
ദില്ലി: വടക്കേ ഇന്ത്യയിൽ തുടരുന്ന അതിരൂക്ഷമായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പാകിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നൽകി. രവി, ചെനാബ്, സത്‌ലജ് നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്നും അണക്കെട്ടുകൾ തുറന്ന് നദികളിലേക്ക് അധിക ജലം ഒഴുക്കി വിടേണ്ട സാഹചര്യമാണെന്നും അറിയിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വഴിയാണ് പാകിസ്ഥാനോട് വലിയ നാശനഷ്ടമുണ്ടാകാതിരിക്കാനുള്ള നടപടിയെടുക്കുന്നതിനായി മുന്നറിയിപ്പ് നൽകിയത്.
വടക്കേ ഇന്ത്യയിലുടനീളം തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ താവി നദിയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹിമാലയത്തിൽ നിന്ന് ഉത്ഭവിച്ച് ജമ്മുവിലൂടെ ഒഴുകി പാകിസ്ഥാനിലെ ചെനാബിൽ ചേരുന്നതാണ് താവി നദി. ഈ സാഹചര്യം ചൂണ്ടിക്കാട്ടി ഒന്നിലധികം തവണ ഇന്ത്യ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയെന്ന് പിടിഐ അറിയിക്കുന്നു. ഈ നദികളിലെ പ്രധാന അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തുമെന്നാണ് അറിയിപ്പ്. സിന്ധു ജല ഉടമ്പടി പ്രകാരം പതിവ് ജലവിതരണ വിവരം പാകിസ്ഥാനുമായി പങ്കിടുന്നത് ഇന്ത്യ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എങ്കിലും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇപ്പോൾ അറിയിപ്പ് കൈമാറിയിരിക്കുന്നത്.
ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘങ്ങൾ നടത്തിയ ആക്രമണത്തിൽ വിനോദസഞ്ചാരികളടക്കം 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. ഇതിന് മുൻപ് തന്നെ സിന്ധു നദീജല കരാർ റദ്ദാക്കുന്നതായും ഇന്ത്യ അറിയിച്ചിരുന്നു. പാകിസ്ഥാനെ ഭീകര വിരുദ്ധ നിലപാടെടുക്കാൻ കടുത്ത സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നതിൻ്റെ ഭാഗമായാണ് പിന്നീട് ജല വിതരണ വിവര കൈമാറ്റം അടക്കം നിർത്തിവച്ചത്. ഇതേ തുടർന്ന് പലപ്പോഴായി പാകിസ്ഥാനിൽ പലയിടത്തും വെള്ളം കയറിയിരുന്നു. എങ്കിലും ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഇന്ത്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam