പ്രധാനമന്ത്രി മോദിയുടെ ആദ്യ പ്രതികരണം, യുഎഇക്കെതിരായ ആക്രമണത്തെ അപലപിച്ചു; 'ഇന്ത്യക്കാരോടുള്ള കരുതലിന് യുഎഇ പ്രസിഡന്‍റിന് നന്ദി'

Published : Mar 02, 2026, 12:10 AM IST
modi uae

Synopsis

യുഎഇക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ യുഎഇയെ ഐക്യദാർഢ്യം അറിയിച്ചു. യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് മോദി നന്ദി അറിയിച്ചു.

ദില്ലി: യുഎഇ പ്രസിഡന്‍റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഇന്നലെ ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷം രൂക്ഷമായ ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യത്തെ പ്രതികരണമാണിത്. യുഎഇക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ യുഎഇയെ ഐക്യദാർഢ്യം അറിയിച്ചു. യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് മോദി നന്ദി അറിയിച്ചു.

"യുഎഇ പ്രസിഡന്‍റായ എന്‍റെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചു. യുഎഇയിലുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഈ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ യുഎഇയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തോടുള്ള കരുതലിന് അദ്ദേഹത്തിന് നന്ദി പറഞ്ഞു. സംഘർഷം ലഘൂകരിക്കൽ, സുരക്ഷ, സ്ഥിരത എന്നിവയെ ഞങ്ങൾ പിന്തുണയ്ക്കുന്നു"- എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുറിപ്പ്. ഇന്നലെ ഇറാൻ - ഇസ്രയേൽ- യുഎസ് സംഘർഷം രൂക്ഷമായെങ്കിലും പക്ഷം പിടിക്കാതെ കരുതലോടെയായിരുന്നു ഇന്ത്യയുടെ നീക്കം. ഈ സംഘർഷത്തിൽ രാജ്യം ആദ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നതി യുഎഇക്കാണ്.

ഇറാന്‍റെ ആക്രമണം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യു എ ഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മിസൈൽ ആക്രമണ ഭീഷണിയെ തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സ്വകാര്യ - സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' അനുവദിക്കാനും തീരുമാനിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു എ ഇ ഭരണകൂടം അറിയിച്ചു. ദുബായ് ഗ്ലോബൽ വില്ലേജ് അടക്കം താത്ക്കാലികമായി അടച്ചിട്ടുണ്ട്.

ഇനിയും ആക്രമണം ഉണ്ടായാൽ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യു എ ഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അൽ ഹാഷിമി മുന്നറിയിപ്പ് നൽകി. സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി യു എ ഇയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഗൾഫ് മേഖലയിലെ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇന്നലെ മുതൽ ഇറാൻ ആക്രമണം നടത്തുന്നതിന്‍റെ പശ്ചാത്തലത്തിലാണ് യു എ ഇയുടെ കടുത്ത പ്രതികരണം.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആഞ്ഞടിച്ച് അമേരിക്ക, മാരക ബി 2 ബോംബർ പ്രയോഗിച്ചു, ഇറാന്‍റെ മിസൈൽ ശേഖരം തകർത്തെന്ന് അവകാശവാദം; 9 സൈനിക കപ്പലുകൾ തകർത്തെന്ന് ട്രംപ്
ഖത്തറിലെ ഇറാൻ ആക്രമണത്തിൽ മലയാളിക്ക് പരിക്ക്; അവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദേശം