
ദില്ലി: ചെങ്കോട്ട സ്ഫോടനത്തിന് ആഴ്ചകൾക്ക് മുമ്പ് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് (JeM) നിർണ്ണായക സ്ഥാനത്ത് ഒരു പുതിയ അംഗത്തെ തങ്ങളുടെ പ്രധാനിയായി ചേർത്തിരുന്നു. 2019-ലെ പുൽവാമ ആക്രമണത്തിന് പിന്നിൽ പ്രവൃത്തിച്ച ഭീകരൻ്റെ ഭാര്യയായ അഫീറ ബീബി ആണ് ഇപ്പോൾ ജെയ്‌ഷെ മുഹമ്മദിൻ്റെ വനിതാ വിഭാഗമായ 'ജമാഅത്ത്-ഉൽ-മൊമിനാത്ത്' എന്ന ബ്രിഗേഡിൻ്റെ മുഖമായി മാറിയിരിക്കുന്നത്. അഫീറ ബീബി ഈ ബ്രിഗേഡിൻ്റെ ശൂറയുടെ (Shura - ഉപദേശക സമിതി) ഭാഗമായിട്ടുണ്ട്. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിൻ്റെ ഇളയ സഹോദരി സാദിയ അസ്ഹറിനൊപ്പമാണ് അവർ പ്രവർത്തിക്കുക. ഇന്ത്യയിലേക്ക് അതിർത്തി കടന്ന് ഭീകരാക്രമണങ്ങൾ നടത്താനുള്ള പദ്ധതികൾ പരസ്യമായി പ്രഖ്യാപിക്കാൻ ഒരിക്കലും മടികാണിക്കാതിരുന്ന ഭീകരനാണ് മസൂദ് അസ്ഹര്‍.
കാണ്ഡഹാർ വിമാനറാഞ്ചൽ കേസിൻ്റെ സൂത്രധാരനായിരുന്ന ഭീകരൻ യൂസഫ് അസ്ഹറിൻ്റെ ഭാര്യയാണ് സാദിയ അസ്ഹർ. യൂസഫ് അസ്ഹർ ജെയ്‌ഷിന്റെ ബഹാവൽപൂർ ക്യാമ്പിൽ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' ആക്രമണത്തിനിടെ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിൽ ഭീകരത വ്യാപിപ്പിക്കാൻ അസ്ഹറിൻ്റെ പദ്ധതികളിൽ സാദിയ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. തൻ്റെ സംഘടന വികസിപ്പിക്കുന്നതിനും വനിതാ അംഗങ്ങളെ മൗലികവാദത്തിലേക്ക് ആകര്‍ഷിച്ച് റിക്രൂട്ട് ചെയ്യുന്നതിനും സാദിയ പ്രധാന ഉപകരണമായി. ഇനി സാദിയയുടെ മേൽനോട്ടത്തിൽ അഫീറ ബീബിയും ജമാഅത്ത്-ഉൻ-മൊമിനാത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഡൽഹി സ്ഫോടനത്തിന് തൊട്ടുമുമ്പ് ജെയ്‌ഷെ മുഹമ്മദ് വനിതാ വിഭാഗത്തിന്റെ ഭാഗമായ അഫീറ ബീബിയുടെ ഭർത്താവ്, 2019ലെ പുൽവാമ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ ആയിരുന്നു. അഫീറ ബീബിയുടെ ഭർത്താവായ ഉമർ ഫാറൂഖ് ജെയ്‌ഷെ മുഹമ്മദിൻ്റെ ഉന്നത കമാൻഡർമാരിൽ ഒരാളായിരുന്നു. 2019 ഫെബ്രുവരി 14-ന് സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി 40 ജവാന്മാരുടെ മരണത്തിന് കാരണമായ പുൽവാമ ആക്രമണത്തിൻ്റെ മുഖ്യ ഗൂഢാലോചന നടത്തിയത് ഇയാളായിരുന്നു. ഉമർ ഫാറൂഖ് 2019-ൽ ജമ്മു കശ്മീരിലെ ദച്ചിഗാം ദേശീയോദ്യാനത്തിന് സമീപം വെച്ച് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഭീകരതയുടെ സൂത്രധാരൻമാരുടെ കുടുംബാംഗങ്ങളെ ഉപയോഗിച്ച് വനിതാ വിഭാഗത്തെ ശക്തിപ്പെടുത്താനുള്ള ജെയ്‌ഷെ മുഹമ്മദിൻ്റെ നീക്കമാണ് അഫീറ ബീബിയുടെ സ്ഥാനലബ്ധിയിലൂടെ വ്യക്തമാവുന്നത്.
ജെയ്‌ഷെ മുഹമ്മദ് വനിതാ വിഭാഗമായ 'ജമാഅത്ത്-ഉൽ-മൊമിനാത്ത്' സജീവമാക്കി പ്രവർത്തനം വ്യാപിപ്പിക്കുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ടുകൾ നൽകുന്ന സൂചന. ഐസിസ്, ഹമാസ്, എൽ.ടി.ടി.ഇ. എന്നിവയുടെ മാതൃകയിൽ സ്ത്രീകളെ ഉപയോഗിച്ച് നെറ്റ്വര്‍ക്ക് ശക്തിപ്പെടുത്താനും അവരെ ഫിദായീൻ (ചാവേർ) ആക്രമണങ്ങൾക്കായി തയ്യാറാക്കാനുമാണ് ജെയ്‌ഷിന്റെ നീക്കം.
ഒക്ടോബർ 8-നാണ് ജെയ്‌ഷെ തലവൻ മസൂദ് അസ്ഹർ വനിതാ ബ്രിഗേഡിൻ്റെ രൂപീകരണം പ്രഖ്യാപിച്ചത്. ഈ ഗ്രൂപ്പിലേക്ക് സ്ത്രീകളെ കൊണ്ടുവരാനായി ഒക്ടോബർ 19-ന് പാക് അധിനിവേശ കശ്മീരിലെ (POK) റാവൽക്കോട്ടിൽ 'ദുഖ്തരാൻ-ഇ-ഇസ്ലാം' എന്ന പേരിൽ പരിപാടിയും നടത്തിയിരുന്നു. ഈ വിഭാഗത്തിൻ്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനായാണ് അസ്ഹർ തൻ്റെ സഹോദരി സാദിയ അസ്ഹറിനെയും പിന്നീട് പുൽവാമ ആക്രമണ സൂത്രധാരൻ്റെ ഭാര്യയായ അഫീറ ബീബിയെയും നിയോഗിച്ചത്.
മുസ്‌ലിം സ്ത്രീകൾക്കിടയിൽ തങ്ങളുടെ പ്രചാരണവും തീവ്രവാദ ആശയങ്ങളും വ്യാപിപ്പിക്കുകയാണ് സാദിയയുടെയും ബീബിയുടെയും നിയമനത്തിനു പിന്നിലെ മുഖ്യ ലക്ഷ്യം. 'മതപരമായ വിദ്യാഭ്യാസം', 'സാമൂഹിക പ്രവർത്തനങ്ങൾ' എന്നിവയുടെ മറവിൽ സ്ത്രീകളെ തീവ്രവാദത്തിലേക്ക് കൊണ്ടുവരാനാണ് ഈ നീക്കം. ഇത് ഭീകരരുടെ പുതിയ തന്ത്രമാണെന്നും ഇൻ്റലിജൻസ് ഏജൻസികൾ വിലയിരുത്തുന്നു.
വനിതാ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനും ഫണ്ട് ശേഖരിക്കുന്നതിനുമായി ജമാഅത്ത്-ഉൽ-മൊമിനാത്ത് കഴിഞ്ഞ മാസം 'തുഫത് അൽ-മൊമിനാത്ത്' എന്ന പേരിൽ ഒരു ഓൺലൈൻ പരിശീലന കോഴ്‌സ് ആരംഭിച്ചു. ജെയ്‌ഷ് കമാൻഡർമാരുടെ കുടുംബാംഗങ്ങളായ സ്ത്രീകളെ ടജിഹാദിൻ്റെ കാഴ്ചപ്പാടുകളനുസരിച്ചുള്ള സ്ത്രീകളുടെ കടമകൾ'പഠിപ്പിക്കാനാണ് കോഴ്‌സ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ നവംബർ 8-നാണ് റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. മസൂദ് അസ്ഹറിൻ്റെ സഹോദരിമാരായ സാദിയ അസ്ഹർ, സമീറ അസ്ഹർ എന്നിവർ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ദിവസേന 40 മിനിറ്റ് വീതം പ്രഭാഷണങ്ങൾ നടത്തി സ്ത്രീകളെ ജമാഅത്ത്-ഉൽ-മൊമിനാത്തിൽ ചേരാൻ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. കോഴ്‌സിൽ ചേരുന്ന ഓരോ സ്ത്രീയിൽ നിന്നും ജെയ്‌ഷ് 500 പാകിസ്ഥാൻ രൂപ ഫീസായി ശേഖരിച്ചു. ഇതിന് പുറമെ, ഫണ്ട് ശേഖരണത്തിനായി അസ്ഹർ തൻ്റെ ബഹാവൽപൂർ ക്യാമ്പിൽ വെച്ച് നടത്തിയ ഏറ്റവും പുതിയ പ്രസംഗത്തിൽ സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
വനിതാ ബ്രിഗേഡിന് ഡൽഹിയിലെ റെഡ് ഫോർട്ട് സ്ഫോടനവുമായി ബന്ധമുണ്ട്. ജമാഅത്ത്-ഉൽ-മൊമിനാത്തിൻ്റെ ഇന്ത്യയിലെ റിക്രൂട്ടുകളിൽ ഒരാളായ ലഖ്‌നൗ സ്വദേശിനി ഡോ. ഷഹീൻ സയീദിനെ സംഘടനയുടെ പ്രാദേശിക യൂണിറ്റ് സ്ഥാപിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്, ഇവരുടെ കാറിൽ നിന്ന് ഒരു അസോൾട്ട് റൈഫിളും വെടിക്കോപ്പുകളും കണ്ടെത്തിയതിനെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഈ സ്ഫോടനത്തിൽ ഒമ്പത് പേർ മരിക്കുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.