Latest Videos

'പാക്കിസ്ഥാനില്‍ ഹിന്ദു ജനസംഖ്യയില്‍ 93 ശതമാനം വളര്‍ച്ച'; കണക്കുനിരത്തി അവകാശവാദവുമായി പാക്ക് വിദേശകാര്യമന്ത്രാലയം

By Web TeamFirst Published Dec 19, 2019, 8:39 AM IST
Highlights

2017ലെ അവസാന സെന്‍സസ് പ്രകാരം പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ 3.3 ദശലക്ഷമാണ്. 1998ലെ സെന്‍സസില്‍ നിന്ന് 2017ലെത്തുമ്പോള്‍ 93 ശതമാനമാണ് ഹിന്ദു ജനസംഖ്യയിലെ വളര്‍ച്ച.

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യയില്‍ വലിയ ഇടിവ് സംഭവിച്ചെന്ന ആരോപണങ്ങള്‍ തള്ളി പാകിസ്ഥാന്‍ വിദേശ കാര്യ ഓഫീസ്. പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണവും പാക്ക് വിദേശ മന്ത്രാലയം കണക്കുകള്‍ നിരത്തി നിഷേധിച്ചു.

ഇന്ത്യന്‍ സര്‍ക്കാറിന്‍റെയും ബിജെപി നേതാക്കളുടെയും വാദങ്ങള്‍ ഞങ്ങള്‍ തള്ളിക്കളയുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ വരെ ഉന്നയിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പിലൂടെ പാക്ക് വിദേശ മന്ത്രാലയം അഭിപ്രായപ്പെട്ടു.

1947ല്‍ 23 ശതമാനത്തില്‍ നിന്ന് 2011 ആയപ്പോഴേക്കും 3.7 ശതമാനമായി കുറഞ്ഞെന്നായിരുന്നു ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നത്. എന്നാല്‍, 'വിഭജനത്തിന് മുമ്പ് 1941ലെ സെന്‍സസ് പ്രകാരമാണ് പാകിസ്ഥാനില്‍ 23 ശതമാനം ഹിന്ദുക്കള്‍ ഉണ്ടായിരുന്നത്. വിഭജന ശേഷം അത് പിന്നെയും കുറഞ്ഞു. വിഭജനത്തോടെ വലിയ വിഭാഗം ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് കുടിയേറി. ബംഗ്ലാദേശ് വിഭജനത്തോടെ കിഴക്കന്‍ പാകിസ്ഥാനിലെ ഹിന്ദുക്കള്‍ ബംഗ്ലാദേശിലായി. ഈ രണ്ട് കാരണമാണ് 1941ലെ കണക്കില്‍ നിന്ന് ഹിന്ദുക്കളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം. ഇന്ത്യയിലെ നേതാക്കള്‍ ഇത് മറച്ചുവെക്കുകയാണ്, 1951ലെ ആദ്യ സെന്‍സസ് പ്രകാരം ഇപ്പോഴത്തെ പാകിസ്ഥാനിലെ മൊത്തം ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ 3.12 ശതമാനമായിരുന്നു.1998ലെ സെന്‍സസ് പ്രകാരം ന്യൂനപക്ഷ ജനസംഖ്യ 3.72 ശതമാനമായി ഉയര്‍ന്നു. 1951ലെ ഹിന്ദു ജനസംഖ്യ ഏകദേശം 1.5 ശതമാനമായിരുന്നു. 1998ലെത്തിയപ്പോഴേക്കും വളര്‍ച്ചയുണ്ടായി' പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ വിശദീകരിച്ചതിങ്ങനെയാണ്.

 '2017ലെ അവസാന സെന്‍സസ് പ്രകാരം പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ 3.3 ദശലക്ഷമാണ്, 1998ലെ സെന്‍സസില്‍ നിന്ന് 2017ലെത്തുമ്പോള്‍ 93 ശതമാനമാണ് ഹിന്ദു ജനസംഖ്യയിലെ വളര്‍ച്ച'യെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടു. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കാന്‍ പാകിസ്ഥാനിലെ കണക്കുകള്‍ ബിജെപി നേതാക്കള്‍ തെറ്റായി അവതരിപ്പിക്കുകയാണെന്നും ഇതില്‍ അതൃപ്തിയുണ്ടെന്നും പാക് വിദേശകാര്യ ഓഫിസ് വ്യക്തമാക്കി.

click me!