
അമേരിക്കൻ രാഷ്ട്രീയത്തിലെ ഇന്ത്യൻ വംശജയും മുൻ യു.എൻ. അംബാസഡറുമായ നിക്കി ഹേലിയുടെ മകൻ നളിൻ ഹേലി നടത്തിയ തുറന്നുപറച്ചിലുകൾ ചർച്ചയാവുന്നു. മാധ്യമങ്ങൾ തന്നെ 'ജെൻ സികളുടെ രാഷ്ട്രീയ ശബ്ദം' എന്ന് വിശേഷിപ്പിക്കുന്നതിനോട് ശക്തമായി വിയോജിപ്പ് പ്രകടിപ്പിച്ച നളിൻ, താൻ പൊതുരംഗത്ത് പ്രശസ്തി ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തി.'ടൈംസ് ഓഫ് ഇന്ത്യ'യുമായുള്ള ഒരു അഭിമുഖത്തിലാണ് നളിൻ ഹേലി തൻ്റെ നിലപാടുകൾ വ്യക്തമാക്കിയത്.
സോഷ്യൽ മീഡിയയിൽ തൻ്റെ ശക്തമായ രാഷ്ട്രീയ നിലപാടുകളിലൂടെ പെട്ടെന്ന് ശ്രദ്ധ നേടിയ നളിൻ, തനിക്ക് ലഭിച്ച 'വോയ്‌സ് ഓഫ് ജെൻ സി' എന്ന വിശേഷണം തള്ളിക്കളഞ്ഞു. "ഞാൻ ഒരിക്കലും ജെൻ സികളുടെ ശബ്ദമാണെന്ന് പറഞ്ഞിട്ടില്ല. പൊതുരംഗത്ത് ശ്രദ്ധിക്കപ്പെടാൻ എനിക്ക് യാതൊരു ഉദ്ദേശ്യവുമില്ല, ഇപ്പോഴുമില്ല. പോഡ്‌കാസ്റ്റോ യൂട്യൂബ് ചാനലോ തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എൻ്റെ ജീവിതകാലം മുഴുവൻ ഞാൻ മാധ്യമങ്ങളെ ഒഴിവാക്കിയാണ് ജീവിച്ചത്, ഇപ്പോഴും 95 ശതാമനം അഭ്യർത്ഥനകളും ഞാൻ നിരസിക്കുന്നു," നളിൻ എക്സിൽ കുറിച്ചു.പ്രശസ്തിയെക്കുറിച്ച് തനിക്ക് യാതൊരു ശ്രദ്ധയുമില്ലെന്നും, തനിക്ക് ഒരു ജീവിതമാണുള്ളതെന്നും പറഞ്ഞ് നളിൻ ഈ വിഷയത്തെ നിസ്സാരവൽക്കരിച്ചു.
പൊതുരംഗത്ത് ഇടപെടുന്നതിൻ്റെ കാരണം തൻ്റെ പ്രശസ്തി മോഹമല്ലെന്ന് നളിൻ വ്യക്തമാക്കി. രാജ്യത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയിലുള്ള അതൃപ്തിയാണ് ഇതിന് കാരണം. "ഞാൻ എൻ്റെ രാജ്യത്ത് നടക്കുന്ന കാര്യത്തിലും, പ്രത്യേകിച്ച് എൻ്റെ തലമുറയിലുള്ള അമേരിക്കക്കാരോടുള്ള അനാദരവിലും 'മനംമടുത്ത്' സംസാരിക്കുന്നതാണ്. അല്ലാതെ പൊതുരംഗത്തെ സ്വാധീനം നേടാനല്ല," നളിൻ കൂട്ടിച്ചേർത്തു.
തൻ്റെ അമ്മ നിക്കി ഹേലി രാജ്യത്തെ പ്രമുഖ റിപ്പബ്ലിക്കൻ നേതാവായിരിക്കുന്ന സാഹചര്യത്തിലും, തങ്ങൾ വീട്ടിൽ രാഷ്ട്രീയം ചർച്ച ചെയ്യാറില്ലെന്ന് നളിൻ വെളിപ്പെടുത്തി. തനിക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന ശ്രദ്ധയെക്കുറിച്ച് അമ്മ എന്തു വിചാരിക്കുന്നു എന്ന ചോദ്യത്തിന്, "ഞങ്ങൾ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാറേയില്ല" എന്നാണ് നളിൻ മറുപടി നൽകിയത്.