
ടെൽ അവീവ്: ഇറാനും അമേരിക്കയും തമ്മിലുള്ള ആഴ്ചകൾ നീണ്ട യുദ്ധത്തിന് നേരിയ ശമനമാകുന്നതിനിടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് സൂചിപ്പിച്ച് ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ്. ഇറാനെ ഉള്ളിൽ നിന്ന് അസ്ഥിരപ്പെടുത്തുക എന്നതാകും മൂന്നാം ഘട്ട തന്ത്രമെന്ന് മൊസാദ് ഡയറക്ടർ ഡേവിഡ് ബാർണിയ വ്യക്തമാക്കി. ഭരണമാറ്റത്തോടെ മാത്രമേ ഇറാനിലെ ഇസ്രായേൽ ദൗത്യം അവസാനിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
'മൊസാദ് അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കുകയാണ്. വലിയ സൈനിക നീക്കങ്ങൾക്ക് ശേഷം ഇനിയുള്ളത് ഇറാനിലെ ജനങ്ങൾക്ക് പരമാവധി പിന്തുണ നൽകുക എന്നുള്ളതാണ്. ഭരണകൂടത്തിനുള്ളിൽ പരമാവധി വിള്ളലുകൾ ഉണ്ടാക്കുകയും അവരെ താഴെയിറക്കാൻ പരമാവധി സമ്മർദ്ദം ചെലുത്തുക ചെയ്യുക എന്നിവയാണ് ഇനി ലക്ഷ്യം. ഞാൻ പണ്ട് വിവരിച്ചിട്ടുള്ള 'ഫേസ് 3' ഇതാണ്'. അന്താരാഷ്ട്ര സുരക്ഷാ വിദഗ്ധനും അനലിസ്റ്റുമായ മാർക്ക് ഡുബോവിറ്റ്സ്, ഡേവിഡ് ബാർണിയയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് എക്‌സിൽ കുറിച്ചു.
അമേരിക്കയോടും ഇസ്രായേലിനോടുമുള്ള യുദ്ധത്തിൽ സൈനികപരമായി ഇറാന് കനത്ത നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല, ഇറാൻ ഇപ്പോൾ അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് നാവികസേന ഏർപ്പെടുത്തിയ ഉപരോധമാണ് ഇതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഹോർമുസ് കടലിടുക്കിലെ യുഎസിന്റെ ഉപരോധം നീണ്ടുപോയാൽ അത് കറൻസിയുടെ തകർച്ചയ്ക്കും കടുത്ത പണപ്പെരുപ്പത്തിനും കാരണമാകുമെന്നും വിദേശനാണ്യത്തിന്റെ പ്രധാന സ്രോതസ്സായ എണ്ണ കയറ്റുമതി തടസ്സപ്പെടുന്നത് ഡോളർ വരവ് കുറയ്ക്കുകയും ഇറാന്റെ കറൻസിയായ 'റിയാലിനെ' ദുർബലപ്പെടുത്തുകയും ഇറക്കുമതി ചെലവ് കുത്തനെ കൂട്ടുകയും ചെയ്യുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കറൻസിയുടെ തകർച്ചയും പണപ്പെരുപ്പവുമുണ്ടായാൽ അത്തരമൊരു ആഘാതം രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തെ തകർക്കും. പണപ്പെരുപ്പം വഷളാക്കുകയും, ഇറാനിലെ ജനങ്ങൾക്ക് കടുത്ത സാമ്പത്തിക ദുരിതം സമ്മാനിക്കാനും ഇത് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും തന്ത്രമാണ് സാമ്പത്തിക സമ്മർദ്ദം. നേരിട്ടുള്ള യുദ്ധത്തേക്കാൾ വിനാശകരമാണ് നാവിക ഉപരോധമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഇറാനെ സൈനികമായി പരാജയപ്പെടുത്തുന്നതിലുപരി ഭരണകൂടത്തെ ഉള്ളിൽ നിന്ന് ദുർബലപ്പെടുത്താനാണ് അമേരിക്കയും ഇസ്രായേലും ഇപ്പോൾ ലക്ഷ്യമിടുന്നത്. സൈനിക നടപടികളിൽ നിന്ന് മാറി രഹസ്യമായ നീക്കങ്ങളിലൂടെയും ഇൻഫർമേഷൻ വാർഫെയറിലൂടെയും ആഭ്യന്തര കലാപങ്ങളിലൂടെയും ഇറാനെ തളയ്ക്കാനാണ് ഇനിയുള്ള ശ്രമമെന്നാണ് മൊസാദിന്റെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam