
ജനീവ: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൌണ്‍സിലില്‍ പാകിസ്ഥാനെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ വിദ്വേഷമുളവാക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്നു എന്ന വാദമാണ് ഇന്ത്യ പ്രധാനമായും മുന്നോട്ട് വച്ചത്. യുഎന്‍എച്ച്ആര്‍സി യോഗത്തില്‍ ജനീവയിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പവന്‍കുമാര്‍ ബദ്ഹിയാണ് ഇന്ത്യയുടെ ഭാഗം വിശദീകരിച്ചത്.
ഇസ്ലാമിക രാജ്യങ്ങളുടെ അന്തരാഷ്ട്ര സംഘടന ഒഐസിക്കെതിരെയും ഇന്ത്യ തങ്ങളുടെ ശക്തമായ നിലപാട് വ്യക്തമാക്കി. ജമ്മു കശ്മീര്‍ സംബന്ധിച്ച ഈ സംഘടനയുടെ പ്രസ്താവനയിലാണ് യുഎന്‍എച്ച്ആര്‍സിയില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഈ സംഘടനയ്ക്ക് കശ്മീര്‍ വിഷയം സംബന്ധിച്ച് ഒരു ധാരണയും ഇല്ലെന്ന് ഇന്ത്യ ആരോപിച്ചു.
46 മത് യുഎന്‍എച്ച്ആര്‍സി യോഗത്തിലാണ് ഇന്ത്യ തങ്ങളുടെ വാദങ്ങള്‍ നിര്‍ത്തിയത്. പാകിസ്ഥാന്‍ മനപ്പൂര്‍വ്വം കാര്യങ്ങള്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയ്ക്കെതിരെ വിദ്വേഷ പ്രചാരണത്തിനാണ് ശ്രമം. അവരുടെ നാട്ടിലെ ഗൌരവകരമായ മനുഷ്യാവകാശ പ്രശ്നങ്ങളില്‍ നിന്നും കൌണ്‍സിലിന്‍റെ ശ്രദ്ധ തിരിക്കാന്‍ കൂടിയാണ് ഇത് നടത്തുന്നത്. ആ പ്രശ്നങ്ങള്‍ ഇപ്പോഴും സജീവമാണ് - ഇന്ത്യന്‍ പ്രതിനിധി ആരോപിച്ചു.
ഒഐസി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫ്രന്‍സ്) ജമ്മു കശ്മീര്‍ സംബന്ധിച്ച് നടത്തിയ പ്രസ്താവന ഇന്ത്യ തള്ളിക്കളയുകയാണ്. ജമ്മു കശ്മീര്‍ സംബന്ധിച്ച ഒരു പ്രസ്താവനയും നടത്താനുള്ള വേദിയല്ല അത്. കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഭാഗമാണ്- ഇന്ത്യന്‍ സെക്രട്ടറി പ്രസ്താവിച്ചു.
സാമ്പത്തികമായി ശോഷിച്ച അവസ്ഥയിലാണ് പാകിസ്ഥാന്‍. അതിനാല്‍ സ്വന്തം നാട്ടില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് നല്‍കുന്ന സഹായങ്ങളും അവര്‍ അവസാനിപ്പിക്കണം. യുഎന്‍ കൌണ്‍സിലിലെ അംഗ രാജ്യങ്ങള്‍ തന്നെ വിദേശ മണ്ണിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണയും, യുഎന്‍ തന്നെ പട്ടിക പെടുത്തിയ തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ സംരക്ഷണം നല്‍കുന്നത് സംബന്ധിച്ചും ബോധവന്മാരാണെന്നും ഇന്ത്യ പറഞ്ഞു.
പാകിസ്ഥാന്‍ തീവ്രവാദ ഫാക്ടറിയാണെന്ന് മുന്‍പ് പാക് നേതാക്കള്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. തീവ്രവാദം മനുഷ്യാവകാശത്തെ ഹനിക്കുന്ന ഒരു കാര്യമാണെന്ന് പോലും പാകിസ്ഥാന്‍ അവഗണിക്കുകയാണ്. തീവ്രവാദത്തെ പിന്തുണയ്ക്കുന്നതിലൂടെ പാകിസ്ഥാന്‍ തന്നെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരാകുകയാണ് ഇന്ത്യ തുറന്നടിച്ചു.
ഇന്ത്യയെ കുറ്റപ്പെടുത്തി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൌണ്‍സിലില്‍ യോഗത്തില്‍ പാകിസ്ഥാന്‍ നടത്തിയ പ്രസ്താവനയില്‍ പ്രതികരണം കൂടിയാണ് ഇന്ത്യയുടെ പ്രസ്താവന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam