
ദാവോസ്: ഇന്ത്യന്‍ സര്‍ക്കാറിനെതിരെ വിമര്‍ശനമുയര്‍ത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വേള്‍ഡ് എക്കണോമിക് ഫോറത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യക്കെതിരെ തിരിഞ്ഞത്. ഹൗഡി മോദി എന്നെ ബാധിക്കുന്ന പ്രശ്നമല്ല. ഇന്ത്യ വലിയ വിപണിയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം എനിക്ക് മനസ്സിലാകും. പക്ഷേ ഇന്ത്യ എങ്ങോട്ടാണ് പോകുന്നതെന്നതില്‍ എനിക്ക് ആശങ്കയുണ്ട്. ചരിത്രവും നാസി ജര്‍മനിയുടെ ഉദയവും നിങ്ങള്‍ വായിച്ചുണ്ടെങ്കില്‍ രണ്ടും സമാന്തരമാണ്- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിന് നേരെ ഇന്ത്യന്‍ സര്‍ക്കാറിന്‍റെ നിലപാടിനെയും അന്താരാഷ്ട്ര വേദിയില്‍ ഇമ്രാന്‍ ഖാന്‍ വിമര്‍ശിച്ചു. ജിംഗോയിസമാണ് മോദി വീണ്ടും അധികാരത്തിലേറാന്‍ കാരണം. ഇന്ത്യയില്‍ പ്രതിഷേധം പുകയുകയാണ്. നിയന്ത്രണ രേഖയില്‍ ബോംബാക്രമണം നടക്കുന്നു. ജനീവ കണ്‍വെന്‍ഷന് വിരുദ്ധമായി കശ്മീരിലെ ജനസംഖ്യയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നു. ജര്‍മനിയില്‍ നാസികള്‍ക്ക് പ്രചോദനമായത് ആര്‍എസ്എസിന്‍റെ പ്രത്യയശാസ്ത്രമാണ്. മറ്റുമതങ്ങളോട് വെറുപ്പില്‍ അധിഷ്ടിതമായതാണ് അവരുടെ പ്രത്യയശാസ്ത്രം. മതേതരവും ബഹുസ്വരവുമായ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ദുരന്തമാണ് അനുഭവിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
രണ്ട് ആണവ രാജ്യങ്ങള്‍ തമ്മില്‍ 'തൊട്ടാല്‍പൊട്ടുന്ന' ബന്ധം നല്ലതല്ല. നിയന്ത്രണ രേഖയില്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. പുല്‍വാമയില്‍ എന്ത് സംഭവിച്ചു. നടപടിയെടുക്കാമെന്ന് പറഞ്ഞതാണ്. എന്നാല്‍ ഇന്ത്യയുടെ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് എത്തി ബോംബ് വര്‍ഷിച്ചു. ഇപ്പോള്‍ യാതൊരു വിധ സംഘര്‍ഷത്തിനും ഞങ്ങള്‍ ഇല്ല. യുഎന്നും യുഎസും ഇടപെടണമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. സമാധാനമാണ് ഇന്ത്യയുമായി ആഗ്രഹിക്കുന്നത്. ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് പാകിസ്ഥാന്‍റെ ആഗ്രഹം.
മോദിയുമായി ചര്‍ച്ചക്ക് സമീപിച്ചു. നിരാശയായിരുന്നു ഫലം. അദ്ദേഹത്തിന്‍റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു. ഉപഭൂഖണ്ഡത്തില്‍ നിരവധി പാവപ്പെട്ടവരുണ്ട്. വ്യവസായം വര്‍ധിപ്പിക്കാനും ദാരിദ്ര്യം ഇല്ലാതാക്കാനുമാണ് ചര്‍ച്ചക്ക് തയ്യാറായത്. എന്നാല്‍, ഇന്ത്യ തയ്യാറാകാതെ മതില്‍കെട്ടി. പുല്‍വാമയില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. തെളിവുകള്‍ നല്‍കിയാല്‍ നടപടിയെടുക്കാമെന്ന് അറിയിച്ചതാണ്. എന്നാല്‍ ആക്രമണമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam