ദുബായ് നഗരത്തിൽ സ്ഫോടനമുണ്ടായെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് ദുബായ് അധികൃതർ. ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് ആണ് വാർത്തകൾക്കെതിരെ രംഗത്തെത്തിയത്. ഡൗൺ ടൗണിൽ സ്ഫോടനം ഉണ്ടായെന്നായിരുന്നു റിപ്പോർട്ട്.
ദുബായ്: ദുബായ് നഗരത്തിൽ സ്ഫോടനമുണ്ടായെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് വാർത്തയ്ക്കെതിരെ ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് രംഗത്തെത്തി. റോയിറ്റേഴ്സിൻ്റെ റിപ്പോർട്ട് തെറ്റാണെന്നും വാർത്താ മാധ്യമങ്ങൾ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നും മീഡിയ ഓഫീസ് അറിയിച്ചു.
ദുബായിലെ ബിസിനസ് കേന്ദ്രമായ ഡൗൺ ടൗണിൽ സ്ഫോടനം ഉണ്ടായെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. സ്ഫോടന ശബ്ദം കേട്ടവർ ഉണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയായിരുന്നു. റിപ്പോർട്ടിനെ തുടർന്ന് മേഖലയിൽ ആശങ്ക ഉടലെടുത്തിരുന്നു.
എന്നാൽ ഇത് തെറ്റാണെന്നും ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ നിർദേശിച്ചു. തെറ്റായ വാർത്തകളോ അല്ലെങ്കിൽ വിവരങ്ങളോ പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ 67 ദിവസമായി യുഎഇ വ്യോമ ഭീഷണികൾ നേരിട്ടിട്ടില്ല. ഇക്കഴിഞ്ഞ മെയ് 10ന് അധികൃതർ രണ്ട് ഡ്രോണുകൾ ലക്ഷ്യമിട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.


