
ബിഷ്കെക്: ഷാങ്ഹായി ഉച്ചകോടിയില്‍ കശ്മീര്‍ പരോക്ഷമായി പരാമര്‍ശിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യങ്ങൾ പിടിച്ചുവച്ചിരിക്കുന്ന ജനതയ്ക്കു മേൽ നടത്തുന്ന അക്രമവും ഭീകരവാദമെന്ന് ഇമ്രാൻ ഖാന്‍ പറഞ്ഞു. തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനുള്ള അവസരം പാഴാക്കരുതെന്നും പാക്കിസ്ഥാൻ ഭീകരവാദത്തിന്‍റെ ഇരയെന്നും ഇമ്രാൻ ഖാന്‍ പറഞ്ഞു.
എന്നാല്‍ ഭീകരവാദികളെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ ആവശ്യപ്പെട്ടത്. ഭീകരരെ സഹായിക്കുന്നവരെയും പ്രോത്സാഹനം നല്കുന്നവരെയും ഭീകരവാദത്തിന് ഉത്തരവാദികളായി കാണണം. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം എന്ന നിർദ്ദേശമാണ് ഇന്ത്യ മുന്നോട്ടു വയ്ക്കുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.
ഉച്ചകോടിയിൽ വേദി പങ്കിട്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇമ്രാന്‍ ഖാന് മുഖം നല്കാൻ തയ്യാറായിരുന്നില്ല. ഇന്നലെ കിർഗിസ്ഥാൻ പ്രസിഡന്‍റ് നല്‍കിയ അത്താഴ വിരുന്നിലും ഇരുനേതാക്കളും പരസ്പരം സംസാരിച്ചില്ല. ഉച്ചകോടിയിൽ പാകിസ്ഥാന്‍റെ പേര് പറയാതെ പാക് കേന്ദ്രീകൃത ഭീകരവാദത്തിനെതിരെ മോദി ആഞ്ഞടിച്ചു. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിച്ചു ചേർക്കണം എന്നും മോദി ആവശ്യപ്പെടുകയായിരുന്നു.
ഇന്ത്യയുമായുള്ള എല്ലാ വിഷയങ്ങളും ചർച്ചയിലൂടെ തീർക്കാൻ തയ്യാറെന്ന് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക്കിനോട് ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു. ഇന്ത്യ പാക് പ്രശ്നത്തിൽ രാജ്യാന്തര മധ്യസ്ഥ ചര്‍ച്ച വേണമെന്നും നരേന്ദ്രമോദിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും ഇമ്രാൻഖാൻ പറഞ്ഞു. എന്നാൽ ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് ഇന്ത്യക്ക്. ഭീകരവാദത്തെ കുറിച്ച് ഇന്ത്യ പറഞ്ഞ കാര്യങ്ങളോട് പ്രതികരിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ലെന്നും ചര്‍ച്ചക്ക് സാഹചര്യം ഒരുക്കാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യ പ്രതികരിച്ചു.
രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നം മാത്രമാണ് ഇന്ത്യക്കും പാകിസ്ഥാനും ഇടയ്ക്ക് ഉള്ളത്. അതിൽ രാജ്യാന്തര ചര്‍ച്ചയുടെ കാര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാടെടുത്തു. ആദ്യ സർക്കാരിന്‍റെ കാലത്ത് നവാസ് ഷെരിഫിനോട് സൗഹൃദം കാട്ടിയ നരേന്ദ്രമോദി അതേ നിലപാട് ഇമ്രാൻ പ്രതീക്ഷിക്കേണ്ടെന്ന സന്ദേശമാണ് നല്‍കുന്നത്. ഇന്ത്യാ-പാക് സമഗ്ര ചർച്ച വീണ്ടും തുടങ്ങാനുള്ള സാധ്യതകൾ തല്‍ക്കാലം അടയ്ക്കുന്നതാണ് ബിഷ്ക്കെക്കിലെ കാഴ്ചകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam