മലയ്ക്കടിയില്‍ ഒളിഞ്ഞിരിക്കുന്ന 'ഫോര്‍ഡോ' ആണവ നിലയം തകര്‍ക്കാനാവാതെ ഇസ്രയേല്‍; പ്രകടനമായ നാശനഷ്ടങ്ങളില്ലെന്ന് ആണവോര്‍ജ ഏജന്‍സി

Published : Jun 15, 2025, 02:56 PM ISTUpdated : Jun 15, 2025, 03:08 PM IST
Fordow Fuel Enrichment Plant

Synopsis

ഇസ്രയേല്‍ പ്രധാനമായും ആക്രമിച്ച ഇറാനിലെ ഏറ്റവും വലിയ ആണവ സമ്പുഷ്‌ടീകരണ പ്ലാന്‍റായ നഥാന്‍സില്‍ നാശനഷ്ടങ്ങളുണ്ടായതായി ഉപഗ്രഹ ചിത്രങ്ങള്‍ തെളിയിക്കുന്നു

ടെഹ്‌റാന്‍: ഇറാനിലെ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ 'ഫോര്‍ഡോ' (Fordow Fuel Enrichment Plant) നിലയത്തില്‍ പ്രകടമായ നാശനഷ്ടങ്ങള്‍ ഇല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (IAEA) വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്. നിര്‍മ്മാണത്തിലിരിക്കുന്ന ഖോണ്ടാബ് ഹെവി വാട്ടര്‍ റിയാക്‌ടറിനും ഇസ്രയേല്‍ ആക്രമണങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നും യുഎന്‍ ന്യൂക്ലിയര്‍ നിരീക്ഷണ ഏജന്‍സി വ്യക്തമാക്കി. ഇസ്രയേല്‍ പ്രധാനമായും ആക്രമിച്ച ഇറാനിലെ ഏറ്റവും വലിയ ആണവ സമ്പുഷ്‌ടീകരണ പ്ലാന്‍റായ നഥാന്‍സില്‍ കൂടുതല്‍ നാശം പിന്നീടുണ്ടായിട്ടില്ലെന്നും ഐഎഇഎ വ്യക്തമാക്കി.

വെള്ളിയാഴ്‌ച പുലര്‍ച്ചെ ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആദ്യ വ്യോമാക്രമണത്തില്‍ നഥാന്‍സ് ആണവ കേന്ദ്രത്തിന്‍റെ ഭൂമിക്ക് മുകളിലുള്ള നിലയാനുബന്ധ സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു. അതേസമയം ഭൂഗര്‍ഭ അറകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ധന സമ്പുഷ്ടീകരണ സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി യുഎന്നിനെ അറിയിച്ചിരുന്നു. നഥാൻസ് ആണവ സമ്പുഷ്‌ടീകരണ കേന്ദ്രത്തിലുണ്ടായ നാശനഷ്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ മാക്‌സർ ടെക്‌നോളജീസ് പുറത്തുവിട്ടിട്ടുണ്ട്. നഥാൻസ് ആണവ കേന്ദ്രത്തിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തിന് മുമ്പും ശേഷവും പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇസ്രയേല്‍ ആക്രമിച്ച മറ്റൊരു ആണവ കേന്ദ്രമായ ഇസ്‌ഫഹാനിലും നാശനഷ്ടങ്ങളുണ്ട്. എന്നാല്‍ നഥാന്‍സിലും ഇസ്‌ഫഹാനിലും ഓണ്‍-സൈറ്റ് റേഡിയേഷന്‍ തോത് ഉയര്‍ന്നിട്ടില്ല എന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ ഇറാന്‍ ന്യൂക്ലിയര്‍ റഗുലേറ്ററി അതോറിറ്റി അറിയിച്ചു.

നഥാന്‍സും ഫോര്‍ഡോയും

'ഇറാന്‍ ആണവ പദ്ധതികളുടെ തുടിക്കുന്ന ഹൃദയം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുറേനിയം സമ്പുഷ്‌ടീകരണ കേന്ദ്രമാണ് നഥാന്‍സ്. ഇറാന്‍ ആണവായുധം നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് വലിയ അളവില്‍ ഇന്ധനം നിര്‍മ്മിച്ചത് നഥാന്‍സിലാണ്. ആറ്റംബോബ് നിര്‍മ്മാണത്തിന്‍റെ തൊട്ടുപടിക്കലെ ഘട്ടത്തിലെത്തിനില്‍ക്കുന്ന ന്യൂക്ലിയര്‍ ഇന്ധനമാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നഥാന്‍സില്‍ ഇറാന്‍ തയ്യാറാക്കിയത്.

അതേസമയം, ഇറാന്‍റെ ഏറ്റവും നിഗൂഢവും സുരക്ഷിതവുമായ ആണവ സമ്പുഷ്ടീകരണ കേന്ദ്രമാണ് ഫോര്‍ഡോ. ഇറാനിയന്‍ നഗരമായ ക്വോമിന് 32 കിലോമീറ്റര്‍ അകലെയുള്ള ഫോര്‍ഡോ ഗ്രാമത്തിലെ ഒരു മലയ്ക്കടിയിലാണ് ഈ ഭൂഗര്‍ഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്‍റെ നിയന്ത്രണത്തിലുള്ള ഫോര്‍ഡോ ഇസ്രയേലിന് അത്രയെളുപ്പം കടന്നാക്രമിക്കാന്‍ കഴിയുന്നയിടമല്ല എന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ഭൂനിരപ്പില്‍ നിന്ന് അര മൈലോളം ആഴത്തില്‍ പണിതുണ്ടാക്കിയ കട്ടിയേറിയ കോണ്‍ക്രീറ്റ് അറയിലാണ് ഫോര്‍ഡോ സ്ഥിതിചെയ്യുന്നത്. ഭൂമിക്കടിയിലുള്ള യുറേനിയം സമ്പുഷ്‌ടീകരണ നിലയമായ ഫോര്‍ഡോ ആക്രമിക്കാന്‍ ഇസ്രയേലിന് അമേരിക്കന്‍ ബോംബുകള്‍ അനിവാര്യമാണ് എന്ന് വിലയിരുത്തലുകളുണ്ട്. യുഎന്‍ സംഘത്തിന്‍റെ നിരീക്ഷണമുള്ളതിനാല്‍ മനപ്പൂര്‍വം ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ കനത്ത നാശം വിതയ്ക്കാത്തതാണെന്ന പക്ഷവും സജീവം. ഇറാനിലെ യുറേനിയം ശേഖരം ആക്രമിക്കുന്നത് മനുഷ്യരാശിക്ക് കനത്ത പ്രത്യാഘാതങ്ങളുണ്ടാക്കും എന്ന ആശങ്കയും ലോകത്തുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'