
ദില്ലി: സമീപകാലത്തെ നയതന്ത്ര അകൽച്ചകൾക്കിടെ കൂടുതൽ സഹകരണം ഉറപ്പിക്കാൻ ഇന്ത്യ - നേപ്പാൾ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ബലേൻ ഷായും തമ്മിൽ നേരിട്ട് നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. നേപ്പാളിന്റെ വികസനത്തിനായി 24000 കോടിയുടെ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. അയോധ്യയിൽ നിന്ന് നേപ്പാളിലെ ജനക്പൂർ ധാം വരെ പോകുന്ന ട്രെയിൻ ഇരു പ്രധാനമന്ത്രിമാരും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശം പൂർത്തിയാക്കി നേപ്പാൾ പ്രധാനമന്ത്രി ഇന്ന് മടങ്ങും.
നേപ്പാളിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ തുടർച്ചയായ ശ്രമങ്ങൾക്കിടെയാണ് അയൽ രാജ്യത്തെ ചേർത്തു പിടിക്കാനുള്ള ഇന്ത്യൻ നയതന്ത്ര നീക്കം. അധികാരത്തിൽ എത്തിയതിന് ശേഷം നേപ്പാൾ പ്രധാനമന്ത്രി ബലേൻ ഷാ നടത്തുന്ന ആദ്യ വിദേശ പര്യടനം ഇന്ത്യയിലേക്കായത് തന്നെ ഇതിന്‍റെ വ്യക്തമായ സൂചനയായി. 24000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് ഇന്ത്യ, നേപ്പാളിനായി പ്രഖ്യാപിച്ചത്. ഊർജ്ജ മേഖലയിൽ സഹകരണം ഉറപ്പാക്കാനും തീരുമാനമായി. നേപ്പാളിന്റെ വികസനത്തിൽ പ്രതിജ്ഞാബദ്ധമെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി, ഐ ഐ ടി ഓഫ്ഷോർ ക്യാംപസും ഇന്നവേഷൻ ഹബ്ബും നേപ്പാളിനായി പ്രഖ്യാപിച്ചു. സ്റ്റാർട്ടപ്പുകൾക്ക് സഹായവും നൽകാൻ തീരുമാനിച്ചതായി മോദി അറിയിച്ചു. അയോധ്യയിൽ നിന്ന് അതിർത്തി കടന്ന് നേപ്പാളിലെ ജനക്പൂർ ധാം വരെ 604 കിലോമീറ്റർ ദൂരം പിന്നിടുന്ന ട്രെയിൻ ഇരു പ്രധാനമന്ത്രിമാരും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കാണ്ട്ല, പാരദീപ് തുറമുഖങ്ങൾ നേപ്പാളിന് തുറന്നു നൽകാനും ഉഭയകക്ഷി ചർച്ചകളിൽ തീരുമാനിച്ചു. ചരിത്രപരമായ നിമിഷമെന്നാണ് ഇന്ത്യ സന്ദർശനത്തെ നേപ്പാൾ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. നേപ്പാളും ഇന്ത്യയും തമ്മിലുള്ള ബന്ധം ഹിമാലയം പോലെ ദൃഢവും സമുദ്രം പോലെ വിശാലവുമാണെന്നും ബലേൻ ഷാ കൂട്ടിച്ചേർത്തു. പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലുമൂന്നിയ ഇന്ത്യ നേപ്പാൾ സൗഹൃദം എന്നും തുടരുമെന്ന് പറഞ്ഞ ബലേൻ ഷാ, പ്രകൃതി ദുരന്ത സമയത്തെ ഇന്ത്യയുടെ സഹായവും പ്രത്യേകം പരാമർശിച്ചു. പ്രധാനമന്ത്രി മോദിയെ നേപ്പാൾ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു. നേരത്തേ രാഷ്ട്രപതി ഭവനിൽ ബലേൻ ഷായ്ക്ക് ഔദ്യോഗിക സ്വീകരണം ഒരുക്കിയിരുന്നു. ഇന്നലെ ഇന്ത്യയിലെത്തിയ ബലേൻ ഷാ ദ്വിദ്വിന സന്ദർശനം പൂർത്തിയാക്കി വൈകാതെ മടങ്ങും.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam