ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ട്രംപിനോട് ഇന്ത്യ; ശക്തമായ മറുപടി യുഎസ്-റഷ്യ വ്യാപാരം അക്കമിട്ട് നിരത്തി

Published : Aug 05, 2025, 12:02 AM IST
modi trump

Synopsis

യുക്രെയ്ൻ - റഷ്യ സംഘർഷം തുടങ്ങിയപ്പോൾ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ യുഎസ്  പ്രോത്സാഹിപ്പിച്ചതാണെന്നും ആഗോള എണ്ണ വില പിടിച്ചു നിർത്തിയത് ഇന്ത്യയുടെ ഈ തീരുമാനമെന്നും വിദേശകാര്യ വക്താവ്

ദില്ലി: ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണി മുഴക്കിയ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി ഇന്ത്യ. അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ടെന്നും ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി ട്രംപ് മുഴക്കുന്ന ഭീഷണിക്കാണ് വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയത്. ശക്തമായ ഭാഷയിലാണ് ഇന്ത്യയുടെ മറുപടി.

യുക്രെയ്നിൽ നൂറു കണക്കിന് പേർ കൊല്ലപ്പെടുമ്പോഴാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് എന്നാണ് ട്രംപിന്‍റെ ആരോപണം. എന്നാൽ യുക്രെയ്ൻ - റഷ്യ സംഘർഷം തുടങ്ങിയപ്പോൾ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രോത്സാഹിപ്പിച്ചതാണെന്നും ആഗോള എണ്ണ വില പിടിച്ചു നിർത്തിയത് ഇന്ത്യയുടെ ഈ തീരുമാനമെന്നും വിദേശകാര്യ വക്താവ് പ്രതികരിച്ചു.

അമേരിക്ക റഷ്യയിൽ നിന്ന് എന്തെല്ലാം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ആണവ വ്യവസായത്തിനായുള്ള യുറേനിയം ഹെക്സാഫ്ലൂറൈഡ്, ഇവി വ്യവസായത്തിനായുള്ള പലേഡിയം, രാസവളങ്ങൾ, രാസവസ്തുക്കൾ എന്നിവ യുഎസ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

റഷ്യയുമായി യൂറോപ്യൻ യൂണിയനും യു.എസിനുമുള്ള വ്യാപാരക്കരാറുകൾ ഇന്ത്യ അക്കമിട്ട് നിരത്തി. 2024-ൽ യൂറോപ്യൻ യൂണിയനും റഷ്യയും തമ്മിൽ 67.5 ബില്യൺ യൂറോയുടെ വ്യാപാരം നടന്നു. 2023-ൽ 17.2 ബില്യൺ യൂറോയുടെ സേവന വ്യാപാരവും ഉണ്ടായിരുന്നു. ഇത് ആ വർഷമോ അതിനു ശേഷമോ റഷ്യയുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരത്തേക്കാൾ വളരെ കൂടുതലാണ്. യുറോപ്പിലെ എൽഎൻജി ഇറക്കുമതി 2024-ൽ 16.5 ദശലക്ഷം ടണ്ണിലെത്തിയതും ഇന്ത്യ ചൂണ്ടിക്കാട്ടി. യൂറോപ്പ്-റഷ്യ വ്യാപാരത്തിൽ ഊർജ്ജം മാത്രമല്ല ഉൾപ്പെടുന്നതെന്നും രാസവളങ്ങൾ, ഖനന ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക്, യന്ത്രസാമഗ്രികൾ എന്നിവയും ഉൾപ്പെടുന്നുവെന്നും ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ലക്ഷ്യമിടുന്നത് തികച്ചും അന്യായമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഏതൊരു വലിയ സമ്പദ്‌വ്യവസ്ഥയെയും പോലെ, ഇന്ത്യയും തങ്ങളുടെ ദേശീയ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

നേരത്തെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തീരുവ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് ട്രംപ് വീണ്ടും ഇന്ന് ഭീഷണി മുഴക്കി. എന്നാൽ എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ട്രംപിനോട് നേരിട്ട് ഏറ്റുമുട്ടേണ്ടതില്ലെന്ന് മുൻ നിലപാട് തിരുത്തി ശക്തമായ മറുപടിയാണ് ഇന്ന് ഇന്ത്യ നൽകിയിരിക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യയെ അനാവശ്യമായി വലിച്ചിഴച്ച് ചൈനയും, ട്രംപിന് പിന്നാലെ അവകാശവാദം; 'ഇന്ത്യ - പാക് സംഘർഷം അവസാനപ്പിക്കാൻ ഇടപെട്ടു'
കറൻസി കൂപ്പുകുത്തി, 42 ശതമാനമായി പണപ്പെരുപ്പം, ഇറാനിൽ പ്രതിഷേധവുമായി ജനം തെരുവിൽ