ഒരു രാജ്യത്തിന്‍റെയും മധ്യസ്ഥത വേണ്ടെന്ന നിലപാടിലുറച്ച് ഇന്ത്യ, ട്രംപിനെ കാണുന്ന കാര്യത്തിൽ തീരുമാനമായില്ല

Published : May 20, 2025, 10:27 PM IST
ഒരു രാജ്യത്തിന്‍റെയും മധ്യസ്ഥത വേണ്ടെന്ന നിലപാടിലുറച്ച് ഇന്ത്യ, ട്രംപിനെ കാണുന്ന കാര്യത്തിൽ തീരുമാനമായില്ല

Synopsis

പാകിസ്ഥാൻ ഭീകരതയെക്കുറിച്ച് ലോകത്തോട് വിശദീകരിക്കാൻ എംപിമാരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം നാളെ തിരിക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ ഒരു രാജ്യത്തിന്‍റെയും മധ്യസ്ഥത വേണ്ടെന്ന ഉറച്ച നിലപാടാകും ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ വ്യക്തമാക്കുക.

ഡൽഹി: പാക ഭീകരതയെക്കുറിച്ച് ലോകത്തോട് വിശദീകരിക്കാൻ എം പിമാരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം നാളെ തിരിക്കുമ്പോൾ ഒരു രാജ്യത്തിന്‍റെയും മധ്യസ്ഥത വേണ്ടെന്ന നിലപാടിലുറച്ചാണ് ഇന്ത്യ നിൽക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ ഒരു രാജ്യത്തിന്‍റെയും മധ്യസ്ഥത വേണ്ടെന്ന ഉറച്ച നിലപാടാകും ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ വ്യക്തമാക്കുക. യു എന്നിലും മറ്റ് ആഗോള സാമ്പത്തിക സ്ഥാപനങ്ങൾക്ക് മുന്നിലും പാകിസ്ഥാനെ പ്രതിരോധത്തിലാക്കാനുള്ള നീക്കമാണ് പ്രതിനിധിസംഘം നടത്തുക. നാളെയും മറ്റന്നാളുമായി മൂന്ന് സംഘങ്ങളാണ് പുറപ്പെടുന്നത്. ഈ സംഘം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ കാണുന്ന കാര്യത്തിൽ ഇത് വരെ ധാരണയായിട്ടില്ല. പാകിസ്ഥാൻ ജൂലൈയിൽ യു എൻ രക്ഷാ സമിതി അധ്യക്ഷ സ്ഥാനം നേടുന്നതിന് മുമ്പായി എല്ലാ സന്ദർശനങ്ങളും പൂർത്തിയാക്കാനാണ് തീരുമാനം.

വിശദ വിവരങ്ങൾ ഇങ്ങനെ

രാജ്യാന്തര തലത്തിൽ പാകിസ്ഥാനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താനുള്ള നീക്കം സജീവമാക്കുകയാണ് ഇന്ത്യ. പ്രതിപക്ഷ നേതാക്കളടക്കം നയിക്കുന്ന ഏഴ് പ്രതിനിധി സംഘങ്ങളിൽ മൂന്നെണ്ണം നാളെയും മറ്റന്നാളുമായി റഷ്യയും യു എ ഇയുമടക്കമുള്ള പ്രധാനപ്പെട്ട സഖ്യരാജ്യങ്ങളിലേക്ക് യാത്ര തിരിക്കും. ഇവർക്കൊപ്പം വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും. ശ്രീകാന്ത് ഏക്നാഥ് ഷിൻഡെ, സഞ്ജയ് കുമാർ ഷാ, കനിമൊഴി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് ആദ്യം പോകുന്നത്. ഇവരോട് ഇന്ന് പാർലമെന്‍റിൽ വച്ച് വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി, ഇന്ത്യൻ നിലപാട് ലോകവേദിയിൽ അവതരിപ്പിക്കേണ്ടതെങ്ങനെ എന്ന് വിശദീകരിച്ചു. പാകിസ്ഥാനെയും ഇന്ത്യയെയും ഒരേ തട്ടിലല്ല കാണേണ്ടതെന്നും, പാക് ഭീകരതയുടെ ഇരയാണ് ഇന്ത്യ എന്നുമുള്ള നിലപാട് ലോകരാജ്യങ്ങളോട് ഇന്ത്യ ഉന്നയിക്കും. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന് സാമ്പത്തിക സഹായം നൽകരുതെന്ന ആവശ്യം ആഗോള സാമ്പത്തിക സ്ഥാപനങ്ങളുടെ മുന്നിലുയർത്താൻ ഇന്ത്യ വിവിധ രാജ്യങ്ങളുടെ പിന്തുണ തേടും. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന് മുന്നിൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്താൻ സമ്മ‍ർദ്ദം ചെലുത്തും. പഹൽഗാമിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത ദ റസിസ്റ്റൻസ് ഫോഴ്സ് എന്ന ടി ആർ എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ യു എൻ രക്ഷാ സമിതി അംഗങ്ങളുടെ പിന്തുണ തേടും. ചൈനയും പാകിസ്ഥാനുമൊഴികെയുള്ള എല്ലാ യു എൻ രക്ഷാ സമിതി അംഗങ്ങളെയും ഇന്ത്യൻ സംഘങ്ങൾ കാണുന്നുണ്ട്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന നിലപാട് ആവർത്തിക്കുമ്പോഴും ഇതിൽ ഒരു രാജ്യത്തിന്‍റെയും മധ്യസ്ഥത വേണ്ടെന്നതിൽ ഇന്ത്യ ഉറച്ച് നിൽക്കും. സിന്ധുനദീജലക്കരാറിൽ ഒരു പുനഃപരിശോധനയില്ല എന്നും ഇന്ത്യ വ്യക്തമാക്കും. അമേരിക്കയിലെത്തുന്ന ശശി തരൂരിന്‍റെ നേതൃത്വത്തിലുള്ള സംഘം റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് നേതാക്കളെ വെവ്വേറെ കാണും. ട്രംപിനെ കാണുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സര്‍ക്കാര്‍ പ്രതിനിധികള്‍ക്കൊപ്പം പ്രധാന മാധ്യമപ്രവർത്തകരെയും പൗരാവകാശ സംഘടനാ നേതാക്കളേയും ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നവരേയും പ്രതിനിധി സംഘം കാണും. പാകിസ്ഥാൻ ജൂലൈയിൽ രക്ഷാസമിതി അധ്യക്ഷ സ്ഥാനം നേടുന്നതിന് മുമ്പ് സന്ദര്‍ശനം പൂര്‍ത്തിയാക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എസ് ജയശങ്കർ ധാക്കയിലേക്ക്; ബംഗ്ലാദേശുമായുള്ള ബന്ധങ്ങൾ വഷളാകുന്നതിനിടെ നയതന്ത്ര നീക്കം
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു; പുതിയ സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെ സഹപ്രവർത്തകൻ വെടിവെച്ചു കൊന്നു