'ഇന്ത്യ യുക്രെയ്നെതിരായ യുദ്ധത്തെ സഹായിക്കുന്നു'; റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ

Published : Aug 04, 2025, 08:39 AM IST
Top Trump Aide Stephen Miller against India - Russia Oil deal

Synopsis

വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ട്രംപ് ഭരണകൂടത്തിൽ ഏറ്റവും സ്വാധീനമുള്ളവരിൽ ഒരാളുമായ സ്റ്റീഫൻ മില്ലർ ആണ് ഇന്ത്യയ്ക്ക് മേൽ സമ്മർദം ശക്തമാക്കി രംഗത്തെത്തിയത്.

വാഷിങ്ടണ്‍: റഷ്യയിൽ നിന്ന് എണ്ണ വാങ്ങിക്കൊണ്ട് ഇന്ത്യ യുക്രെയ്നെതിരായ യുദ്ധത്തിന് സാമ്പത്തിക സഹായം നൽകുകയാണെന്ന ആരോപണവുമായി ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ, റഷ്യയുമായുള്ള വ്യാപാരം നിർത്താൻ ഇന്ത്യയ്ക്ക് മേൽ അമേരിക്ക സമ്മർദം ശക്തമാക്കുന്നതിനിടെയാണ് പുതിയ പരാമർശം.

"റഷ്യയിൽ നിന്ന് എണ്ണ വാങ്ങിക്കൊണ്ട് ഈ യുദ്ധത്തിന് തുടർന്നും സാമ്പത്തിക സഹായം നൽകുന്നത് സ്വീകാര്യമല്ലെന്ന് അദ്ദേഹം (ട്രംപ്) വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ചൈനയുമായി ഇന്ത്യ അടിസ്ഥാനപരമായി ഒപ്പത്തിനൊപ്പമാണെന്ന് അറിയുമ്പോൾ ആളുകൾ ഞെട്ടും. അതൊരു അതിശയകരമായ വസ്തുതയാണ്"- എന്നാണ് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ട്രംപ് ഭരണകൂടത്തിൽ ഏറ്റവും സ്വാധീനമുള്ളവരിൽ ഒരാളുമായ സ്റ്റീഫൻ മില്ലർ പറഞ്ഞത്. ഫോക്സ് ന്യൂസിന്റെ 'സൺഡേ മോണിംഗ് ഫ്യൂച്ചേഴ്സ്' എന്ന പരിപാടിയിലാണ് മില്ലറിന്‍റെ പരാമർശം.

ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 25% തീരുവ ചുമത്തിയെന്നാണ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചത്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനാൽ തീരുവയ്ക്ക് പുറമെ പിഴയും ചുമത്തുമെന്നും ട്രംപ് സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. അമേരിക്കയിൽ കെട്ടിക്കിടക്കുന്ന കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി തേടുകയാണ് ട്രംപെന്ന വിലയിരുത്തലുകൾ വന്നിരുന്നു. തീരുമാനം നടപ്പാക്കിയാൽ ടെക്സ്റ്റൈൽസ് അടക്കം പല ഉത്പന്നങ്ങളുടെയും കയറ്റുമതിയെ ഇത് ബാധിക്കും.

എന്നാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ ഇന്ത്യ ഇതുവരെ തീരുമാനിച്ചിട്ടില്ല. അതേസമയം നേരിട്ട് ട്രംപുമായി കൊമ്പുകോർക്കേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. യുഎസുമായുള്ള വ്യാപാര കരാറിൽ സംയമനം പാലിക്കാനാണ് തീരുമാനം. അമേരിക്കയിൽ നിന്ന് കൂടുതൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തേക്കും. അതേസമയം കാർഷിക, ക്ഷീര ഉത്പന്നങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ട എന്ന നിലപാടിലാണ് ഇന്ത്യ. വ്യാപാര കരാറിന് ഈ മാസം അവസാനം അന്തിമരൂപം ആയേക്കും. മുൻ നിശ്ചയിച്ച ചട്ടക്കൂട് അനുസരിച്ചാകും കരാർ എന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരത്തെക്കുറിച്ച് പരാമർശം അനുവദിക്കില്ലെന്നാണ് തീരുമാനം.

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്