
ആഗോളതലത്തിലുള്ള ഭൗമരാഷ്ട്രീയ പ്രതിസന്ധികളും റിഫൈനറികളിലെ ഉല്‍പാദനക്കുറവും വിമാന ഇന്ധനത്തിന്റെ ലഭ്യതയെ കാര്യമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടെ വിമാനക്കമ്പനികളുടെ ചെലവ് വര്‍ധിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രമുഖ കണ്‍സള്‍ട്ടിങ് സ്ഥാപനമായ മക്കിന്‍സിയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വേനല്‍ക്കാല അവധിയോട് അനുബന്ധിച്ച് യാത്രക്കാരുടെ എണ്ണം കൂടുമെന്നതിനാല്‍ വിമാന ഇന്ധനത്തിന്റെ ആവശ്യകത വര്‍ധിക്കുകയാണ്. എന്നാല്‍ നിലവില്‍ ഇന്ധനശേഖരം വളരെ കുറവാണ്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ മാറ്റങ്ങളാണ് പ്രധാനമായും ഇന്ധനവില വര്‍ധിക്കാന്‍ കാരണമായത്. ഇതിനുപുറമെ, ലോകത്തെ വിമാന ഇന്ധനത്തിന്റെ 40 ശതമാനവും വിതരണം ചെയ്യുന്ന ഗള്‍ഫ്, ഏഷ്യന്‍ രാജ്യങ്ങളിലെ റിഫൈനറികളില്‍ നിന്നുള്ള ഉല്‍പാദനം കുറഞ്ഞതും ഇന്ധന ലഭ്യതയെ ബാധിച്ചു. ഒരു വിമാന ടിക്കറ്റ് നിരക്കിന്റെ ഏകദേശം 30 ശതമാനവും ഇന്ധനച്ചെലവാണ്. അതിനാല്‍ ഇന്ധനവില ഇരട്ടിയാകുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്കില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ക്രൂഡ് ഓയില്‍ വിലയും അതില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഇന്ധനത്തിന്റെ വിലയും തമ്മിലുള്ള വ്യത്യാസത്തെ സൂചിപ്പിക്കുന്ന 'ക്രാക്ക് സ്‌പ്രെഡ്' നിരക്കിലെ മാറ്റവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുന്‍കാലങ്ങളില്‍ ഈ നിരക്ക് ബാരലിന് 20 ഡോളറിലോ അതില്‍ താഴെയോ ആയിരുന്നുവെങ്കില്‍, 2026-ല്‍ ഇത് ശരാശരി 50 ഡോളറിന് മുകളിലേക്ക് എത്താനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ആഗോളതലത്തിലെ പല റിഫൈനറികളും അവയുടെ പരമാവധി ശേഷിയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ പെട്ടെന്നൊരു ഉല്‍പാദന വര്‍ധനവിനുള്ള സാധ്യതയും കുറവാണ്. നിലവില്‍ ലോകത്തുള്ള പഴയ ഇന്ധന ശേഖരം ഉപയോഗിച്ചാണ് ഈ വലിയ വിടവ് ഒരു പരിധിവരെയെങ്കിലും നികത്തുന്നത്.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ ടാങ്കറുകളുടെ ഗതാഗതം വര്‍ധിച്ചാല്‍ ഇന്ധനവില കുറയാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന ലാഭം ലഭിക്കുന്നതിനാല്‍ റിഫൈനറികള്‍ ഉല്‍പാദനം കൂട്ടാന്‍ ശ്രമിക്കുന്നത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. എങ്കിലും, രാജ്യങ്ങള്‍ അവരുടെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനാല്‍, ടാങ്കര്‍ ഗതാഗതം പഴയപടിയായാല്‍ പോലും വിതരണ ശൃംഖല സാധാരണ നിലയിലാകുന്നതുവരെ ഇന്ധനവിലയും ക്രാക്ക് സ്‌പ്രെഡ് നിരക്കും ഉയര്‍ന്ന നിലയില്‍ തന്നെ തുടരാനാണ് സാധ്യതയെന്ന് മക്കിന്‍സി വിലയിരുത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam