
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡിസംബർ അഞ്ച്, ആറ് തീയതികളിൽ ഇന്ത്യ സന്ദർശിക്കാൻ സാധ്യത. 2022 ഫെബ്രുവരിയിൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം ഇത് ഇന്ത്യയിലേക്കുള്ള പുടിന്‍റെ ആദ്യ യാത്രയായിരിക്കും. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിൻ സ്വീകരിച്ചതായി ക്രെംലിൻ സ്ഥിരീകരിച്ചിരുന്നെങ്കിലും തീയതികൾ അന്തിമമായി തീരുമാനിച്ചിരുന്നില്ല. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സെപ്റ്റംബർ ഒന്നിന് ചൈനയിലെ ടിയാൻജിനിൽ വെച്ച് മോദി പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഡിസംബർ സന്ദർശന വാർത്തകൾ പുറത്തുവരുന്നത്.
ക്രിമിനൽ കേസ് പ്രതികളായാൽ അഡ്മിഷൻ ഇല്ലെന്ന തീരുമാനവുമായി കേരള വി സി മുന്നോട്ട്. വിഷയത്തിൽ കോളേജുകൾക്ക് വിസി മോഹൻ കുന്നുമ്മൽ സർക്കുലർ അയച്ചിരിക്കുകയാണ്. പ്രവേശനം നേടുന്നവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നൽകണമെന്നും സര്‍ക്കുലറിലുണ്ട്. സത്യവാങ്മൂലം ലംഘിച്ച് കേസിൽ പ്രതികളായാൽ നടപടി എടുക്കാം. സത്യവാങ്മൂലത്തിൽ നാല് ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോളേജുകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ? ക്രിമിനൽ കേസുകളിൽ പ്രതികളാണോ? സ്ത്രീകൾക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? പരീക്ഷ ക്രമക്കേടിന് പെട്ടിട്ടുണ്ടോ? എന്നിവയാണവ. ഈ ചോദ്യങ്ങൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ മറുപടി നൽകണം. സർക്കുലർ ലംഘിച്ചാൽ നടപടി കോളേജ് കൗൺസിലിന് തീരുമാനിക്കാമെന്നും സര്‍ക്കുലറിൽ വ്യക്തമാക്കുന്നു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി എൻ വാസവനും ഗവർണറും. എസ്എൻഡിപി യോഗം ശിവഗിരി യൂണിയൻ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഇരുവരും വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയത്. പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി എൻ വാസവൻ ചടങ്ങിൽ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വർഷം തുടർന്ന നേതാവാണ് വെള്ളാപ്പള്ളി. കുത്തഴിഞ്ഞു കിടന്ന ഒരു പുസ്തകം കുത്തിക്കെട്ടി എല്ലാവർക്കും വായിക്കാൻ കഴിയുന്ന ഒരു പുസ്തകമാക്കി മാറ്റി. പ്രവർത്തനവും മനസ്സും യൗവ്വന തുടിപ്പോടുകൂടി ഇന്നും മുന്നോട്ടുപോകുന്നു. ഇങ്ങനെ ഒരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, തന്നെക്കുറിച്ച് ഏറ്റവും കൂടുതൽ ചീത്ത വാക്കുകൾ പറഞ്ഞ സ്ഥലമാണ് വർക്കല. അവിടെ നിന്ന് നല്ല വാക്കുകൾ കേൾക്കുന്നതിൽ സന്തോഷമെന്ന് വെള്ളാപ്പള്ളി നടേശൻ മറുപടി പറഞ്ഞു.
കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (ഡി എ) 3 ശതമാനം വർധിപ്പിക്കാൻ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ഈ തീരുമാനം നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ക്ഷാമബത്ത വർധനയിലൂടെ ലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കും ആനുകൂല്യം ലഭിക്കും. ഈ വർധന കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും പെൻഷൻകാരുടെ പെൻഷനിലും ഗണ്യമായ മാറ്റം വരുത്തുമെന്നും കേന്ദ്ര മന്ത്രി വിവരിച്ചു. ജീവിതച്ചെലവ് വർധനയെ നേരിടാൻ ഈ തീരുമാനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര മന്ത്രിസഭയുടെ ഈ തീരുമാനം സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി. ഈ തീരുമാനം ഏകദേശം 1.15 കോടി കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശബരിമല സ്വർണപ്പാളി വിവാദത്തിൽ വഴിത്തിരിവ്. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപ്പാളി ബെംഗളൂരുവിൽ എത്തിച്ചതായി വിജിലൻസിന് വിവരം ലഭിച്ചു. നേരത്തെ ശാന്തി ചെയ്കിരുന്ന ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ സ്വർണപ്പാളി എത്തിച്ചെന്നാണ് സംശയം. ശ്രീകോവിൽ വാതിൽ എന്ന പേരിൽ സ്വർണം പൂശിയ വസ്തു ഉണ്ണികൃഷ്ണൻ പോറ്റി എത്തിച്ചതായി ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ടിവികെ അധ്യക്ഷൻ വിജയ് അവഗണിച്ചതായി റിപ്പോർട്ട്. കരൂർ ദുരന്തത്തിന് പിന്നാലെ അമിത് ഷാ വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ചെന്നാണ് സൂചന. ദുരന്തത്തിന്റെ പിറ്റേന്ന് അമിത് ഷായുടെ ഓഫീസ് ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ സംഭാഷണത്തിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ടെന്നും എന്നാൽ സംസാരിക്കാൻ താത്പര്യമില്ലെന്ന് വിജയ് പറഞ്ഞുവെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. വിജയ്‍യുടെ അച്ഛൻ ചന്ദ്രശേഖറും സിനിമാമേഖലയിലെ ചിലരും വഴിയാണ് ബന്ധപ്പെട്ടത്. ടിവികെയുടെ മുതിർന്ന നേതാക്കളുമായിട്ടാണ് ബന്ധപ്പെട്ടത്.
'ദുരന്തത്തെ രാഷ്ട്രീയവത്ക്കരിക്കാനില്ല, വിജയ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു': സെന്തിൽ ബാലാജി
കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്ക് മറുപടിയുമായി സെന്തിൽ ബാലാജി. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനില്ലെന്ന് വ്യക്തമാക്കിയ സെന്തിൽ ബാലാജി സങ്കൽപിക്കാൻ പോലും കഴിയാത്ത ദുരന്തമെന്ന് പ്രതികരിച്ചു. മരിച്ചവരിൽ 31 പേർ കരൂർ സ്വദേശികളാണ്. മിക്കവരും തനിക്ക് നേരിട്ട് അറിയാവുന്നവരാണ്. യോഗത്തിന് എത്തിയവർക്ക് കുടിവെള്ളം പോലും ടിവികെ ഉറപ്പാക്കിയില്ല. ഡിഎംകെ യോഗങ്ങളിൽ അതല്ല പതിവെന്നും സെന്തിൽ ബാലാജി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ടിവികെ ഒരുക്കിയില്ലെന്ന് വീഡിയോ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെന്തിൽ ബാലാജി വ്യക്തമാക്കിയത്.
ഒക്ടോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നടക്കുന്നത് പരിഗണിച്ചാണ് നടപടിയെന്ന് വ്യക്തിനിയമ ബോർഡ് പ്രസ്താവനയിൽ പറയുന്നു. നേരത്തെ, വെള്ളിയാഴ്ചയാണ്(ഒക്ടോബർ 3) ഭാരത് ബന്ദിന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ആഹ്വാനം ചെയ്തത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ 2025 നെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് ബന്ദിന് ആഹ്വാനം ചെയ്തത്. വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പ്രസംഗം നടത്തിയ ബിജെപി വക്താവ് പ്രിൻ്റു മഹാദേവനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രിൻ്റുവിൻ്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും വ്യക്തിപരമായ വൈരാഗ്യം പാർട്ടിയുടെ നിലപാട് അല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വക്താവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പാർട്ടി പിന്തുണ ഇല്ലെന്ന പ്രിൻ്റു മഹാദേവൻ്റെ പരാതിയെ കുറിച്ച് തനിക്ക് അറിയില്ല. പുറത്ത് വന്ന ചാറ്റുകളെ കുറിച്ച് അറിയില്ല. ചിലർ രസത്തിന് വേണ്ടി എന്തോ ചെയ്യുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്വകാര്യ ന്യൂസ് ചാനൽ ചർച്ചയ്ക്കിടെയാണ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്.
ദോഹയിൽ നടത്തിയ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഖത്തറിനോട് മാപ്പു പറഞ്ഞിരുന്നു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയെ ഫോണില്‍ വിളിച്ചാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാപ്പ് പറഞ്ഞത്. ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിൽ ഖേദിക്കുന്നുവെന്നായിരുന്നു പ്രതികരണം. വൈറ്റ്ഹൗസില്‍ നിന്നാണ് നെതന്യാഹു ഫോണ്‍ ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ട്രംപും നെതന്യാഹുവും വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. വൈറ്റ് ഹൗസ് ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam