
വാഷിങ്ടണ്‍: ഇന്ത്യ - പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് പലതവണ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. ഇന്ത്യ ഈ അവകാശവാദം തള്ളിക്കളയുകയും ചെയ്തു. യുദ്ധം തടഞ്ഞതിലൂടെ താൻ ലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചു എന്ന് പാക് സൈനിക മേധാവി അസിം മുനീർ പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. അടുത്തിടെ വൈറ്റ് ഹൌസിൽ നടന്ന കൂടിക്കാഴ്ചയിൽ അസിം മുനീർ തന്നെ അഭിനന്ദിച്ചെന്നാണ് ട്രംപ് പറഞ്ഞത്.
"പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീറിനൊപ്പം ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവിടെ വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നു. അദ്ദേഹം അവിടെയുണ്ടായിരുന്നവരോട് പറഞ്ഞു, ഈ മനുഷ്യൻ ലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചു. കാരണം അദ്ദേഹം യുദ്ധം മുന്നോട്ട് പോകാതെ തടഞ്ഞു. "- ക്വാന്‍റിക്കോയിൽ സൈനിക മേധാവികളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
ആ യുദ്ധം വളരെ മോശം അവസ്ഥയിൽ എത്തുമായിരുന്നുവെന്ന് ട്രംപ് കൂട്ടിച്ചേർത്തു- "എനിക്ക് വലിയ ബഹുമതിയായി തോന്നി. അസിം മുനീർ അത് പറഞ്ഞ രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് അവിടെ ഉണ്ടായിരുന്നു. അവർ പറഞ്ഞു, അത് ഏറ്റവും മനോഹരമായ കാര്യമായിരുന്നു എന്ന്. ഞങ്ങൾ ഒരുപാട് പേരെ രക്ഷിച്ചു."
വൈറ്റ് ഹൗസിലെ ഒമ്പത് മാസത്തിനുള്ളിൽ തന്‍റെ ഭരണകൂടം ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും ട്രംപ് അവകാശപ്പെട്ടു- "ഗാസ യുദ്ധം ഞങ്ങൾ അവസാനിപ്പിച്ചേക്കാം. പാകിസ്ഥാനും ഇന്ത്യയും ആണവശക്തികളാണ്. അത് പരിഹരിച്ചു. വ്യാപാരം നടത്തില്ലെന്ന് ഇന്ത്യയോടും പാകിസ്ഥാനോടും ഞാൻ പറഞ്ഞു".
ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. ഓപ്പറേഷന്റെ ഭാഗമായി ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകളിൽ ആക്രമണം നടത്തി. മെയ് 10-ന് വെടിനിർത്തൽ പ്രഖ്യാപിച്ചു. തന്റെ ഇടപെടലാണ് വെടിനിർത്തലിലേക്ക് എത്താൻ കാരണമെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇന്ത്യ ആ അവകാശവാദം പലതവണ നിഷേധിച്ചതാണ്. പാകിസ്ഥാനാകട്ടെ തുടക്കത്തിൽ ട്രംപിന്‍റെ അവകാശവാദം നിഷേധിച്ചെങ്കിലും, പിന്നീട് അംഗീകരിച്ചു. ഇന്ത്യ-പാകിസ്ഥാൻ വിഷയത്തിലെ നിർണായക നയതന്ത്ര ഇടപെടലും നേതൃത്വവും പരിഗണിച്ച് 2026ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി ട്രംപിനെ നാമനിർദേശം ചെയ്തു.