ലോകം ഉറ്റുനോക്കുന്ന തീരുമാനം! 5 വർഷത്തിന് ശേഷം യാഥാർത്ഥ്യമാകുന്നു, ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ തുടങ്ങും

Published : Oct 02, 2025, 09:28 PM IST
Modi Xi Jinping

Synopsis

അമേരിക്കൻ പ്രസിഡന്‍റായുള്ള രണ്ടാം വരവിലെ ഡോണൾഡ് ട്രംപിന്‍റെ തീരുമാനങ്ങളും ഭീഷണികളും ലോക രാജ്യങ്ങൾ തമ്മിലുള്ള സമവാക്യങ്ങൾ മാറ്റിമറിക്കുകയാണ്. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വീണ്ടും 'ഭായി ഭായി' ആകുന്നത്

ദില്ലി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിട്ട് ഏറെക്കുറെ അഞ്ച് വർഷത്തോളമായി. അതിർത്തി പ്രശ്നങ്ങളിൽ തുടങ്ങിയ ഉരസൽ പിന്നെ നയതന്ത്ര മേഖലയിലേക്ക് ശക്തമായ പടർന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്‍റായുള്ള രണ്ടാം വരവിലെ ഡോണൾഡ് ട്രംപിന്‍റെ തീരുമാനങ്ങളും ഭീഷണികളും ലോക രാജ്യങ്ങൾ തമ്മിലുള്ള സമവാക്യങ്ങൾ മാറ്റിമറിക്കുകയാണ്. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വീണ്ടും 'ഭായി ഭായി' ആകുന്നത്. അഞ്ച് വർഷത്തിനിപ്പുറം ലോകം ഉറ്റുനോക്കുന്ന തീരുമാനമാണ് ഇന്നുണ്ടായിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിക്കാൻ തീരുമാനമായി എന്നത് ആഗോള സാഹചര്യത്തിൽ അതീവ പ്രാധാന്യം അർഹിക്കുന്നതാണ്.

ഇന്ത്യ - ചൈന ബന്ധം ശക്തമാക്കുന്ന തീരുമാനം

ഇരുരാജ്യങ്ങളുടെയും ബന്ധം സാധാരണനിലയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് ഇതിലൂടെ പുറത്തുവരുന്നത്. 2020 ലെ നിർത്തലാക്കപ്പെട്ട വിമാന സർവീസുകളാണ് ഇപ്പോൾ പുനഃസ്ഥാപിക്കാൻ തീരുമാനമായിരിക്കുന്നത്. ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തെത്തുടർന്ന് വഷളായ ബന്ധം ഇതോടെ ശരിയാകുമെന്നാണ് പ്രതീക്ഷ. ഒക്ടോബർ അവസാനത്തോടെ നേരിട്ടുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങൾ തമ്മിൽ നടന്ന സാങ്കേതിക ചർച്ചകളാണ് ഈ ധാരണയിലേക്ക് നയിച്ചത്. ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയിൽ ഈ വിഷയം പ്രധാന ചർച്ചാവിഷയമായിരുന്നു. വിമാന സർവീസുകളുടെ പുനരാരംഭിക്കൽ ഇരുരാജ്യങ്ങളിലെയും പൗരന്മാർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനും വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യ - ചൈന ബന്ധത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമാകും

വിമാന സർവീസുകൾ പുനഃരാരംഭിക്കാനുള്ള നീക്കം ഇന്ത്യ - ചൈന ബന്ധത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിമാന സർവീസുകളുടെ പുനരാരംഭിക്കൽ നേരിട്ടുള്ള വ്യാപാര, വിനോദസഞ്ചാര, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങളും ഇതോടെ കൂടുതൽ മെച്ചപ്പെടുമെന്ന് ഉറപ്പാണ്. ഇന്ത്യൻ വിമാന കമ്പനിയായ ഇൻഡിഗോ 2025 ഒക്ടോബർ 26 മുതൽ കൊൽക്കത്തയിൽ നിന്ന് ചൈനയിലെ ഗ്വാങ്‌ഷൂവിലേക്ക് ദിവസേന നോൺ - സ്റ്റോപ്പ് വിമാന സർവീസ് പുനഃരാരംഭിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. റെഗുലേറ്ററി അനുമതികൾക്ക് വിധേയമായി, ദില്ലിയിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും. എയർബസ് എ 320 നിയോ വിമാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന ഈ സർവീസുകൾ, അതിർത്തി കടന്നുള്ള വ്യാപാരം, തന്ത്രപ്രധാനമായ ബിസിനസ് പങ്കാളിത്തം, ഇരു രാജ്യങ്ങൾക്കിടയിലുള്ള ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുമെന്ന് ഇൻഡിഗോ പ്രത്യാശ പ്രകടിപ്പിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബോർഡ് ഓഫ് പീസിൽ ചേരാൻ വിസമ്മതിച്ച ഫ്രാൻസിനും മക്രോണിനുമെതിരെ ട്രംപ്, കടുത്ത ഭീഷണി, 200 ശതമാനം തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ്
'യുദ്ധത്തിലേ അവസാനിക്കൂ'; അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഡാനിഷ് എംപി; ഗ്രീൻലാൻ്റ് വിവാദം കത്തുന്നു