
ദില്ലി: അനധികൃത കുടിയേറ്റത്തിന്‍റെ പേരിൽ അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരെ യു എസ് നാവിക താവളമായ ഗ്വാണ്ടനാമോയിലെക്ക് അയക്കുന്നതിനോട് വിയോജിച്ച് ഇന്ത്യ. ഗ്വാണ്ടനാമോയിലെക്ക് കുടിയേറ്റക്കാരെ അയക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെടാൻ തീരുമാനിച്ചു. പാനമ, കോസ്റ്ററിക്ക, ഹോണ്ടുറാസ്, ഗ്വാട്ടിമാല, എൽസാൽവദോർ എന്നീ രാജ്യങ്ങളാണ് മറ്റു രാജ്യങ്ങളിലുള്ളവരെ സ്വീകരിക്കാം എന്നറിയിച്ചത്. തിരിച്ചയക്കുന്നവരുടെ എണ്ണം കൂട്ടാനാണ് ഗ്വാണ്ടനോമയിലെ കസ്റ്റഡി കേന്ദ്രങ്ങളിലേക്കും ഇവരെ അയക്കാനുള്ള യു എസ് നീക്കം.
സൈനിക വിമാനങ്ങൾ അനുവദിക്കാമെന്നും ഇന്ത്യക്കാരെ പരമാവധി നേരിട്ട് ഇന്ത്യയിലേക്ക് തന്നെ എത്തിക്കണമെന്നുമാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ചില വിമാന കമ്പനികളുമായി ഇന്ത്യ ചർച്ച നടത്തുന്നുണ്ട്. ഗ്വാണ്ടനോമോയിൽ തടവിലുണ്ടായിരുന്ന 200 വെനിസ്വേല സ്വദേശികൾ അടുത്തിടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നടക്കമുള്ള ഭീകരവാദികളെ അമേരിക്ക പാർപ്പിച്ചിരുന്ന ഗ്വാണ്ടനാമോയിലേക്ക് കുടിയേറ്റക്കാരെ എത്തിക്കുന്നത് തീരെ ശരിയല്ലെന്ന് സർക്കാർ വ്യത്തങ്ങൾ പറഞ്ഞു.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത അമേരിക്കയിൽ നിന്ന് എഫ് 35 വിമാനം വാങ്ങുന്നതിൽ ധാരണയായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചതാണ്. ഈകാര്യത്തിൽ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ ചർച്ച നടന്നു എന്നത് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ എഫ് 35 വാങ്ങാനായുള്ള ഔദ്യോഗിക നടപടികളൊന്നും തുടങ്ങിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ സന്ദർശന വേളക്കിടെ എഫ് - 35 വിമാനങ്ങൾ ഇന്ത്യക്ക് നൽകാൻ തയ്യാറാണെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുദ്ധ വിമാനങ്ങളുടെ അഞ്ചാം തലമുറയിൽ പെട്ട വിമാനമാണ് എഫ് - 35. മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ ഫെബ്രുവരി 14 നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എഫ് 35 വിമാനം ഇന്ത്യക്ക് കൈമാറാൻ തയ്യാരാണെന്ന് പ്രഖ്യാപിച്ചത്. ലോക് ഹീൽഡ് മാർട്ടിൻ എഫ് 35 ലൈറ്റനിങ് ലോകത്തിലെ എണ്ണംപറഞ്ഞ ഫൈറ്റർ ജെറ്റുകളിലൊന്നാണ്. റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ് യു 57 നോട് കിടപിടിച്ചു നിൽക്കുന്ന അമേരിക്കൻ കരുത്താണ് ഈ യുദ്ധ വിമാനം. വിമാനത്തിന്റെ പേരിന് ഒപ്പമുള്ള ലോക് ഹീൽഡ് മാർട്ടിനാണ് വിമാനം വികസിപ്പിച്ചെടുത്തത്. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സൂപ്പർ സോണിക് വിമാനമാണിത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം