ദില്ലി: സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭത്തിൽ പ്രതികരണവുമായി ഇന്ത്യ. സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും നേപ്പാളിലുള്ള ഇന്ത്യാക്കാർ ജാഗ്രതയോടെ ഇരിക്കണമെന്നും പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം പ്രക്ഷോഭത്തിൽ യുവാക്കളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റ പ്രക്ഷോഭകാരികൾ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പ്രതികരിച്ചു. നേപ്പാളിൽ പ്രക്ഷോഭം ആളിക്കത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്നും തെരുവിൽ പ്രക്ഷോഭം തുടരുന്ന യുവാക്കൾ മന്ത്രിമാരുടെ വസതികൾക്ക് തീയിട്ടതായാണ് വിവരം. പിന്നാലെ നേപ്പാൾ ആഭ്യന്തര മന്ത്രി രാജിവെച്ചു. പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാക്കൾ ഇന്ന് പ്രക്ഷോഭം തുടരുന്നത്.
ഇന്നലെ പാർലമെൻ്റിലേക്ക് നടന്ന പ്രതിഷേധത്തിന് നേർക്കുണ്ടായ പൊലീസ് വെടിവെപ്പിലാണ് 19 പേർ മരിച്ചത്. 300 ഓളം പേർക്ക് പരിക്കേറ്റിരുന്നു. നേപ്പാൾ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ സൈറ്റുകൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്. രജിസ്റ്റർ ചെയ്യാൻ സോഷ്യൽ മീഡിയ ഭീമന്മാർക്ക് ഓഗസ്റ്റ് 28 മുതൽ ഒരാഴ്ച സമയം നൽകിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി നോട്ടീസും നൽകിയിരുന്നു. എന്നാൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയടങ്ങിയ മെറ്റ, ആൽഫബെറ്റ് (യൂട്യൂബ്), എക്സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ് ഇൻ എന്നിവയൊന്നും ഉത്തരവ് പാലിച്ചില്ല. ഇതേ തുടർന്നായിരുന്നു നടപടി.
അതേസമയം നേപ്പാളിലുള്ള ഇന്ത്യാക്കാർ പ്രദേശിക ഉത്തരവുകൾ പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. നേപ്പാൾ ഉറ്റ സുഹൃത്തും അയൽക്കാരുമാണ്. ഈ നിലയിൽ നേപ്പാളിൽ ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരും സംയമനം പാലിച്ച് സമാധാനപരമായ മാർഗത്തിലേക്ക് മടങ്ങണമെന്നും ഇന്ത്യ അഭ്യർത്ഥിച്ചു. അതിനിടെ നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനം ഇന്നലെ രാത്രി തന്നെ പിൻവലിച്ചിരുന്നു. എന്നിട്ടും ഇന്നും യുവാക്കൾ തെരുവിലിറങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam