
ദില്ലി: 93000 മെട്രിക് ടൺ എൽ പി ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്‍റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. കൂടുതൽ ടാങ്കറുകൾക്ക് അനുമതി കിട്ടാനായി ഇറാനുമായി ചർച്ച തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇറാൻ പ്രസിഡന്‍റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ എൽ പി ജി ടാങ്കറുകൾക്ക് കഴിഞ്ഞതെന്നും കേന്ദ്രം വിവരിച്ചു. ശിവാലിക്, നന്ദ ദേവി എന്നീ ടാങ്കറുകൾ ഇന്നലെ അർധ രാത്രിക്ക് ശേഷം ഹോർമുസ് കടന്നു എന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. ഇവ മാർച്ച് 16, 17 തീയതികളിലായി ഇന്ത്യൻ തീരത്തെത്തുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കടൽ മൈനുകൾ അടക്കം നീക്കാൻ ഇറാൻ സഹകരിച്ചെന്നാണ് സൂചന. ഖത്തറിലെ റാസ് ലഫ്ഫാൻ മേഖലയിൽ നിന്നാണ് ഈ ടാങ്കറുകൾ എൽ പി ജി നിറച്ചത്. ഇനിയും 22 ഇന്ത്യൻ എണ്ണ കപ്പലുകൾ ഹോർമുസ് കടലിടുക്കിന്‍റെ പടിഞ്ഞാറുണ്ട്. ഇവയ്ക്ക് സുരക്ഷിത പാത കിട്ടുന്നതിനും ചർച്ചകൾ നടക്കുകയാണ്. പരിഭ്രാന്തരായി പാചകവാതകം ബുക്ക് ചെയ്യരുത് എന്ന നിർദ്ദേശം കേന്ദ്രം വീണ്ടും നൽകി. പരിഭ്രാന്തി പരത്താനും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനും കോൺഗ്രസ് ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.
ഇന്ത്യയുടെ കൂടുതൽ എൽ പി ജി ടാങ്കറുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ കഴിഞ്ഞാൽ അത് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ സഹായകരാകും. ഇന്ത്യ എന്നും ഇറാന്‍റെ സുഹൃത്തെന്ന് നരേന്ദ്ര മോദി പ്രസിഡന്‍റ് മഹമുദ് പെസഷ്കിയനോട് പറഞ്ഞതായി ഇറാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. കൊച്ചിയിലുണ്ടായിരുന്ന ഇറാനിയൻ നാവികരെയും ഇന്ത്യയിൽ കുടുങ്ങിയ ഇറാൻ പൗരൻമാരെയും ഇന്നലെ പ്രത്യേക വിമാനത്തിൽ തിരികെ കൊണ്ടു പോകാൻ ഇന്ത്യ സൗകര്യം ഒരുക്കിയിരുന്നു. ഗാർഹിക ആവശ്യത്തിനുള്ള എൽ പി ജിയിൽ തല്ക്കാലം ക്ഷാമം ഇല്ല. ഒരു ദിവസം അമ്പത് ലക്ഷം വരെ ബുക്കിംഗ് സ്വീകരിക്കാനുള്ള ശേഷിയാണ് 25000 വരുന്ന ഗ്യാസ് ഏജൻസികൾക്കുള്ളത്. എന്നാൽ ഇന്നലെ ഇത് 87 ലക്ഷം ആയി ഉയർന്നെന്നും ഇതാണ് പരിഭ്രാന്തി ഉണ്ടാക്കുന്നതെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. പെട്രോളിനും ഡീസലിനും ഒരു കുറവുമില്ലെന്നും ഇത് കണ്ടയിനറുകളിൽ ശേഖരിക്കരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. വാണിജ്യ സിലിണ്ടറുകളുടെ മുൻഗണന അടിസ്ഥാനത്തിലുള്ള വിതരണം സംസ്ഥാന സർക്കാരുകൾ തുടങ്ങിയതായും കേന്ദ്രം അറിയിച്ചു. യുദ്ധം എത്രനാൾ നീളും എന്നത് ആർക്കും അറിയാത്ത സാഹചര്യത്തിൽ ഇറാൻ ഇന്ത്യൻ എണ്ണ ടാങ്കറുകളുടെ നീക്കത്തോട് സഹകരിച്ചു തുടങ്ങിയത് കേന്ദ്രസർക്കാരിന് വലിയ ആശ്വാസമാകുകയാണ്. നങ്ങളുടെ ദുരിതം പരമാവധി കുറയ്ക്കാനാണ് സർക്കാർ നോക്കുന്നതെന്നും ഇതിനോട് സഹകരിക്കാതെ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും നരേന്ദ്ര മോദി ആസമിൽ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam