ബൊളീവിയക്ക് ഇന്ത്യയുടെ കൈസഹായം 10 കോടി ഡോളർ

By Web TeamFirst Published Mar 30, 2019, 3:42 PM IST
Highlights

ഇതാദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയ സന്ദർശിക്കുന്നത്

ദില്ലി: ബൊളീവിയക്ക് ഇന്ത്യ 10 കോടി ഡോളർ കടമായി നൽകും. ഇരുരാജ്യങ്ങളിലെയും രാഷ്ട്രപതിമാർ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ബൊളീവിയയിലെ സാന്താക്രൂസിലാണ് കൂടിക്കാഴ്ച നടത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബൊളീവിയയിൽ എത്തിയത്.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയ സന്ദർശിക്കുന്നത്. ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറാലെസുമായി വിവിധ വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തിയ ശേഷമാണ് പത്ത് കോടി ഡോളർ സഹായധനമായി പ്രഖ്യാപിച്ചത്.

രാഷ്ട്രീയവും സാമ്പത്തികവുമായ സൗഹൃദം ഇരുരാജ്യങ്ങൾക്കുമിടയിൽ ഊട്ടിയുറപ്പിക്കാൻ ഈ കൂടിക്കാഴ്ചയിലൂടെ തീരുമാനിച്ചിട്ടുണ്ട്. സാംസ്കാരികം, വീസ ഇളവ്, ഖനനം, പരമ്പരാഗത വൈദ്യരംഗം തുടങ്ങിയ വിവിധ രംഗങ്ങളിൽ ഇരു രാജ്യങ്ങളുടെയും തലവന്മാർ തമ്മിൽ കരാർ ഒപ്പുവച്ചിട്ടുണ്ട്.

രാജ്യത്തെ 30 കമ്പനികളിലെ ഉന്നതരും രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം ബൊളീവിയ സന്ദർശിക്കുന്നുണ്ട്. സ്വർണ്ണം, ഖനനം, അടിസ്ഥാന സൗകര്യം, വാഹന നിർമ്മാണം, ഐടി, ഊർജ്ജം തുടങ്ങിയ രംഗങ്ങളിൽ നിന്നുളള കമ്പനികളാണ് രാഷ്ട്രപതിക്കൊപ്പമുളളത്. 

click me!