ഗാസയിൽ ആക്രമിക്കപ്പെട്ടത് മതഭേദമില്ലാതെ പലസ്തീനികൾക്ക് അഭയം നൽകിയ പുരാതന ക്രിസ്ത്യൻ പള്ളി

Published : Oct 20, 2023, 04:52 PM IST
ഗാസയിൽ ആക്രമിക്കപ്പെട്ടത് മതഭേദമില്ലാതെ പലസ്തീനികൾക്ക് അഭയം നൽകിയ പുരാതന ക്രിസ്ത്യൻ പള്ളി

Synopsis

വ്യോമാക്രമണത്തിൽ എല്ലാം നഷ്ടമായ നിരപരാധികളെ, പ്രത്യേകിച്ച് കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കാനാണ് പള്ളി ശ്രമിച്ചത്. ഈ നടന്നത് യുദ്ധക്കുറ്റമാണെന്ന് വൈദികര്‍ പ്രതികരിച്ചു

ഗാസ: സംഘര്‍ഷ കാലങ്ങളില്‍ മതഭേദമന്യേ എല്ലാവര്‍ക്കും അഭയമേകിയിരുന്ന ഗാസയിലെ പുരാതന ക്രിസ്ത്യന്‍ പള്ളിക്ക് നേരെയും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. സെന്റ് പോർഫിറിയസ് പള്ളിയില്‍ അഭയം തേടിയ നിരവധി പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പലരെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനാല്‍ എത്ര പേര്‍ കൊല്ലപ്പെട്ടെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ചിലർ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും എപി റിപ്പോര്‍ട്ട് ചെയ്തു. 

ഇസ്രയേലിന് നേരെ റോക്കറ്റുകളും മോർട്ടാറുകളും വിക്ഷേപിക്കുന്ന കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന് നേരെയായിരുന്നു ആക്രമണം എന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ പ്രതികരണം. അതിനിടെ പ്രദേശത്തെ ഒരു പള്ളിക്ക് കേടുപാടുകൾ സംഭവിച്ചെന്നും എത്രത്തോളം അത്യാഹിതമുണ്ടായി എന്നത് പരിശോധിക്കുകയാണെന്നും സൈനികോദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.  

ആക്രമണത്തെ പള്ളിയിലെ വൈദികര്‍ അപലപിച്ചു- "കഴിഞ്ഞ 13 ദിവസമായി ജനവാസ കേന്ദ്രങ്ങളില്‍ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണത്തിൽ എല്ലാം നഷ്ടമായ നിരപരാധികളായ പൗരന്മാരെ, പ്രത്യേകിച്ച് കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കാനാണ് പള്ളി ശ്രമിച്ചത്. ഈ നടന്നത് അവഗണിക്കാൻ കഴിയാത്ത യുദ്ധക്കുറ്റമാണ്"- പ്രസ്താവനയില്‍ അറിയിച്ചു. 

ഇസ്രയേല്‍ വ്യോമാക്രമണത്തിനിടെ ഗാസ മുനമ്പില്‍ നിന്ന് പലായനം ചെയ്ത നൂറു കണക്കിനാളുകള്‍ അഭയം തേടിയത് ഗാസയിലെ സെന്റ് പോർഫിറിയസ് ചര്‍ച്ചിലാണ്. ക്രിസ്ത്യാനികളും മുസ്ലിങ്ങളുമെല്ലാം അഭയം തേടിയവരിലുണ്ടായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് എത്തുന്നവരെ സഹായിക്കാൻ 24 മണിക്കൂറും സേവന സന്നദ്ധരായി പള്ളിയില്‍ വൈദികന്മാര്‍ നിലകൊള്ളുന്നുണ്ടായിരുന്നു. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടേതാണ് സെന്റ് പോർഫിറിയസ് ദേവാലയം. 

ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന പ്ലക്കാർഡുമായി ജൂതർ; പ്രതിഷേധം അമേരിക്കയിലെ ക്യാപിറ്റോൾ ഹില്ലിൽ

ഇസ്രയേൽ പള്ളിയിൽ ബോംബിടില്ലെന്ന് തനിക്ക് ഉറപ്പില്ലെന്ന് സെന്റ് പോർഫിറിയസിലെ വൈദികനായ ഫാദർ ഏലിയാസ് കഴിഞ്ഞ ആഴ്ച പ്രതികരിച്ചിരുന്നു. ആരാധനാലയത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം ഏതെങ്കിലും മതത്തിനെതിരായ ആക്രമണം അല്ലെന്നും മറിച്ച് മാനവികതയ്‌ക്കെതിരായ ആക്രമണം കൂടിയാണെന്നും ഫാദർ ഏലിയാസ് പറയുകയുണ്ടായി. 

1150 നും 1160 നും ഇടയിൽ നിർമിച്ചതാണ്  ഗാസയിലെ സെന്റ് പോർഫിറിയസ് പള്ളി. അഞ്ചാം നൂറ്റാണ്ടില്‍ ഗാസയില്‍ ജീവിച്ചിരുന്ന ബിഷപ്പിന്റെ പേരാണ് പള്ളിക്ക് നല്‍കിയത്. ഗാസയിലെ പലസ്തീനികള്‍ക്ക്  എല്ലാക്കാലത്തും സംഘര്‍ഷ കാലത്ത് ഈ പുരാതന പള്ളി ആശ്വാസമേകിയിരുന്നു. പള്ളിക്ക് എത്രത്തോളം കേടുപാടുകള്‍ സംഭവിച്ചു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആകാശത്ത് പറക്കവേ വിമാനത്തിന്‍റെ എഞ്ചിൻ സ്വിച്ച് ഓഫാക്കാൻ ശ്രമിച്ച് പൈലറ്റ്, മാജിക്ക് മഷ്റൂം കഴിച്ച് ബോധമില്ല; ശിക്ഷാ ഇളവ് നൽകി കോടതി
'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ