
ദില്ലി: ഇന്ത്യക്ക് പങ്കാളികളെ മതിയെന്നും ഉപദേശകരുടെ ആവശ്യമില്ലെന്നും യൂറോപ്യൻ രാജ്യങ്ങളോട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യുറോപ്യൻ യൂണിയൻ വിദേശ നയവിഭാഗം മേധാവി കയ കലാസ് നടത്തിയ പരാമർശത്തിന് മറുടി നൽകുകയായിരുന്നു മന്ത്രി. സ്വന്തം രാജ്യത്ത് നടപ്പാക്കാത്ത നയങ്ങളാണ് മറ്റുള്ള രാജ്യങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ജയശങ്കർ കുറ്റപ്പെടുത്തി.
ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും, സ്ഥിതി ഗുരുതരമാണെന്നുമായിരുന്നു കയയുടെ പ്രസ്താവന. ഇന്ത്യയുമായുള്ള കൂടുതൽ ആഴത്തിലുള്ള ബന്ധത്തിന് യൂറോപ്പ് പരസ്പര ബഹുമാനത്തോടെയുള്ള താൽപ്പര്യങ്ങൾ പ്രകടിപ്പിക്കണം. സ്വന്തം രാജ്യത്ത് നടപ്പിലാക്കാത്ത കാര്യങ്ങൾ മറ്റ് രാജ്യങ്ങളിൽ നടപ്പാക്കണമെന്ന് പ്രസംഗിക്കുന്നവരെ ഇന്ത്യക്ക് ആവശ്യമില്ലെന്നും എസ് ജയശങ്കർ തുറന്നടിച്ചു.
റഷ്യ യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് ഒരു പരിഹാരം ഉപദേശിക്കാൻ ഇന്ത്യ തയ്യാറായില്ല. എന്നാൽ റഷ്യയെ പങ്കെടുപ്പിക്കാതെ വിഷയം പരിഹരിക്കാനുള്ള ചില പാശ്ചാത്യ രാജ്യങ്ങളുടെ നീക്കം യാഥാർത്ഥ്യ ബോധത്തിന് നിരക്കുന്നതല്ലെന്നും ജയശങ്കർ പറഞ്ഞു. അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാന് മേൽ കൂടുതൽ കടുത്ത നടപടികൾ തുടരുകയാണ് ഇന്ത്യ. സിന്ധു നദീജല കരാറിൽ ബാഗ്ലിഹാർ ഡാമിൽ നിന്ന് ജലമൊഴുക്ക് താൽക്കാലികമായി നിറുത്താനാണ് ഇന്ത്യയുടെ തീരുമാനം. ഇന്നലെ ജലമൊഴുക്ക് കുറച്ചിരുന്നു.
ജലമൊഴുക്ക് കുറക്കുമ്പോഴുണ്ടാകുന്ന സ്ഥിതി പരിശോധിക്കാൻ അൻപതിലധികം എഞ്ചിനീയർമാരെ കശ്മീരിലേക്കയച്ചിട്ടുണ്ട്. നദികളിലെ ജലം ഇന്ത്യയിൽ തന്നെ ഉപയോഗിക്കാനുള്ള പദ്ധതി തയ്യാറാക്കും. കിഷൻഗംഗ ഡാമിൽ നിന്ന് ജലമൊഴുക്ക് തടയുന്നതിന് ഉടൻ നടപടിയെടുക്കുമെന്നാണ് സൂചന. വുളർ തടാക സംരക്ഷണ പദ്ധതി പുനരുജ്ജീവിപ്പിക്കാനും തുൽബുൽ തടയണ നിർമ്മാണം വേഗത്തിൽ തുടങ്ങാനും ആലോചനയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam