
കാഠ്മണ്ഡു: ഇന്ത്യന്‍ പ്രദേശങ്ങള്‍ കയ്യേറി എന്ന നേപ്പാള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ. അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന കാലാപനിയെ കുറിച്ച് ചോദ്യമുയര്‍ന്ന ഘട്ടത്തിലാണ് ബലേന്ദ്ര ഷയുടെ പാര്‍ലമെന്‍റിലെ പരാമർശം. ഇതോടെ ഏതൊക്കെ സ്ഥലങ്ങൾ അതിക്രമിച്ചു കയറി എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം വച്ചു. നേപ്പാൾ പ്രധാനമന്ത്രിയുടെ പരാമർശം ഇന്ത്യയിലും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് സാധ്യത മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ദീർഘകാല അതിർത്തി തർക്കങ്ങളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ് നേപ്പാൾ പ്രധാനമന്ത്രിയുടെ പ്രസ്താവന . ഈ വർഷം ആദ്യം ഹിമാലയൻ രാജ്യമായ നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. ലിപുലേഖ്, ലിംപിയാധുര, കാലാപാനി തുടങ്ങിയ പ്രദേശങ്ങളെച്ചൊല്ലിയുള്ള അതിർത്തി തർക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഇപ്പോഴും ഒരു പ്രധാന പ്രശ്നമായി തുടരുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. എങ്കിലും, ഈ പ്രശ്നം പരിഹരിക്കാൻ ഇരുരാജ്യങ്ങളും ചരിത്രകാരന്മാരുടെയും സർവേയർമാരുടെയും വിദഗ്ദ്ധരുടെയും സഹായം തേടണമെന്ന അനുരഞ്ജനപരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
പ്രധാനമന്ത്രിയായ ശേഷം താൻ അറിഞ്ഞ ഒരു വസ്തുത നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം എന്ന് പറഞ്ഞുകൊണ്ട്, ഇന്ത്യ നേപ്പാളിന്റെ ഭൂമി കൈയേറുക മാത്രമല്ല, പല സ്ഥലങ്ങളിലും നേപ്പാൾ ഇന്ത്യൻ ഭൂമിയും കൈയേറിയിട്ടുണ്ടെന്ന് മുപ്പത്തിയഞ്ചുകാരനായ ഈ നേതാവ് പാർലമെന്റിൽ വ്യക്തമാക്കിയത്. എന്നാൽ നേപ്പാൾ ഇന്ത്യൻ പ്രദേശം കൈയേറി എന്ന പ്രധാനമന്ത്രിയുടെ പരാമർശം കാഠ്മണ്ഡുവിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായിട്ടുണ്ട്. മണിക്കൂറുകൾക്കകം നേപ്പാൾ വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. നേപ്പാൾ ഇന്ത്യൻ പ്രദേശം കൈയേറി എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ യഥാർത്ഥത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള നോ മാൻസ് ലാൻഡ്, അതിർത്തി കടന്നുള്ള ഭൂമി കൈയേറ്റം എന്നിവയെയാണ് സൂചിപ്പിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യൻ ഭാഗത്തുള്ള ജനങ്ങൾ ഉപയോഗിക്കുന്ന ഭൂമി നേപ്പാളിന്റെ പരിധിയിലും, നേപ്പാളിലുള്ളവർ ഉപയോഗിക്കുന്ന ഭൂമി ഇന്ത്യൻ പരിധിയിലും വരാനുള്ള സാധ്യതകളുണ്ടെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യയിലെ ഭൂമി നേപ്പാളിന്റെ ഭാഗത്താണ് എന്ന് പ്രധാനമന്ത്രി പറഞ്ഞത് അതിർത്തി കടന്നുള്ള ജനങ്ങളുടെ ഭൂമി ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്ന് പ്രസ്താവനയിൽ പറയുന്നത്. പ്രമുഖ അതിർത്തി വിദഗ്ദ്ധനായ ബുദ്ധി നാരായൺ ശ്രേഷ്ഠയും ഈ പ്രസ്താവനയെ തള്ളിപ്പറഞ്ഞു.
നേപ്പാൾ ഒരിക്കലും ഇന്ത്യൻ പ്രദേശം കൈയേറിയിട്ടില്ലെന്നും, ചില അതിർത്തി പ്രദേശങ്ങളിൽ അതിർത്തി തൂണുകൾ ഇല്ലാത്തതിനാലും സ്വതന്ത്രമായ സഞ്ചാരം ഉള്ളതിനാലും ഇരുഭാഗത്തെയും കർഷകർ പരസ്പരം ഭൂമി കൃഷിക്കായി ഉപയോഗിക്കാറുണ്ടെന്നതുമാണ് യാഥാർത്ഥ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ത്യയിലെ മുൻ നേപ്പാൾ അംബാസഡറായ നിലാംബര ആചാര്യയും പ്രതികരണവുമായി രംഗത്തെത്തി. നേപ്പാൾ ഇന്ത്യൻ പ്രദേശം കൈയേറിയതിനെക്കുറിച്ച് പ്രധാനമന്ത്രിക്ക് കൃത്യമായ വിവരമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കങ്ങളുടെ 97 ശതമാനവും ഇതിനകം പരിഹരിക്കപ്പെട്ടതാണെന്നും, അതിർത്തി തൂണുകൾ നഷ്ടപ്പെട്ട ചിലയിടങ്ങളിൽ മാത്രമാണ് ഭൂമി ഉപയോഗത്തിൽ ആശയക്കുഴപ്പമുള്ളതെന്നും, നേപ്പാൾ ഇന്ത്യൻ ഭൂമി കൈയേറിയതായി ഔദ്യോഗിക രേഖകളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൈലാസ് മാനസസരോവർ യാത്രയും അതിർത്തി തർക്കവും ഇന്ത്യ, ചൈന, നേപ്പാൾ എന്നീ മൂന്ന് രാജ്യങ്ങളുടെയും അതിർത്തികൾ സംഗമിക്കുന്ന തന്ത്രപ്രധാനമായ പ്രദേശത്താണ് ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നീ മൂന്ന് സ്ഥലങ്ങളും സ്ഥിതി ചെയ്യുന്നത്. വർഷങ്ങളായി നിലനിന്നിരുന്ന ഈ തർക്കം 2021 ജൂണിൽ കെ.പി. ശർമ്മ ഒലിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സർക്കാർ ഈ മൂന്ന് പ്രദേശങ്ങളും നേപ്പാളിന്റെ ഭാഗമായി കാണിച്ചുകൊണ്ടുള്ള പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയതോടെയാണ് കൂടുതൽ വഷളായത്. എന്നാൽ നേപ്പാളിന്റെ ഈ ഏകപക്ഷീയമായ ഭൂപട നിർണ്ണയത്തെ ഇന്ത്യ അന്ന് തന്നെ തള്ളിക്കളയുകയും, ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും നേപ്പാൾ ബഹുമാനിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിലവിൽ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ള കൈലാസ് മാനസസരോവർ യാത്ര ലിപുലേഖ് ചുരം വഴി നടത്തുന്നതിനെതിരെ അടുത്തിടെ നേപ്പാൾ നയതന്ത്രപരമായ എതിർപ്പ് പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ബാലൻ ഷായുടെ ഈ പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam