
ബീജിംഗ്: ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ പുതുതായി നിർമ്മിച്ച ഹോങ്ചി ബ്രിഡ്ജ് ഭാഗികമായി തകർന്നു. നവംബർ 11-ന് നടന്ന സംഭവത്തിൽ ടൺ കണക്കിന് കോൺക്രീറ്റ് നദിയിലേക്ക് പതിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മധ്യ ചൈനയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയുടെ ഭാഗമായ 758 മീറ്റർ നീളമുള്ള ഈ പാലം, വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച അടച്ചിരുന്നു.
അപകടത്തിൽ ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല. ചരിഞ്ഞ പർവതമേഖലയിലെ ഭൗമപരമായ അസ്ഥിരതയാണ് പാലം തകരാൻ കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മാൽക്കാങ് നഗരത്തിലെ ഹോങ്ചി പാലം സ്ഥിതി ചെയ്യുന്ന ദേശീയപാതയുടെ വലത് കരയിൽ തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 5:25-ന് അപകട മുന്നറിയിപ്പിനെ തുടർന്ന് അധികൃതർ അടിയന്തര ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയിരുന്നു.
ഷുവാങ്ജിയാങ്കു ഹൈഡ്രോപവർ സ്റ്റേഷന് സമീപം 625 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്തിരുന്ന ഈ പാലം, സിചുവാനെയും ടിബറ്റൻ പീഠഭൂമിയെയും ബന്ധിപ്പിക്കുന്നത് എളുപ്പമാക്കാൻ ഈ വർഷം ആദ്യം നിർമ്മിച്ചതാണ്. സെപ്റ്റംബറിലാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. പാലം തകർന്നതിനെത്തുടർന്ന് അധികൃതർ പ്രദേശം അടച്ചുപൂട്ടിയിട്ടുണ്ട്. രൂപകൽപ്പനയിലോ നിർമ്മാണത്തിലോ ഉള്ള പ്രശ്നങ്ങൾ സംഭവത്തിന് കാരണമായോ എന്ന് കണ്ടെത്താൻ വിശദമായ സാങ്കേതിക അന്വേഷണം നടന്നുവരികയാണ്. ദേശീയപാത എപ്പോൾ തുറക്കുമെന്ന് നിലവിൽ സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam