ഖത്തറിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി എംബസി, എല്ലാ ദിവസവും പാസ്‌പോർട്ട് സേവനങ്ങൾ ഉണ്ടാകും

Published : Mar 12, 2026, 10:54 AM IST
indian embassy qatar

Synopsis

ഖത്തറിലെ വിമാന സർവീസ് തടസ്സങ്ങളെ തുടർന്ന് കുടുങ്ങിയ ഇന്ത്യൻ പൗരന്മാർക്ക് സഹായവുമായി ഇന്ത്യൻ എംബസി രംഗത്ത്. പാസ്‌പോർട്ട് സേവനങ്ങൾ വേഗത്തിലാക്കിയും, പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയും, സൗദി അറേബ്യ വഴി കരമാർഗം പോകാൻ സൗകര്യമൊരുക്കിയുമാണ് എംബസി പ്രതിസന്ധിയിൽ ആശ്വാസമാകുന്നത്.  

ദോഹ: ഖത്തറിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെയും വിമാന സർവീസുകളിലെ തടസ്സങ്ങളുടെയും പശ്ചാത്തലത്തിൽ ഖത്തറിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി ഇന്ത്യൻ എംബസി. ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായി എംബസി ആഴ്ചയിൽ എല്ലാ ദിവസവും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ പാസ്‌പോർട്ട് സംബന്ധമായ അടിയന്തര സേവനങ്ങൾക്ക് മുൻഗണന നൽകികൊണ്ട് എംബസി ആഴ്ചയിൽ ഏഴ് ദിവസവും പ്രവർത്തിക്കുന്നുണ്ട്. പാസ്‌പോർട്ടുകൾ വേഗത്തിൽ നൽകുന്നതോടൊപ്പം തത്കാൽ പാസ്‌പോർട്ടുകൾ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ നൽകാനുള്ള ക്രമീകരണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് ഖത്തറിൽ കുടുങ്ങിയ 500-ലധികം ഇന്ത്യക്കാർ കഴിഞ്ഞ ദിവസം ഖത്തർ എയർവേയ്‌സിന്റെ പ്രത്യേക വിമാനങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങി. മാർച്ച് 12-ന് ന്യൂഡൽഹിയിലേക്കും മുംബൈയിലേക്കും ഓരോ അധിക വിമാനങ്ങൾ കൂടി സർവീസ് നടത്തും.

ഹയ്യ A1 വിസയിൽ എത്തി വിമാന സർവീസുകൾ റദ്ദാക്കിയത് കാരണം കുടുങ്ങിപ്പോയ സന്ദർശകർക്കായി ഇന്ത്യൻ എംബസി പ്രത്യേക ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്ക് സ്ഥാപിച്ചിട്ടുണ്ട്. ഖത്തറിൽ കുടുങ്ങിപ്പോയവരുടെ എണ്ണം കണക്കാക്കി തുടർനടപടികൾ സ്വീകരിക്കുന്നതിനാണ് ഈ നടപടി. ഖത്തറിലെ വിസ കാലാവധി കഴിഞ്ഞവർക്ക് നിലവിൽ ഒരു മാസത്തെ ഇളവ് അധികൃതർ അനുവദിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ, ഖത്തർ വിടേണ്ടവർക്ക് സൽവ അതിർത്തി വഴി കരമാർഗ്ഗം സൗദി അറേബ്യയിലേക്ക് പോകാനുള്ള സൗകര്യം നിലവിലുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

യു.എസ്, യു.കെ, അല്ലെങ്കിൽ ഷെങ്കൻ വിസ(കുറഞ്ഞത് ഒരു തവണയെങ്കിലും ഉപയോഗിച്ചിട്ടുള്ളവ) കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് സൗദി അറേബ്യയിൽ ഓൺ-അറൈവൽ വിസ ലഭിക്കും. സൗദി അറേബ്യ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റ് ഇന്ത്യൻ പൗരന്മാർക്ക് ഉചിതമായ നടപടിക്രമങ്ങൾ അനുസരിച്ച് സൗദി വിസയ്ക്ക് അപേക്ഷിക്കാം.

അതേസമയം, ഖത്തറിൽ ട്രാൻസിറ്റിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാർക്ക് സൗദി അറേബ്യ വഴി യാത്ര ചെയ്യുന്നതിനായി താൽക്കാലിക ട്രാൻസിറ്റ് വിസ ലഭ്യമാക്കാൻ പ്രത്യേക രജിസ്ട്രേഷൻ ലിങ്ക് ഇന്ത്യൻ എംബസി തുറന്നിട്ടുണ്ട്. സൗദി അറേബ്യയിൽ നിന്ന് പുറത്തേക്ക്‌ യാത്ര ചെയ്യാനുള്ള സ്ഥിരീകരിച്ച ടിക്കറ്റുകൾ കൈവശമുള്ളവർക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക. അപേക്ഷകർ ഖത്തറിലേക്ക് എത്തിയ വിമാന ടിക്കറ്റിന്റെ പകർപ്പും സൗദിയിൽ നിന്നുള്ള യാത്രയുടെ സ്ഥിരീകരിച്ച ടിക്കറ്റും രജിസ്ട്രേഷൻ സമയത്ത് സമർപ്പിക്കണം. നിലവിലെ സാഹചര്യത്തിൽ യാത്ര തടസ്സപ്പെട്ടവർക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ നടപടി.

ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഇന്ത്യൻ കമ്മ്യൂണിറ്റിയോട് എംബസി ആവശ്യപ്പെട്ടു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും സുരക്ഷിതമായ ഇടങ്ങളിൽ തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു. സംശയങ്ങൾ ദൂരീകരിക്കുന്നതിനും അടിയന്തര സഹായങ്ങൾക്കുമായി എംബസിയുടെ മൂന്ന് ഹെൽപ്പ്‌ലൈൻ നമ്പറുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗികമായി നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ അതീവ ഗൗരവത്തോടെ പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും എംബസി നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൗരന്മാരോട് നിർദ്ദേശിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാനുമായി സഖ്യം പക്ഷേ, യുദ്ധത്തിൽ പ്രത്യക്ഷ സഹായം നൽകാതെ ചൈനയും റഷ്യയും
പശ്ചിമേഷ്യൻ സംഘർഷം: കടലിൽ വീണ്ടും ഇറാൻ്റെ കനത്ത പ്രഹരം; അമേരിക്കയുടെ അടക്കം രണ്ട് ചരക്ക് കപ്പലുകൾ തകർത്തു, നിരവധി പേരെ കാണാതായി