സംഘർഷഭൂമിയിൽ നിന്ന് 2,361 ഇന്ത്യക്കാർ മടങ്ങിയെത്തി; രക്ഷാദൗത്യം വിശദീകരിച്ച് വിദേശകാര്യ മന്ത്രാലയം

Published : Apr 17, 2026, 10:50 PM IST
സംഘർഷഭൂമിയിൽ നിന്ന് 2,361 ഇന്ത്യക്കാർ മടങ്ങിയെത്തി; രക്ഷാദൗത്യം വിശദീകരിച്ച് വിദേശകാര്യ മന്ത്രാലയം

Synopsis

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനിൽ നിന്ന് 2,361 പേരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

ദില്ലി: പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങിയതിന് ശേഷം ഇറാനിൽ നിന്ന് 2,361 പേരെ സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. വെള്ളിയാഴ്ച ദില്ലയിൽ നടന്ന വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇക്കാര്യം അറിയിച്ചത്. ഇങ്ങനെ മടങ്ങിയെത്തിയവരിൽ ഇന്ത്യൻ വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളികളും ഉൾപ്പെടും. ഇവർക്ക് പുറമെ മൂന്ന് വിദേശ പൗരന്മാരെയും ഇന്ത്യ രക്ഷപ്പെടുത്തിയിട്ടുണ്ട്.

"സംഘർഷം തുടങ്ങിയ ശേഷം 2,361 ഇന്ത്യൻ പൗരന്മാരെയാണ് ഇറാനിൽ നിന്ന് സുരക്ഷിതമായി നാട്ടിലെത്തിച്ചത്. ഇതിൽ 2,060 പേർ അർമേനിയ വഴിയും 301 പേർ അസർബൈജാൻ വഴിയുമാണ് മടങ്ങിയത്. തിരിച്ചെത്തിയവരിൽ 1,041 പേർ ഇന്ത്യൻ വിദ്യാർത്ഥികളാണ്. ബംഗ്ലാദേശ്, ശ്രീലങ്ക, ഗയാന എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പൗരന്മാരെയും ഇന്ത്യ സഹായിച്ചിട്ടുണ്ട്. സംഘർഷം തുടങ്ങുമ്പോൾ ഏകദേശം 7,500 ഇന്ത്യക്കാർ ഇറാനിലുണ്ടായിരുന്നു," എന്നും രൺധീർ ജയ്‌സ്വാൾ വിശദീകരിച്ചു.

ഏപ്രിൽ 8-ന് ഇറാനും അമേരിക്കയും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വലിയ രക്ഷാദൗത്യം നടന്നത്. ഇതിന്റെ ഭാഗമായി 312 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കൂടി അർമേനിയ വഴി ഇറാനിൽ നിന്ന് ഇന്ത്യയിലെത്തിച്ചതായി ഏപ്രിൽ 11-ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സ്ഥിരീകരിച്ചിരുന്നു.

രക്ഷാപ്രവർത്തനത്തിന് വലിയ സഹായം നൽകിയ അർമേനിയൻ സർക്കാരിനും വിദേശകാര്യ മന്ത്രി അരാരത്ത് മിർസോയനും എസ്. ജയശങ്കർ എക്സ് പ്ലാറ്റ്‌ഫോമിലൂടെ നന്ദി അറിയിച്ചു. "ഇറാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ അർമേനിയ സഹായിക്കുന്നുണ്ട്" എന്നും അദ്ദേഹം കുറിച്ചു.

ഈ രക്ഷാദൗത്യത്തിന് മുൻപ്, ടെഹ്‌റാനിലെ ഇന്ത്യൻ എംബസി അവിടെയുള്ള പൗരന്മാർക്കായി ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. ഏപ്രിൽ 8-ന് പുറത്തിറക്കിയ നിർദേശത്തിൽ, രാജ്യത്ത് ശേഷിക്കുന്നവർ എംബസിയുമായി ബന്ധപ്പെട്ട് ഉടൻ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു. എംബസിയെ അറിയിക്കാതെ കര അതിർത്തികൾ വഴി രാജ്യം വിടാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പുണ്ടായിരുന്നു. സഹായം ആവശ്യമുള്ളവർക്കായി എമർജൻസി കോൺടാക്റ്റ് നമ്പറുകളും നൽകിയിരുന്നു.

ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ചേർന്ന് ടെഹ്‌റാനിലും മറ്റ് പ്രധാന ഇറാനിയൻ നഗരങ്ങളിലും നടത്തിയ സൈനിക ആക്രമണത്തോടെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഈ ആക്രമണത്തിൽ ഇറാന്റെ അന്നത്തെ പരമോന്നത നേതാവ് അലി ഖമേനിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി, മിഡിൽ ഈസ്റ്റിലെ ഇസ്രായേലി, അമേരിക്കൻ താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. അതോടൊപ്പം ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം ശക്തമാക്കുകയും ചെയ്തു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന് മേൽ കുടുക്കിടണമെന്ന് ലിൻസി ഗ്രാം! കടുത്ത ഉപാധികൾ വയ്ക്കണം; ആണവ പദ്ധതിക്ക് പുറമെ ഹോര്‍മൂസിൽ കണ്ണ് വയ്ക്കരുതെന്ന് നിര്‍ദേശം
ഒന്നും അവസാനിച്ചിട്ടില്ല! ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്; 'ഫേസ് 3' സൂചിപ്പിച്ച് ഡേവിഡ് ബാർണിയ