
വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാര കരാർ ചർച്ചകൾ അടുത്തയാഴ്ചയെന്ന് അമേരിക്ക. വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ അമേരിക്കയിലേക്ക് ക്ഷണിച്ചെന്ന് പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോർ അറിയിച്ചു. അമേരിക്കയുടെ പ്രധാന സുഹൃത്താണ് ഇന്ത്യയെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു.
ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്നും അടുത്ത സുഹൃത്തായ മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര തടസങ്ങള്‍ നീക്കാനുളള ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പ്രതികരിച്ചു- 'ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ഇന്ത്യയും യുഎസും തുടരുന്നുണ്ടെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തിലെത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്'- ട്രംപ് കുറിച്ചു
അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാൻ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളും അടുത്ത സുഹൃത്തുക്കളുമാണെന്നും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിക്കായി യോജിച്ചു നീങ്ങുമെന്നും മോദി അറിയിച്ചു. വഴിമുട്ടിയ ഇന്ത്യ - അമേരിക്ക വ്യാപാര ചർച്ചകൾ അടുത്തയാഴ്ച വീണ്ടും തുടങ്ങുകയാണ്. ഇന്ത്യൻ സംഘം അമേരിക്കയിലേക്ക് പോകും. നേരത്തെ കാർഷികോൽപ്പന്നങ്ങളുടെ കാര്യത്തിലാണ് സമവായത്തിൽ എത്താൻ കഴിയാതിരുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന്‍റെ പേരിൽ അമേരിക്ക ഇന്ത്യയ്ക്ക് അധിക തീരുവ ഏർപ്പെടുത്തിയതോടെ ചർച്ചകൾ വഴിമുട്ടുന്ന സാഹചര്യത്തിലെത്തി. എന്നാൽ ഏറ്റവും ഒടുവിൽ കടുംപിടുത്തത്തിൽ നിന്ന് ട്രംപ് പിന്നോട്ടു പോവുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam