
കൊളംബോ: 3500 കോടിയുടെ കൂടി അടിയന്തര സഹായം അനുവദിക്കാൻ ഇന്ത്യ (India) സന്നദ്ധത അറിയിച്ചതായി ശ്രീലങ്ക (Sri Lanka). ഐ എം എഫിൽ നിന്ന് ലങ്ക സഹായം തേടിയിട്ടുണ്ടെങ്കിലും അത് കിട്ടാൻ ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് ലങ്കൻ ധനമന്ത്രാലയം വ്യക്തമാക്കി. ഈ കാലയളവിൽ ഇന്ധനം അടക്കമുള്ള അവശ്യ സാധനങ്ങൾ വാങ്ങാനാണ് വായ്പ.
അതിനിടെ പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ രജപക്സെ സഹോദരന്മാർക്ക് ഇടയിൽ ഭിന്നത രൂക്ഷമായതായി റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും പ്രസിഡന്റ് ഗോത്തബയ രാജപക്സെയും തമ്മിൽ വിവിധ വിഷയനഗളിൽ ശക്തമായ അഭിപ്രായ ഭിന്നത ഉണ്ടെന്നാണ് ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഐഎംഎഫ് വായ്പ നേടിയെടുക്കാൻ ശ്രീലങ്കയെ സഹായിക്കുമെന്ന് ഇന്ത്യ
കൊളംബോ: ശ്രീലങ്കയ്ക്ക് ഐഎംഎഫിൽ നിന്ന് അടിയന്തിര വായ്പാ സഹായം കിട്ടാൻ എല്ലാ പിന്തുണയും നൽകുമെന്ന് ഇന്ത്യ. വാഷിംഗ്ടണിൽ ഐഎംഎഫ് ആസ്ഥാനത്ത് ലങ്കൻ ധനകാര്യ മന്ത്രി അലി സാബ്രിയുമായി ധനമന്ത്രി നിർമല സീതാരാമൻ ചർച്ച നടത്തി. നിബന്ധനകൾ കുറഞ്ഞ വായ്പ അതിവേഗം കിട്ടാൻ ഇന്ത്യയുടെ പിന്തുണ വേണമെന്ന് ലങ്കൻ ധനമന്ത്രി അഭ്യർത്ഥിച്ചു. അതിനിടെ ലങ്കയിൽ പ്രതിഷേധക്കാർക്ക് നേരെ നടന്ന വെടിവയ്പ്പിൽ അമേരിക്കയും ഐക്യരാഷ്ട്രസഭയും ആശങ്ക രേഖപ്പെടുത്തി. ഇന്നലത്തെ വെടിവെപ്പോടെ കൂടുതൽ പാർട്ടികൾ രജപക്സെ സഹോദരന്മാരുടെ രാജി ആവശ്യപ്പെട്ട്രംഗത്തെത്തിയിട്ടുണ്ട്.
മൂന്ന് ശ്രീലങ്കൻ അഭയാർത്ഥികൾ കൂടി തമിഴ്നാട് തീരത്തെത്തി. അമ്മയും രണ്ട് കുട്ടികളുമാണ് എത്തിയത്. ഇതോടെ ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലെത്തിയ അഭയാർത്ഥികളുടെ എണ്ണം 42 ആയി. ധനുഷ്കോടിയിലെത്തിയ ഇവരെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം മണ്ഡപം അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി.
ശ്രീലങ്കയിൽ പണപ്പെരുപ്പവും വിലക്കയറ്റവും ക്ഷാമവും അക്രമവും സുരക്ഷാസേനയുടെ നടപടികളും തുടരുന്നതിനിടെ കൂടുതൽ പേർ സുരക്ഷയേതുമില്ലാത്ത പഴഞ്ചൻ ബോട്ടുകളിൽ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം തുടരുകയാണ്. തമിഴ് അഭയാർത്ഥികളെ സംരക്ഷിക്കും എന്ന തമിഴ്നാട് സർക്കാരിന്‍റെ നിലപാടാണ് അപകടസാധ്യതയേറെയാണെങ്കിലും ബോട്ട് യാത്രയിൽ ഭാഗ്യം പരീക്ഷിക്കാൻ ഇവർക്ക് പ്രേരണ. പാക് കടലിടുക്കിലും രാമേശ്വരം തീരത്തെ ഒറ്റപ്പെട്ട ദ്വീപുകളിലും തീരസംരക്ഷണസേനയുടെ നിരീക്ഷണവും ശക്തമായി തുടരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam