമായാണ് കാബൂളിൽ നിന്ന് ആദ്യത്തെ ഉന്നതതല പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുന്നത്. ഒക്ടോബർ 9 മുതൽ 16 വരെയായിരുന്നു മുത്തഖിയുടെ ഇന്ത്യാ സന്ദർശനം. ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനും അഗാനിസ്ഥാനിൽ ഖനന പ്രവർത്തനങ്ങളിൽ ഇന്ത്യക്ക് കൂടുതൽ അവസരം നൽകാനും ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. നേരത്തെ അഫ്‌ഗാനിസ്ഥാനിൽ ഇന്ത്യൻ എംബസിയുണ്ടായിരുന്നു. താലിബാന്‍ അധികാരം തിരിച്ചുപിടിച്ച് ഒരു വര്‍ഷത്തിനുശേഷം, 2022-ലാണ് ഇവിടെ ഇന്ത്യ ടെക്‌നിക്കൽ മിഷൻ സ്ഥാപിച്ചത്. ഈ ഘട്ടത്തിലൊന്നും ഇവിടെ എംബസി എന്ന നിലയിൽ ഇന്ത്യ പ്രവർത്തിച്ചിരുന്നില്ല. അഫ്ഗാനിസ്ഥാനിൽ അടുത്തിടെ ഉണ്ടായ ഭൂകമ്പത്തിൽ ആദ്യം നടുക്കം രേഖപ്പെടുത്തിയതും സഹായമെത്തിച്ചതും ഇന്ത്യയായിരുന്നു. അന്താരാഷ്ട്ര അംഗീകാരത്തിനായുള്ള താലിബാൻ ഭരണകൂടത്തിന്റെ തുടർച്ചയായ ശ്രമത്തിൻ്റെ ഭാഗമായിരുന്നു മുത്തഖിയുടെ ഇന്ത്യാ സന്ദർശനം. എംബസി തുറന്നുള്ള ഇന്ത്യയുടെ തീരുമാനം അതിനാൽ തന്നെ താലിബാൻ ഭരണകൂടത്തിന് നേട്ടമാണ്.